അന്ന് കാണാന്‍ ഇടിച്ചുകയറി! പിന്നെ കൂടെ അഭിനയിച്ചു! സ്‌നേഹവും ശാസനയും സൗഹൃദവുമായി പടര്‍ന്നുപന്തലിച്ച ബന്ധം! ലാലേട്ടനെക്കുറിച്ച് ഇര്‍ഷാദ്‌

നാളുകള്‍ക്ക് ശേഷം പഴയ മോഹന്‍ലാലിനെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. തുടരും എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമായി ഇര്‍ഷാദും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തെ ആദ്യം കണ്ടത് മുതല്‍ കൂടെ അഭിനയിച്ച് തുടങ്ങിയത് വരെയുള്ള വിശേഷങ്ങളായിരുന്നു പുതിയ പോസ്റ്റിലൂടെ പങ്കുവെച്ചത്.

Apr 27, 2025 - 10:21
അന്ന് കാണാന്‍ ഇടിച്ചുകയറി! പിന്നെ കൂടെ അഭിനയിച്ചു! സ്‌നേഹവും ശാസനയും സൗഹൃദവുമായി പടര്‍ന്നുപന്തലിച്ച ബന്ധം! ലാലേട്ടനെക്കുറിച്ച് ഇര്‍ഷാദ്‌

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇര്‍ഷാദ്. മോഹന്‍ലാലിനെ ആദ്യമായി കണ്ടതും, പിന്നീട് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ തുടങ്ങിയതിനെക്കുറിച്ചും പറഞ്ഞുള്ള കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. തുടരും സിനിമയിലും ലാലേട്ടനൊപ്പം അഭിനയിച്ചിരുന്നു അദ്ദേഹം.

1987 മെയ്‌ മാസത്തിലെ ചുട്ടു പൊള്ളുന്നൊരു പകൽ. സൂര്യൻ ഉച്ചിയിൽ തന്നെയുണ്ട്. വെയിലിനെ വകവെക്കാതെ തടിച്ചു കൂടി നിൽക്കുന്നവരുടെ കൂട്ടത്തിലെ ഒരാളായി എം ജി റോഡിന് അഭിമുഖമായ തൃശ്ശൂർ രാംദാസ് തിയേറ്ററിന്റെ മെയിൻ ഗേറ്റിൽ വിയർത്തു നനഞ്ഞൊട്ടിയ ഉടുപ്പമായി അക്ഷമനായി ഞാനും. 'ഇരുപതാം നൂറ്റാണ്ട്'എന്ന മോഹൻലാൽ സിനിമ കാണാൻ തിക്കിത്തിരക്കി വന്നവരാണ്.
ഗേറ്റ് തുറന്ന് ഓട്ടത്തിനിടയിൽ വീണപ്പോൾ കിട്ടിയ മുട്ട് പൊട്ടിയ നീറ്റലോടെ ഞാൻ ടിക്കറ്റ് ഉറപ്പായൊരു പൊസിഷനിൽ എത്തിയിരുന്നു. ചോര പൊടിഞ്ഞ പോറലും കൊണ്ട് ക്യൂ നിക്കുമ്പോൾ പെട്ടെന്ന് മോഹൻലാൽ മോഹൻലാൽ എന്നൊരു ആരവം. തീയേറ്ററിന്റെ എതിർവശത്തെ തറവാട്ടുവീട്ടിൽ തൂവാനത്തുമ്പികൾ ഷൂട്ട് നടക്കുന്നെന്നോ മോഹൻലാൽ എത്തിയിട്ടുണ്ടെന്നോ ആരോ പറയുന്നത് അവ്യക്തമായ് കേട്ടു. ആൾക്കൂട്ടത്തിനിടെ ഏന്തി വലിഞ്ഞും കൊണ്ട് നോക്കി.

ആ നട്ടുച്ച വെയിലിലാണ്, ഒരു ലോങ്ങ്‌ ഷോട്ടിൽ മിന്നായംപോലെ ഞാനാ രൂപം ആദ്യമായ് കാണുന്നത്. പിന്നീട് കാണുന്നത് നരസിംഹത്തിന്റെ സെറ്റിൽ വെച്ച്. അപ്പോഴേക്കും സിനിമയാണെന്റെ അന്നം എന്ന് ഞാൻ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. ചെറിയ വേഷങ്ങളിലൂടെ എങ്ങനെയെങ്കിലും സിനിമയിൽ കാലുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിനിടെ രഞ്ജിത്ത് എന്ന മനുഷ്യന്റെയും അഗസ്റ്റിന്റെയും സ്നേഹസമ്മാനമായിരുന്നു ആ വേഷം. കൂട്ടത്തിലൊരാളായ് ചെന്നു. ആദ്യത്തെ കൂടിക്കാഴ്ച്ച വെച്ച് ചെറിയൊരു വ്യത്യാസമുണ്ട്. ഇക്കുറി മോഹൻലാൽ എന്നെയും കണ്ടു. അതു കഴിഞ്ഞും പ്രജയിൽ സാക്കിർ ഹുസൈനിന്റെ ഡ്രൈവറായി നിന്ന് ഒടുവിൽ ഒറ്റിക്കൊടുത്തിട്ടുണ്ട്.

മുണ്ടക്കൽ ശേഖരന്റെ ഡ്രൈവർ ആയി വന്ന് മംഗലശ്ശേരി നീലകണ്നെ കൊല്ലനായി ശത്രുക്കള്ക്ക് എറിഞ്ഞു കൊടുത്തിട്ടുണ്ട്. പരദേശിയിൽ സ്നേഹനിധിയായ അച്ഛനെ അതിർത്തി കടത്തേണ്ടി വന്നിട്ടുണ്ട്. ദൃശ്യത്തിൽ ജോർജ്ജ് കുട്ടിയുടെ നേരറിഞ്ഞ പോലീസ് ഓഫിസറായിട്ടുണ്ട്. പിന്നീട് ബോക്സ് ഓഫീസിൽ പരാജയമായിരുന്നെങ്കിലും ബിഗ് ബ്രദറിൽ സച്ചിദാനന്ദന്റെ സന്തതസഹചാരിയുടെ വേഷവും ചെയ്യാൻ പറ്റി. ഒടുവിലിപ്പോൾ തരുൺ മൂർത്തിയുടെ ഷാജിയായ് ഷണ്മുഖനൊപ്പം വളയം പിടിക്കാൻ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0