അവസാന 5 ദിനങ്ങളിലും മുന്നേറ്റം; വരുന്ന ആഴ്ചയിലും ഈ 4 ഓഹരികൾ നേട്ടം ആവർത്തിക്കുമോ?
അവസാന 5 ദിനങ്ങളിലും മുന്നേറ്റം; വരുന്ന ആഴ്ചയിലും ഈ 4 ഓഹരികൾ നേട്ടം ആവർത്തിക്കുമോ?

ഇന്ത്യ - പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂപപ്പെട്ട പശ്ചാത്തലത്തിൽ കടുത്ത ചാഞ്ചാട്ടം നേരിടുന്നുണ്ടെങ്കിലും ഇതിനെയൊക്കെ അതിജീവിച്ച് പിടിച്ചുനിൽക്കാനുള്ള ആഭ്യന്തര ഓഹരി വിപണിയുടെ ശ്രമവും പ്രകടമാണ്. കടന്നുപോയ വ്യാപാര ആഴ്ചയിൽ പ്രധാന ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും ഒരു ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കിയാണ് ക്ലോസ് ചെയ്തത്. അവസാന അഞ്ച് വ്യാപാര ദിനങ്ങളിൽ മൂന്ന് തവണയാണ് പ്രധാന സൂചികകൾ നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കിയത്.
എന്നാൽ കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലും നേട്ടം കരസ്ഥമാക്കി ക്ലോസിങ് രേഖപ്പെടുത്തിയ ഓഹരികളും ഇവിടെയുണ്ട്. നവീൻ ഫ്ലൂഫിൻ ഇന്റർ നാഷണൽ, ഇൻഡസിൻഡ് ബാങ്ക്, ഇൻഫോസിസ്, അനുപം രാസായൻ തുടങ്ങിയ ബിഎസ്ഇ-500 സൂചികയിൽ ഉൾപ്പെട്ട നാല് ഓഹരികളാണ് അവസാന അഞ്ച് വ്യാപാര ദിനങ്ങളിലും നേട്ടം സ്വന്തമാക്കി പോസിറ്റീവ് ക്ലോസിങ് രേഖപ്പെടുത്തിയത്. ഇതിന്റെ വിശദാംശം ചുവടെ ചേർക്കുന്നു.
നവീൻ ഫ്ലൂറീൻ ഇന്റർനാഷണൽ
റെഫ്രിജറേഷൻ ഗ്യാസ്, ഇനോർഗാനിക് ഫ്ലൂറൈഡ്, സ്പെഷ്യാൽറ്റി ഓർഗാനോഫ്ലൂറിൻ എന്നിവ നിർമിക്കുന്ന പ്രമുഖ കെമിക്കൽ കമ്പനിയാണ് നവീൻ ഫ്ലൂറീൻ ഇന്റർനാഷണൽ ലിമിറ്റഡ് (BSE: 532504, NSE: NAVINFLUOR). അവസാന അഞ്ച് വ്യാപാര ദിനങ്ങളിലും നേട്ടത്തോടെ ക്ലോസിങ് രേഖപ്പെടുത്തിയ ഈ സ്മോൾ ക്യാപ് ഓഹരിയുടെ വിപണി വില അഞ്ച് ശതമാനം വർധന കൈവരിച്ചു. അതുപോലെ ഈ വർഷം ഇതുവരെയുള്ള കാലയളവിൽ 40 ശതമാനത്തോളം നേട്ടവും ഈ ഓഹരിയിൽ കുറിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 4,539 രൂപയിലാണ് നവീൻ ഫ്ലൂറീൻ ഇന്റർനാഷണൽ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ഇൻഡസിൻഡ് ബാങ്ക്
രാജ്യത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര ബാങ്കിങ് സ്ഥാപനമാണ് ഇൻഡസിൻഡ് ബാങ്ക് ലിമിറ്റഡ് (BSE: 532187, NSE: INDUSINDBK). ഹിന്ദുജ ഗ്രൂപ്പാണ് ബാങ്കിന്റെ മുഖ്യ പ്രൊമോട്ടർ. അതേസമയം കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലും മുന്നേറ്റം രേഖപ്പെടുത്തിയ ഇൻഡസിൻഡ് ബാങ്ക് ഓഹരിയുടെ വിപണി വിലയിൽ നാല് ശതമാനം മുന്നേറ്റവും കുറിച്ചു. എന്നാൽ 2025-ൽ ഇതുവരെയുള്ള കാലയളവിൽ 12 ശതമാനത്തിലധികം തിരുത്തൽ ഈ ഓഹരിയിൽ നേരിട്ടു. ബാങ്കിന്റെ ഡെറിവേറ്റ് പോർട്ട്ഫോളിയോ അക്കൗണ്ടിൽ കണ്ടെത്തിയ ക്രമക്കേടുകളെ തുടർന്നുള്ള തിരിച്ചടിയാണ് കാരണം. കഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ 852 രൂപയിലായിരുന്നു ഇൻഡസിൻഡ് ബാങ്ക് ഓഹരി ക്ലോസ് ചെയ്തത്.
അനുപം രസായൻ
സ്പെഷ്യാൽറ്റി കെമിക്കൽസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണ് അനുപം രസായൻ ഇന്ത്യ ലിമിറ്റഡ് (BSE: 543275, NSE: ANURAS). അവസാന അഞ്ച് വ്യാപാര ദിനങ്ങളിലും നേട്ടത്തോടെ ക്ലോസിങ് രേഖപ്പെടുത്തിയ ഈ കെമിക്കൽ ഓഹരിയുടെ വിപണി വില മൂന്ന് ശതമാനം വർധന കൈവരിച്ചു. അതുപോലെ ഈ വർഷം ഇതുവരെയുള്ള കാലയളവിൽ 20 ശതമാനത്തിലധികം നേട്ടവും ഈ ഓഹരിയിൽ കുറിച്ചു. വെള്ളിയാഴ്ച 871 രൂപ നിലവാരത്തിലാണ് അനുപം രസായൻ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
What's Your Reaction?






