പാകിസ്താനെ ഞെട്ടിച്ച് ചാവേറാക്രമണം; 16 സൈനികർ കൊല്ലപ്പെട്ടു, സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി

ഇസ്ലാമാബാദ്: പാകിസ്താനെ ഞെട്ടിച്ച് ചാവേറാക്രമണം . വടക്കൻ വസീറിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടു . ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റിയാണ് ചാവേറാക്രമണമുണ്ടായത്. പാക് താലിബാനിൽ നിന്ന് വേർപിരിഞ്ഞ ഹാഫിസ് ഗുൽ ബഹാദൂറിന്റെ ചാവേർ ബോംബിങ് ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരിൽ പത്തിലധികം സൈനികരും സാധാരണക്കാരും ഉൾപ്പെടുന്നുണ്ട്. ഇവരിൽ പലരുടെയും ആരോഗ്യനില മോശമായി തുടരുകയാണ്. മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുതിർന്ന സൈനിക ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. വടക്കൻ വസീറിസ്ഥാനിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമമായ ഖൈബർ ക്രോണിക്കിൾസ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ ചുറ്റുമുള്ള വീടുകൾക്കും കടകൾക്കും വ്യാപക നാശനഷ്ടമുണ്ടായി.
സൈനികരെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ശക്തമായ സ്ഫോടനത്തിൽ പ്രദേശത്തെ വീടുകളുടെ മേൽക്കൂരകൾ തകരുകയും ആറ് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ നാല് സൈനികരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ സമൂഹമധ്യമങ്ങളിലൂടെ പുറത്തുവന്നു.
What's Your Reaction?






