'എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തത്? ഞാനല്ല അത് ചെയ്തത്'; പിന്നാലെ വിമാനം തകർന്നുവീണു, പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ

Jul 13, 2025 - 21:45
'എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തത്? ഞാനല്ല അത് ചെയ്തത്'; പിന്നാലെ വിമാനം തകർന്നുവീണു, പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ നിർണായകമായി കോക്പിറ്റിൽ നിന്നുള്ള പൈലറ്റുമാരുടെ സംഭാഷണം. വിമാനത്തിൻ്റെ എൻജിനിലേക്ക് ഇന്ധനം എത്തിക്കുന്ന സ്വിച്ച് ഓഫായ നിലയിലായിരുന്നുവെന്ന നിർണായക കണ്ടെത്തലാണ് അന്വേഷണത്തിലുള്ളത്.

എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുമ്പോൾ താൻ അല്ല ഓഫ് ചെയ്തതെന്ന് മറ്റൊരു സ്വിച്ച് മറുപടി നൽകുന്നുണ്ട്. ചോദ്യം ചോദിച്ച പൈലറ്റും മറുപടി നൽകിയ പൈലറ്റും ആരാണെന്ന് വ്യക്തമല്ല. അതിവേഗം സ്വിച്ച് ഓൺ ചെയ്തെങ്കിലും വിമാനം തകർന്നുവീഴുകയായിരുന്നുവെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പുറത്തുവിട്ട 15 പേജുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്. രണ്ട് എൻജിനുകളിലേക്കും ഇന്ധനം എത്താതെ വന്നതോടെയാണ് വിമാനം തകർന്നുവീണത്.

പറന്നുയർന്ന വിമാനത്തിൻ്റെ രണ്ട് എൻജിനുകളും റൺ പൊസിഷനിൽ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് എത്തുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യമാണ് വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടമാകാനുണ്ടായ മറ്റൊരു കാരണം. നാല് സെക്കൻ്റുകൾക്കകം കട്ട് ഒഫ് മോഡിൽ നിന്ന് റൺ മോഡിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നുള്ള നാലോ അഞ്ചോ സെക്കൻ്റുകൾക്കുള്ളിൽ മെയ് ഡേ സന്ദേശം നൽകിയിരുന്നു. മെയ് ഡേ സന്ദേശത്തിന് എയർ ട്രാഫിക് കൺട്രോൾ മറുപടി നൽകിയെങ്കിലും വിമാനത്തിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല. പിന്നാലെ സെക്കൻ്റുകൾക്കുള്ളിൽ വിമാനം തകർന്നുവീണു.

ലഭിച്ച സംഭാഷണം അനാലിസിസ് ചെയ്താൽ മാത്രമാകും കോക്പിറ്റിലെ ചോദ്യവും മറുപടിയും ആരുടെ ആണെന്ന് വ്യക്തമാകൂ. സഹപൈലറ്റ് ക്ലൈവ് കുന്ദറായിരുന്നു അപകടസമയം എയർ ഇന്ത്യ വിമാനം നിയന്ത്രിച്ചിരുന്നത്. പൈലറ്റ് - ഇൻ - കമാൻഡായ സുമീത് സബർവാൾ വിമാനത്തിൻ്റെ പ്രവർത്തനം നിരീക്ഷിക്കുകയും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ പരിശോധിക്കുകയുമായിരുന്നു. സബർവാൾ ബോയിങ് 787 വിമാനം ഏകദേശം 8,600 മണിക്കൂർ പറത്തി പരിചയമുള്ള പൈലറ്റാണ്. കുന്ദർ 1,100 മണിക്കൂറിലധികം വിമാനം പറത്തി പരിചയമുള്ള പൈലറ്റാണ്.

അഹമദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന 241 പേരിൽ ഒരു യാത്രക്കാരൻ മാത്രമാണ് രക്ഷപ്പെട്ടത്. 10 ക്രൂ അംഗങ്ങൾ വിമാനത്തിലുണ്ടായിരുന്നു. വിമാനം ചെന്നിടിച്ച ഹോസ്റ്റൽ കെട്ടിടത്തിലും സമീപത്തും ഉണ്ടായിരുന്നവർക്കും അപകടത്തിൽ ജീവൻ നഷ്ടമായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0