ഷെഹ്ബാസ് ഷെരീഫിന്റെ യൂടൂബ് ചാനലും ബ്ലോക്ക് ചെയ്തു; പാക് അധീന കാശ്മീരിൽ ജനങ്ങൾ ഭക്ഷണവും മരുന്നും ശേഖരിച്ചു വെക്കണമെന്ന് സർക്കാർ

പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ യൂടൂബ് ചാനൽ ഇന്ത്യ ബ്ലോക്ക് ചെയ്തു. ദേശീയ സുരക്ഷയുമായും ഇന്ത്യയുടെ പരമാധികാരവുമായും ബന്ധപ്പെട്ട സർക്കാരിന്റെ ഉത്തരവ് മൂലമാണ് ഈ കണ്ടന്റ് ഇന്ത്യയിൽ ലഭ്യമല്ലാത്തതെന്ന് യൂടൂബ് പറയുന്നു.

May 4, 2025 - 20:00
ഷെഹ്ബാസ് ഷെരീഫിന്റെ യൂടൂബ് ചാനലും ബ്ലോക്ക് ചെയ്തു; പാക് അധീന കാശ്മീരിൽ ജനങ്ങൾ ഭക്ഷണവും മരുന്നും ശേഖരിച്ചു വെക്കണമെന്ന് സർക്കാർ

ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ട് ഇന്ത്യ ബ്ലോക്ക് ചെയ്തു. 'ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് മൂലം ഈ ഉള്ളടക്കം നിലവിൽ ഈ രാജ്യത്ത് ലഭ്യമല്ല' എന്ന കുറിപ്പ് മാത്രമാണ് പാക് പ്രധാനമന്ത്രിയുടെ ചാനൽ സന്ദര്‍ശിക്കുമ്പോൾ ലഭിക്കുന്നത്.

പാകിസ്താൻ ധനമന്ത്രി ഖവാജ ആസിഫിന്റെ ചാനലും, പാക് സൈന്യത്തിന്റെ പ്രചാരണ വിഭാഗമായ ഐഎസ്പിആറിന്റെ ചാനൽ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ ബ്ലോക്ക് ചെയ്തിരുന്നു. നിരവധി പാക് മാധ്യമസ്ഥാപനങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും യൂടൂബ് ചാനലുകൾ ഇങ്ങനെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.

ഏപ്രിൽ 22ന് 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകുന്നതിന്റെ ഭാഗമാണ് ഈ നടപടികളെല്ലാം. പാകിസ്താനിൽ നിന്ന് വരുന്ന തെറ്റായ വിവരങ്ങളും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളും ചെറുക്കാനുള്ള ശ്രമങ്ങൾ സർക്കാർ ശക്തമാക്കിയിട്ടുണ്ട്.

മുൻ പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തർ, പത്രപ്രവർത്തകൻ അർസൂ കാസ്മി, കമന്റേറ്റർ സയ്യിദ് മുസമ്മിൽ ഷാ എന്നിവരുടെ യൂട്യൂബ് ചാനലുകളും നേരത്തെ ബ്ലോക്ക് ചെയ്തിരുന്നു. ഒളിമ്പ്യൻ അർഷാദ് നദീമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ യൂട്യൂബ് അക്കൗണ്ടുകളും സസ്‌പെൻഡ് ചെയ്തു. കൂടാതെ, ദുനിയമേരിആഗി, ഗുലാം നബി മദ്‌നി, ഹഖീഖാത് ടിവി, ഹഖീഖാത് ടിവി 2.0 തുടങ്ങിയ ചാനലുകളും ഇന്ത്യൻ ഉപയോക്താക്കൾക്ക് കാണാനാകില്ല. ഏപ്രിൽ 30ന്, പ്രമുഖ നടിമാരായ ഹനിയ ആമിറിന്റെയും മഹിര ഖാന്റെയും ഇൻസ്റ്റാഗ്രാം പ്രൊഫൈലുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരുന്നു.

അതെസമയം ഇന്ത്യയില്‍ നിന്നുള്ള തിരിച്ചടി ഏതു നിമിഷവും പ്രതീക്ഷിക്കുകയാണ് പാകിസ്താൻ. പാക് അധീന കാശ്മീരിൽ കഴിഞ്ഞ ദിവസം മുതൽ മദ്രസകൾ പ്രവർത്തിക്കുന്നില്ല. പത്ത് ദിവസത്തേക്കാണ് മദ്രസകൾ അടച്ചിട്ടിരിക്കുന്നത്. ഏറ്റവും പുതിയ വാർത്ത പാക് അധീന കാശ്മീരിൽ വീടുകളിൽ ആവശ്യത്തിന് ഭക്ഷണ സാമഗ്രികൾ സംഭരിച്ചു വെക്കാൻ സർക്കാർ ഉത്തരവിട്ടതാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0