ശബരിമല റോപ്പ്‌വേയിൽ തീർത്ഥാടകർക്ക് യാത്ര ചെയ്യാൻ കഴിയില്ല; വനംവകുപ്പ് അനുവദിക്കുക ചരക്കുനീക്കം മാത്രം
ശബരിമല റോപ്പ്‌വേയിൽ തീർത്ഥാടകർക്ക് യാത്ര ചെയ്യാൻ കഴിയില്ല; വനംവകുപ്പ് അനുവദിക്കുക ചരക്കുനീക്കം മാത്രം

ഭക്തർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോപ്പ്‍വേ പ്രോജക്ടിൽ ചരക്കുകളുടെ നീക്കം മാത്രമേ അനുവദിക്കൂ എന്ന് റിപ്പോർട്ട്. വനത്തിലൂടെ ഭക്തജനങ്ങളെ അനുവദിക്കാൻ നിയമപ്രകാരം കഴിയില്ലെന്നാണ് അറിയുന്നത്. പെരിയാർ കടുവാ സങ്കേതത്തിലൂടെയാണ് റോപ്പ്‌വേ പോകുന്നത്.
ഹൈലൈറ്റ്:
- റോപ്പ്‌വേ അനുവദിച്ചാലും അതിൽ ഭക്തരെ കൊണ്ടുപോകുന്നത് അനുവദിച്ചേക്കില്ല
- അടിയന്തര സാഹചര്യങ്ങളിൽ മാത്രം തീർത്ഥാടകരെ അനുവദിച്ചേക്കും
- 2.7 കിലോമീറ്ററാണ് റോപ്പ്‌വേയുടെ നീളം
പത്തനംതിട്ട: ശബരിമലയിലേക്കുള്ള നിർദ്ദിഷ്ട റോപ്പ്‌വേ പദ്ധതിയിൽ ജനങ്ങളെ അനുവദിക്കാൻ വനംവകുപ്പിന് പരിമിതികളുണ്ടാകുമെന്ന് റിപ്പോർട്ട്. റോപ്പ്വേ അനുവദിച്ചാലും അതിൽ ഭക്തരെ കൊണ്ടുപോകുന്നത് അനുവദിച്ചേക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്. കർശനമായ നിയന്ത്രണങ്ങളോടെ മാത്രമേ ഈ പദ്ധതി നടപ്പിലാക്കാൻ വനംവകുപ്പ് സമ്മതിക്കാനിടയുള്ളൂ. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം കുന്നിൻ മുകളിലെ സന്നിധാനത്തേക്ക് അവശ്യവസ്തുക്കൾ കൊണ്ടുപോകുന്നതിന് മാത്രമേ കേരള വനം വകുപ്പ് റോപ്പ്‌വേ സേവനം അനുവദിക്കാൻ സാധ്യതയുള്ളൂ.
അടിയന്തര സാഹചര്യങ്ങളിൽ മാത്രം തീർത്ഥാടകരെ റോപ്പ്‌വേയിൽ കൊണ്ടുപോകാൻ അനുവദിച്ചേക്കും. ദിവസവും സന്നിധാനത്തേക്കും തിരിച്ചും ജനങ്ങളെ കൊണ്ടുപോകുകയും വരികയും ചെയ്യുന്ന സംവിധാനത്തിന് അനുമതിയുണ്ടാകില്ല. അഥവാ സാധാരണ സാഹചര്യങ്ങളിൽ റോപ്പ്‌വേ ഒരു യാത്രാ സേവനമായി പ്രവർത്തിക്കില്ലെന്ന് വനം അധികൃതർ വ്യക്തമായി നിലപാടെടുത്തതായാണ് വിവരം.
പെരിയാർ കടുവാ സംരക്ഷണ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന പരിസ്ഥിതി ലോലമായ ശബരിമല മേഖലയിൽ മനുഷ്യന്റെ ഇടപെടൽ കുറയ്ക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് വനംവകുപ്പ് നിലപാടെടുത്തിരിക്കുന്നത്. റോപ്പ്‌വേ പദ്ധതി നടപ്പിലായാൽ വനപാതകളിലൂടെ സാധനങ്ങൾ കൊണ്ടുപോകുന്ന നിലവിലുള്ള ട്രാക്ടർ സർവീസിനുള്ള അനുമതിയും വനം വകുപ്പ് റദ്ദാക്കിയേക്കും.
പമ്പ ഹിൽടോപ്പിൽ നിന്ന് ശബരിമല സന്നിധാനത്തേക്ക് പത്ത് മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന വിധത്തിലാണ് നിർദ്ദിഷ്ട റോപ്പ്‌വേ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പോലീസ് ബാരക്കിന് സമീപമാണ് ഇതിന്റെ അവസാന പോയിന്റ് വരിക. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിന്റെ അനുമതിക്കായി വനം വകുപ്പിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
അവശ്യസാധനങ്ങളും അത്യാഹിതത്തിൽ പെടുന്നവരെയും എത്തിക്കുന്നതിനാണ് റോപ് വേ നിർമിക്കുന്നതെന്ന നിലപാടിൽ തന്നെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉള്ളത്. എന്നാൽ ഭക്തരെ ഈ റോപ്പ്‌വേയിലൂടെ മുകളിലേക്കും താഴേക്കും എത്തിക്കുമെന്ന തരത്തിലാണ് വാർത്തകൾ വന്നിരുന്നത്. മല കയറാൻ ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് റോപ്പ്‌വേ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയും ഉയർന്നു. എന്നാൽ ഇത് നടക്കാൻ സാധ്യത തീരെ കുറവാണ്.
What's Your Reaction?






