സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളുമായി ‘ഇന്ത്യൻ സിനിമ നൗ’; മേളയിൽ പ്രദർശിപ്പിക്കുക 7 ചിത്രങ്ങൾ

റിപ്പോർട്ട് :ബൈഷി കുമാർ

Dec 12, 2025 - 13:51
സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളുമായി ‘ഇന്ത്യൻ സിനിമ നൗ’; മേളയിൽ പ്രദർശിപ്പിക്കുക 7 ചിത്രങ്ങൾ

30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘ഇന്ത്യൻ സിനിമ നൗ’ വിഭാഗത്തിൽ സിനിമ പ്രേമികളുടെ മുന്നിലേക്കെത്തുക ഏഴ് ഇന്ത്യൻ സിനിമകൾ. അനൂപ് ലോക്കുർ സംവിധാനം ചെയ്ത ‘ഡോണ്ട് ടെൽ മദർ’, രവിശങ്കർ കൗശിക്കിന്റെ ‘ഫ്ലെയിംസ്’, തനിഷ്ഠ ചാറ്റർജിയുടെ ‘ഫുൾ പ്ലേറ്റ്’, പ്രഭാഷ് ചന്ദ്രയുടെ ‘ഹാർത്ത് ആൻഡ് ഹോം’, ഇഷാൻ ഘോഷിന്റെ ‘മിറാഷ്’, അനുപർണ റോയ് സംവിധാനം ചെയ്ത ‘സോങ്സ് ഓഫ് ഫോർഗോട്ടൻ ട്രീസ്’, നിഷാന്ത് കാളിന്ദിയുടെ ‘തിയറ്റർ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുക.

അനൂപ് ലോക്കുർ സംവിധാനം ചെയ്ത കന്നഡ ചിത്രമാണ് ‘ഡോണ്ട് ടെൽ മദർ’. 1990-കളിലെ ബെംഗളൂരു നഗരത്തിൽ ഒരു കുട്ടി നേരിടുന്ന അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ബുസാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ലോക പ്രീമിയർ വിഭാഗത്തിൽ ‘ഡോണ്ട് ടെൽ മദർ’ പ്രദർശിപ്പിച്ചിരുന്നു.

ഹരിയാനയിലെ വർഗീയകലാപത്തിൽ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട തൻ്റെ മകൻ്റെ രക്ഷക്കായി നാടുവിടാൻ നിർബന്ധിതനാകുന്ന മഹേഷ് എന്ന മൂകനായ കൃഷിക്കാരന്റെ കഥ പറയുന്ന ചിത്രമാണ് രവി ശങ്കർ കൗശിക് സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ‘ഫ്ലെയിംസ്’. ഹിന്ദി ചിത്രമാണ്

തനിഷ്ഠ ചാറ്റർജി സംവിധാനം ചെയ്ത ‘ഫുൾ പ്ലേറ്റും’. ഭർത്താവിൻ്റെ അപകടത്തിനുശേഷം ഗൃഹസ്ഥയായ ഒരു സ്ത്രീ അവരുടെ പാചകത്തെ ഉപജീവനമാർഗമായി മാറ്റുന്ന കഥയാണിത്. പുതിയ ഉദ്യമത്തിൽ അവർക്ക് നേരിടേണ്ടിവരുന്ന സംഘർഷത്തെക്കുറിച്ചും സിനിമ വിവരിക്കുന്നു. വെനീസ് ചലച്ചിത്രമേളയിലെ ഒറിസോണ്ടി വിഭാഗത്തിൽ അനുപർണ റോയിക്ക് മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം ഈ ചിത്രം നേടിക്കൊടുത്തിരുന്നു.പ്രഭാഷ് ചന്ദ്രയുടെ ‘ഹാർത്ത് ആൻഡ് ഹോം’ വാർദ്ധക്യ ക്ലേശങ്ങൾ അനുഭവിക്കുന്ന അമ്മയെ പരിപാലിക്കുന്ന മകന്റെ കഥ പറയുന്ന സിനിമയാണ്. മാനസിക സംഘർഷങ്ങളെയും അവസ്ഥകളെയും മനോഹരമായി ഈ ചിത്രം ആവിഷ്കരിക്കുന്നു. കൊൽക്കത്ത നഗരത്തിലേക്ക് ഏറെ സ്വപ്നങ്ങളുമായി എത്തുന്ന ഒരു യുവാവിന്റെയും യുവതിയുടെയും പരസ്പരബന്ധിതമായ യാത്രയാണ് ഇഷാൻ ഘോഷ് സംവിധാനം ചെയ്ത ബംഗാളി ചിത്രമായ ‘മിറാഷ്’.

തൂയ എന്ന പ്രവാസിയായ യുവതിയുടെ കഥയാണ് അനുപർണ റോയ് സംവിധാനം ചെയ്ത ‘സോങ്‌സ് ഓഫ് ഫോർഗോട്ടൻ ട്രീസ്’ പറയുന്നത്. തൂയ തൻ്റെ അഭിനയം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി മുംബൈയിൽ താമസിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും സിനിമ പറയുന്നു. വെനീസ് ചലച്ചിത്രമേളയിലെ ഒറിസോണ്ടി വിഭാഗത്തിൽ അനുപർണ റോയിക്ക് മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണിത്.

നിഷാന്ത് കാളിന്ദിയുടെ ‘തിയറ്റർ’ ഒരു നാടകസംഘത്തിനുള്ളിലെ സൗഹൃദം, കലാവൈഭവങ്ങൾ, മത്സരങ്ങൾ എന്നിവ തമിഴ്‌നാട്ടിലെ ഒരു ഗ്രാമപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. തികച്ചും യാഥാസ്ഥിതിക ജീവിതങ്ങളെ നാടകീയത കൂടാതെ അവതരിപ്പിക്കുകയാണ് ഈ ചിത്രം.ഇന്ത്യയുടെ കുടുംബ, സാമൂഹിക, സാംസ്കാരിക യാഥാർത്ഥ്യങ്ങളെ ആവിഷ്കരിക്കുന്നവയാണ് ‘ഇന്ത്യൻ സിനിമ നൗ’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഓരോ സിനിമകളും. വെള്ളിത്തിരയിലെ ഇന്ത്യൻ പരീക്ഷണങ്ങൾ ഐഎഫ്എഫ്കെയിലെ ചലച്ചിത്ര ആസ്വാദകർക്ക് പുതു അനുഭവം സമ്മാനിക്കുമെന്നുറപ്പ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0