കോയമ്പേട് മുതൽ പട്ടാഭിരാം വരെ പുതിയ മെട്രോ ലൈൻ വരുന്നു; 7 സ്റ്റേഷനുകൾ; നഗര വിപുലീകരണം ലക്ഷ്യമിട്ട് ചെന്നൈ മെട്രോ
കോയമ്പേട് മുതൽ പട്ടാഭിരാം വരെ പുതിയൊരു മെട്രോ ലൈൻ കൂടി പണിയാൻ ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷൻ പദ്ധതിയിടുന്നു. ഈ റെയിൽപ്പാതയുടെ വിശദമായ പദ്ധതിരേഖ തമിഴ്നാട് സർക്കാർ അംഗീകരിച്ചു. കേന്ദ്ര സഹായവും സംസ്ഥാനമെടുക്കുന്ന വായ്പയുമെല്ലാം ആശ്രയിച്ചായിരിക്കും നിർമ്മാണം.

ചെന്നൈ: കോയമ്പേട് മുതൽ പട്ടാഭിരം വരെ 21.76 കിലോമീറ്റർ കൂടി മെട്രോ റെയിൽ നീട്ടാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ഈ പുതിയ മെട്രോ ലൈൻ ചെന്നൈയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലെ വികസനത്തിന് ഏറെ സഹായികമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ വലിയൊരു വിഭാഗമാളുകൾക്ക് മികച്ച യാത്രാസൗകര്യം ലഭിക്കുകയും ചെയ്യും.
ഈ മെട്രോ വിപുലീകരണത്തിന് 9,928.33 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ മെട്രോ ലൈനിനൊപ്പം നിർമ്മിക്കുന്ന ഫ്ലൈഓവറുകൾ കൂടി ഉൾപ്പെടുന്നു. മേഖലയിലെ ഗതാഗതപ്രശ്നങ്ങളെ കൂടി പരിഗണിച്ചാണിത്. മൂന്ന് ഫ്ലൈഓവറുകൾ നിർമ്മിക്കുന്നതിനായി 464 കോടി നീക്കിവച്ചിട്ടുണ്ട്.
ചെന്നൈ പെരിഫറൽ റിംഗ് റോഡ് അടക്കമുള്ള പാതകളിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമമാക്കും ഈ പദ്ധതി. അടുത്തിടെയാണ് പദ്ധതി സംബന്ധിച്ച ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷൻ സർക്കാരിന് സമര്‍പ്പിച്ചത്. ആവടിക്കപ്പുറം പട്ടാഭിരാം വരെ മെട്രോ റെയിലിന് സാധ്യതയുണ്ട് എന്നാണ് ഡിപിആർ വ്യക്തമാക്കിയത്.
പുതിയ മെട്രോ പാതയിൽ അമ്പത്തൂർ എസ്റ്റേറ്റ്, ഡൺലോപ്പ്, ഒടി, തിരുമുള്ളൈവോയൽ, ആവഡി, ഹിന്ദു കോളേജ്, പട്ടാഭിരം എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ ഉണ്ടാകും. കൂടുതൽ പ്രദേശങ്ങളിലെ ആളുകൾക്ക് മെട്രോ റെയിൽ ഗുണകരമാകണമെന്ന് പരിഗണിച്ചാണ് ഈ സ്റ്റേഷനുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തിരിക്കുന്നത്. യാത്രാമാർഗ്ഗം എളുപ്പമാക്കുക, ജനങ്ങൾ ബൈക്കുകളും കാറുകളുമെല്ലാമായി നിരത്തിലിറങ്ങുന്നത് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങൾ പ്രത്യേകം കണ്ടാണ് സ്റ്റേഷനുകൾ നിശ്ചയിച്ചിരിക്കുന്നത്.
ചെന്നൈയുടെ അതിവേഗം വളരുന്ന പ്രാന്തപ്രദേശങ്ങളിലെ യാത്രാ സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഈ പുതിയ സ്ട്രെച്ചിലൂടെ ഉദ്ദേശിക്കുന്നുണ്ട്. ചെന്നൈ നഗരം കൂടുതൽ വിപുലീകരിക്കാനുള്ള പദ്ധതി തമിഴ്നാട് സർക്കാരിനുണ്ട്.
പദ്ധതിയുടെ അന്തിമ അംഗീകാരത്തിനും സാമ്പത്തിക സഹായത്തിനുമായി സംസ്ഥാന സർക്കാർ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് അയച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാലുടൻ പദ്ധതി ആരംഭിക്കും.
What's Your Reaction?






