ദീപാവലിക്ക് ട്രെയിൻ കിട്ടാതിരിക്കില്ല; മൊത്തം 10,782 ട്രിപ്പുകൾ; 2,000 അൺറിസർവ്ഡ് സർവീസുകൾ; തയ്യാറെടുപ്പുകളുമായി ഇന്ത്യൻ റെയിൽവേ

Oct 11, 2025 - 22:52
ദീപാവലിക്ക് ട്രെയിൻ കിട്ടാതിരിക്കില്ല; മൊത്തം 10,782 ട്രിപ്പുകൾ; 2,000 അൺറിസർവ്ഡ് സർവീസുകൾ; തയ്യാറെടുപ്പുകളുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: വരാനിരിക്കുന്ന ദീപാവലി, ഛഠ് ഉത്സവങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 763 പ്രത്യേക പൂജാ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ . വിവിധ സോണുകളിലായി 10,782 ട്രിപ്പുകളാണ് ഈ ട്രെയിനുകൾ നടത്തുന്നത്. ഉത്സവ സീസണിൽ വിവിധ നഗരങ്ങളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന മലയാളികൾ അടക്കമുള്ള യാത്രക്കാർക്ക് ഇത്തവണ കൂടുതൽ യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കും.

ചില ട്രെയിനുകൾ ഇതിനോടകം സർവീസ് ആരംഭിച്ചിട്ടുണ്ട്. മറ്റു ചിലത് വരും ദിവസങ്ങളിൽ യാത്രക്കാരുടെ ആവശ്യം വർദ്ധിക്കുന്നതിനനുസരിച്ച് സർവീസ് ആരംഭിക്കും. ഈ ട്രെയിനുകൾ പ്രതിദിനവും പ്രതിവാരവും സർവീസ് നടത്തും. റെയിൽവേ ലൈനുകളുടെ ശേഷി വർദ്ധിപ്പിച്ചതു കൊണ്ടാണ് ഇത്രയധികം പ്രത്യേക ട്രെയിനുകൾ ഓപ്പറേറ്റ് ചെയ്യാൻ സാധിച്ചതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച പറഞ്ഞു. "ഛഠ്, ദീപാവലി ആഘോഷങ്ങൾക്കായി റെക്കോർഡ് എണ്ണം പ്രത്യേക ട്രെയിനുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇത് റെയിൽവേ ലൈനുകളുടെ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതുകൊണ്ടാണ് സാധ്യമായത്," വൈഷ്ണവ് പറഞ്ഞു.

ഏകദേശം 10,700 ട്രെയിൻ സർവീസുകളുടെ അറിയിപ്പുകൾ ഇതിനകം പുറത്തിറക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കൂടാതെ, 150 ട്രെയിനുകൾ അഥവാ ഏകദേശം 2,000 സർവീസുകൾ റിസർവേഷൻ ഇല്ലാത്തവയായി നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ ഈ വർഷത്തെ പ്രത്യേക സർവീസുകളുടെ ആകെ എണ്ണം 12,000ലധികമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0