'അവർ സ്വന്തം രാജ്യം ടോയ്‌ലറ്റാക്കി; കാനഡയിലും അതുതന്നെ ചെയ്യുന്നു': റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞ ഇന്ത്യക്കാരിക്കെതിരെ അധിക്ഷേപം

റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞ ഇന്ത്യക്കാരിക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം. സ്വന്തം രാജ്യത്തെ മലിനമാക്കിയ ശേഷം അവർ കാനഡയെ മലിനമാക്കാൻ എത്തിയിരിക്കുന്നു എന്ന തരത്തിലാണ് അധിക്ഷേപങ്ങൾ നടക്കുന്നത്. കാനഡയിൽ ദമ്പതികൾ റോഡരികിൽ മാലിന്യം തള്ളുന്ന വീഡിയോ വൈറലായതിനു പിന്നാലെയാണ് അധിക്ഷേപങ്ങൾ തുടങ്ങിയത്. ഈ ദൃശ്യങ്ങൾ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. പലരും വംശീയമായ അധിക്ഷേപങ്ങളാണ് നടത്തുന്നത്. ദൃശ്യങ്ങളിൽ കാണുന്നത് ചുരിദാർ ധരിച്ച ഒരു സ്ത്രീയെയാണ്. ഇക്കാരണത്താലാണ് ഇന്ത്യക്കാരാണെന്ന് അനുമാനിക്കുന്നത്. 2025 ജൂലൈ 14-നാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഒരു കാറിനടുത്ത് നിന്ന് ദമ്പതികൾ റോഡിലേക്ക് എന്തോ വലിച്ചെറിയുന്നത് വീഡിയോയിൽ കാണാം. ഇത് മാലിന്യമാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ മാലിന്യമാണ് അവർ വലിച്ചെറിയുന്നതെന്നും, ഇരുവരും ഇന്ത്യക്കാരാണെന്നുമുള്ള അനുമാനത്തിലാണ് കമന്റുകളെല്ലാം. മാലിന്യം വലിച്ചെറിയുകയാണോ അതോ മറ്റെന്തെങ്കിലും ചെയ്യുകയാണോ എന്നു പോലും ഉറപ്പില്ലാതെയാണ് ആളുകൾ അധിക്ഷേപം ചൊരിഞ്ഞു കൊണ്ടിരിക്കുന്നത്. അവർ മൃഗങ്ങൾക്ക് തീറ്റ് കൊടുക്കുന്നതാണെങ്കിലോ എന്ന സംശയം ഉന്നയിച്ച‌് കാനഡ സ്വദേശികൾ തന്നെ രംഗത്തുണ്ട്.
ഈ വിഷയത്തിൽ പല തരത്തിലുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. "അവരെ കണ്ടെത്തി പിഴയിട്ട്, ആ സ്ഥലം വൃത്തിയാക്കാൻ പറയണം," എന്നാണ് ഒരാളുടെ കമന്റ്. "ഞാൻ ഇന്ത്യയിൽ നിന്നാണ്. ഈ പ്രവൃത്തിയെ ഞാൻ ശക്തമായി അപലപിക്കുന്നു. ഒരു ന്യായീകരണവുമില്ല. എവിടെ പോയാലും എത്ര പണമുണ്ടാക്കിയാലും കാര്യമില്ല. ഇതുപോലുള്ള ആളുകൾ കാരണം ഇന്ത്യക്കാർ നാണംകെടുന്നു," മറ്റൊരാളുടെ അഭിപ്രായം.
What's Your Reaction?






