കതിർകാള എഴുന്നള്ളിപ്പ്
*കതിർകാള എഴുന്നള്ളിപ്പ്*
ആറ്റുകാൽ പൊങ്കാല മഹോത്സവ ഭാഗം
കാർഷിക സ്മരണ ഉണർത്തിക്കൊണ്ട് ചരിത്രപാരമ്പര്യവുമായി "കതിര് കാള" (Paddy Ox) എല്ലാക്കൊല്ലവും ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് എഴുന്നളിക്കാറുണ്ട്.
*ചരിത്രം*
നെൽക്കതിര്‍മണി കെട്ടിയുണ്ടാക്കുന്ന കാളയുടെ രൂപത്തെ ആറ്റുകാല്‍ അമ്മയ്ക്ക് നേര്‍ച്ചയായി സമര്‍പ്പിക്കുന്ന ചടങ്ങാണ് കതിര്‍കാള എഴുന്നള്ളത്ത്. കർഷകരുടെ വഴിപാടായി ആരംഭിച്ചതാണ് ഈ ചടങ്ങ്. വിളവെടുപ്പ് ഉത്സവത്തോടനുബന്ധിച്ച്, കറ്റ കൊണ്ടുണ്ടാക്കിയ ചെറിയ കാളയെ തോളിലേറ്റി, നൃത്തം വച്ച് കൊണ്ട്, അമ്പലത്തിലേക്ക് കൊണ്ടുപോകുന്ന രീതിയിലാണ് കതിര് കാള എന്ന സങ്കൽപ്പം ഉടലെടുത്തത് എന്ന് പറയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വഞ്ചിയൂർ ഏലാ അപ്രത്യക്ഷമായി എങ്കിലും ഈ ആചാരം ഇന്നും തുടരുന്നു. കാലത്തിനനുസരിച്ച് ആചാരങ്ങളിലും ചെറിയ മാറ്റങ്ങൾ വന്നു. കതിര് കാള സങ്കൽപ്പത്തെ വിപുലീകരിച്ച് ഇന്ന് വലിപ്പമേറിയ കാളയെ ഒരു ഇരുചക്ര വാഹനത്തിൽ (കൈ കൊണ്ട് തള്ളിക്കൊണ്ട് പോകുന്ന വണ്ടി) എഴുന്നള്ളിക്കുന്നു.
നടത്തിപ്പ്
തിരുവനന്തപുരം വഞ്ചിയൂർ പുത്തൻറോഡ് നിവാസികളാണ് രണ്ടു പതിറ്റാണ്ടിലേറെയായി കതിരുകാളയെ ആറ്റുകാൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത്. ഒരു സാധാരണ കാളയുടെ അഞ്ചിരട്ടി വലിപ്പത്തിൽ നിർമ്മിക്കുന്ന കതിര് കാള വ്യത്യസ്‌തമായ ഒരു കെട്ടുകാഴ്ച്ച തന്നെയാണ്. എട്ടടി ഉയരവും നാലടി വണ്ണവും ഉള്ള കതിരുകാള പുത്തൻറോഡ് പൗരസമിതിയുടെ നേതൃത്വത്തിലാണ് ഒരുക്കുന്നത്. ജാതിമതഭേദമന്യേ നാട്ടുകാർ വളരെ ഐക്യത്തോടുകൂടി നടത്തുന്ന ഈ ചടങ്ങ് കഴിഞ്ഞ 25 വർഷമായി മുടക്കമില്ലാതെ തുടർന്ന് പോരുന്നു. ഒരു പക്ഷെ തിരുവനന്തപുരം നഗരത്തിൽ തന്നെ ഇങ്ങനെയൊരു ചടങ്ങ് ഇവിടെ മാത്രമാണ് നടക്കുന്നത് എന്നാണ് അറിവ്.
ഒരുക്കങ്ങൾ
കഴിഞ്ഞ കുറേ വർഷങ്ങളായി കതിര് കാളയെ ഒരുക്കുന്നത് വട്ടപ്പാറയിൽ നിന്നുള്ള അശോകൻ ആശാന്റെ നേതൃത്വത്തിൽ, അജയകുമാർ ഉൾപ്പടെയുള്ള ഏഴോളം പ്രവർത്തകരാണ്. തമിഴ് നാട്ടിൽ നിന്നുമാണ് വ്രതാനുഷ്ഠാനങ്ങളോടെ കറ്റ കൊണ്ടുവരുന്നത്. കറ്റ വിതച്ച് കതിരാക്കി, കതിർ മണികൾ കൊണ്ട് മാല കെട്ടി, അളവനുസരിച്ച് വെട്ടി വച്ചുപിടിപ്പിക്കുന്നു. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ഒരുക്കങ്ങൾ ചെയ്യുന്നതും 21 ദിവസത്തെ വ്രതം എടുത്താണ്. ഒരു ശിൽപ്പി തയ്യാറാക്കിയ മുഖമാണ് കതിര് കാളയ്ക്ക് ഉപയോഗിക്കുന്നത്. നെൽക്കതിർ ഒഴികെയുള്ള ചാർത്തുകൾ (സാമഗ്രികൾ) ഇവർക്ക് സ്വന്തമായുള്ളതാണ്. പൊങ്കാല ഉത്സവം കഴിഞ്ഞശേഷം സാമഗ്രികൾ ക്ഷേത്രത്തിൽ നിന്നും ലേലത്തിൽ തിരിച്ചു വാങ്ങിക്കുകയാണ് പതിവ്. കതിര് മാത്രമേ എല്ലാവർഷവും പുതുതായി ഉപയോഗിക്കാറുള്ളൂ.
എഴുന്നള്ളിപ്പ് യാത്ര
വഞ്ചിയൂര്‍ മാതൃഭൂമി റോഡില്‍ നിന്നും വെകുന്നേരം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കതിര്‍കാള എഴുന്നള്ളത്ത് പുറപ്പെടുന്നു. വഞ്ചിയൂർ പ്രദേശത്ത് ഊരുചുറ്റി എല്ലാ നാട്ടുകാരും വണങ്ങിയശേഷമാണ് കതിരുകാള യാത്രയാവുന്നത്.. ആറ്റുകാൽ ദേവിയുടെ പിതൃതുല്യനായ ശ്രീകണ്ഠശ്വരം മഹാദേവന്റെ മുന്നിലെത്തി അനുവാദം വാങ്ങി യാത്ര തുടരുന്നു. പോകുന്ന വഴിയിലെ ചെട്ടികുളങ്ങര ദേവി ക്ഷേത്രം, പഴവങ്ങാടി ഗണപതിക്ഷേത്രം എന്നിവയുൾപ്പെടെ എല്ലാ അമ്പലങ്ങളിലെയും മൂർത്തികളെ വന്ദിച്ചാണ് കതിരുകാള കടന്നുപോകുന്നത്. പാതിരാത്രിയോടെ ആറ്റുകാല്‍ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് എത്തിച്ചേരുമ്പോൾ ക്ഷേത്രഭാരവാഹികൾ പൂജാദികർമ്മങ്ങളോടെ കതിര് കാളയെ സ്വീകരിക്കുന്നു.
ദർശനം
ആറ്റുകാൽ അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്ന കതിരുകാളയെ ദർശിക്കാൻ അമ്പലത്തിലേക്ക് കയറി (ശ്രീകോവിലിനു പുറത്ത്) വലതു വശത്തേക്ക് നടന്നാൽ മതിയാകും. പ്രദക്ഷിണ പാതയിൽ ഗണപതിയെ തൊഴുത് തിരികെ അമ്മയുടെ സന്നിധിയിൽ എത്തുന്ന വഴിയിൽ ആ ചുമരിനോട് ചേർന്ന് കതിർ കാളയെ കാണാൻ കഴിയും. കതിര് കാളയെ വണങ്ങുന്നതിനും, ഭക്തർക്ക് കതിർ മണികൾ എടുത്തുകൊണ്ടുപോയി വീട്ടിൽ വച്ച് പൂജിക്കുന്നതിനും സൗകര്യങ്ങൾ ഉണ്ടായിരിക്കും. വിളക്ക് കെട്ടുകൾ എല്ലാം തന്നെ നാലമ്പലത്തിനു പുറത്താണ് പൊതുവെ സ്ഥാപിക്കാറുള്ളത്; കതിര് കാളയെ മാത്രമാണ് നാലമ്പലത്തിനുള്ളിൽ കാണാൻ കഴിയുന്നത് എന്നതും ഇതിന്റെ പ്രത്യേകതയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0