അമ്മയെ പുറന്തള്ളിയ മകനെ പുറത്താക്കി ഹൈക്കോടതി; കൊച്ചുമകൾ അറസ്റ്റിൽ; വീട് അമ്മയ്ക്ക്; എല്ലാവർക്കും പാഠമെന്ന് മാതാവ്
അമ്മയെ പുറന്തള്ളിയ മകനെ പുറത്താക്കി ഹൈക്കോടതി; കൊച്ചുമകൾ അറസ്റ്റിൽ; വീട് അമ്മയ്ക്ക്; എല്ലാവർക്കും പാഠമെന്ന് മാതാവ്

അമ്മയെ പുറത്താക്കിയ മകന് വീട്ടിൽ നിന്ന് പുറത്തിറക്കി ഹൈക്കോടതി. കോടതി ഉത്തരവ് പ്രകാരമാണ് നടപടി. റവന്യൂ ഉദ്യോഗസ്ഥരെത്തി നടപടികൾ പൂർത്തീകരിക്കുകയായിരുന്നു.
ഹൈലൈറ്റ്:
- രാധ തന്റെ മകളുടെ വീട്ടിലാണ് ഏഴ് വർഷമായി കഴിഞ്ഞിരുന്നത്
- ശാരീരികവും മാനസികവുമായ പീഡനം മകനിൽ നിന്ന് നേരിട്ടിരുന്നു
- വാർദ്ധക്യത്തിൽ മാതാപിതാക്കളെ നോക്കാത്ത എല്ലാ മക്കൾക്കും ഇതൊരു പാഠമാണെന്ന് അമ്മ
തിരൂരങ്ങാടി: അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനെ റവന്യൂ ഉദ്യോഗസ്ഥർ ഇടപെട്ട് വീട്ടിൽ നിന്ന് പുറത്താക്കി. അമ്മയ്ക്ക് വീട് തിരികെ നൽകുകയും ചെയ്തു. ഹൈക്കോടതി ഉത്തരവാണ് വയോധികയ്ക്ക് തുണയായത്. മലപ്പുറം തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം. തൃക്കുളം അമ്പലപ്പടി സ്വദേശി തണ്ടാശ്ശേരി വീട്ടിൽ കുമാരന്‍റെ ഭാര്യ രാധ എന്ന 78കാരിയെയാണ് മകൻ സുരേഷ് കുമാർ വീട്ടിൽ നിന്ന് പുറത്താക്കിയത്. ഈ വീടിരിക്കുന്ന സ്ഥലം രാധയുടെ പേരിലുള്ളതാണ്. വീട് പണിതത് മകനും.
തന്നെ പുറത്താക്കിയായി ആർഡിഒയ്‌ക്ക് രാധ പരാതി നല്‍കിയിരുന്നു. 2021ലാണ് ഈ സംഭവം. മകനിൽ നിന്ന് ഏഴ് വര്‍ഷത്തോളമായി ശാരീരിക ഉപദ്രവങ്ങൾ നേരിടുകയാണെന്ന് രാധ പരാതിയിൽ പറഞ്ഞു. ഈ പരാതിയെ ചോദ്യം ചെയ്‌ത് മകൻ ജില്ലാ കളക്‌ടറെ സമീപിച്ചെങ്കിലും ജില്ലാ കളക്‌ടറും അമ്മയ്‌ക്ക് അനുകൂലമായി ഉത്തരവിട്ടു. ഇതോടെ സുരേഷ് കുമാര്‍ ഹൈക്കോടതിയെ സമീച്ചു.
കേസിൽ ഹൈക്കോടതി അമ്മയ്‌ക്ക് അനുകൂലമായാണ് വിധി നൽകിയത്. ഹൈക്കോടതി വിധി പ്രകാരം സുരേഷ് കുമാര്‍ വീട് മാറേണ്ടതുണ്ടായിരുന്നു. ഇതിനായി അദ്ദേഹത്തിന് അഞ്ച് ദിവസം സമയം അനുവദിച്ചു. മകൻ മാറാത്തതിനെ തുടർന്ന് ആർഡിഒ ദിലീപിന്റെ നേതൃത്വത്തിലുള്ള ഉന്നത റവന്യു ഉദ്യോഗസ്ഥരും തിരൂരങ്ങാടി പൊലീസും വീട്ടിലെത്തുകയായിരുന്നു.
മാതാപിതാക്കളെ ഉപേക്ഷിച്ചാൽ നിയമം വെറുതെ വിടില്ല
മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ മുതിർന്ന പൗരരുടെ സംരക്ഷണവും ക്ഷേമവും നിയമം (2007) പ്രകാരം ക്രിമിനൽനടപടി എടുക്കാവുന്നതാണ്. ഈ നിയമത്തിന്റെ വകുപ്പ് 24 പ്രകാരം മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കുന്ന മക്കൾക്കോ സംരക്ഷിച്ചിരുന്ന അടുത്തബന്ധുകൾക്കോ മൂന്നുമാസം തടവോ പിഴയോ ലഭിക്കും. മുതിർന്നസ്ത്രീകളുടെ അവകാശങ്ങൾ ലംഘിച്ചാൽ ഗാർഹികപീഡനനിരോധന നിയമപ്രകാരം കേസുണ്ടാകും. ഇതേ നിയമപ്രകാരം തന്നെ സ്ത്രീകൾക്കുനേരേയുള്ള അതിക്രമങ്ങൾക്കെതിരെയും നടപടിയെടുക്കാം. മുതിർന്നസ്ത്രീകൾക്ക് മക്കളിൽനിന്നും മരുമക്കളിൽനിന്നും നേരിടുന്ന ഗാർഹികപീഡനങ്ങൾക്കെതിരേയും കേസെടുക്കാൻ ഈ നിയമത്തിൽ വകുപ്പുകളുണ്ട്.
What's Your Reaction?






