ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ചാമ്പ്യന്മാർ; ആൻഫീൽഡിൽ ടോട്ടനത്തെ 5 - 1ന് തകർത്ത് ചരിത്രമെഴുതി
Liverpool wins Premier League: നാല് മത്സരങ്ങൾ ശേഷിക്കെയാണ് 82 പോയിൻ്റുകളുമായി ലിവർപൂൾ 20ാം കിരീടം നേടിയത്. ടോട്ടനത്തെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് തകർത്ത് വിട്ടത്

ലണ്ടൻ: ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തെ 5 - 1ന് തകർത്ത് ലിവർപൂൾ ചാമ്പ്യൻമാർ. കിരീടം ഉറപ്പിക്കാൻ ഒരു സമനില മാത്രം മതിയായിരുന്ന ലിവർപൂൾ ടോട്ടനം ഹോട്പൂരിനെ തർകർത്ത് വിട്ട് ആധികാരിക ജയം നേടുകയായിരുന്നു. 82 പോയിൻ്റുമായാണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള ആഴ്സനലിന് 67 പോയിൻ്റാണുള്ളത്. കളിയുടെ 12ാം മിനിറ്റിൽ എതിരാളികൾ ഗോൾ നേടിയെങ്കിലും അധികെ വൈകാതെ ചെമ്പട തിരിച്ചുവരികയായിരുന്നു.
12-ാം മിനിറ്റിൽ ഡൊമനിക് സൊളാങ്കയുടെ ഗോളിലൂടെ ടോട്ടനം ലീഡ് നേടിയെങ്കിലും ലൂയിസ് ഡയസ്(16), അലക്സിസ് മക്കാലിസ്റ്റർ (24), കോഡി ഗാപ്കൊ (34), മുഹമ്മദ് സല (63) എന്നിവരിലൂടെ ലിവർപൂൾ തിരിച്ചടിക്കുകയായിരുന്നു. അഞ്ചാം ഗോൾ ടോട്ടനത്തിൻ്റെ ഡസ്റ്റിനി ഉദോഗി (69) വഴങ്ങിയ സെൽഫ് ഗോളായിരുന്നു.
ലിവര്‍പൂളിനും രണ്ടാമതുള്ള ആഴ്സനലിനും ഇനിയും നാലു മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും, പോയിൻ്റ് പട്ടികയിൽ തലയെടുപ്പോടെ ലിവർപൂൾ ജയം ഉറപ്പിക്കുകയായിരുന്നു. ഇനിയുള്ള നാലു കളികൾ ജയിച്ചാലും 67 പോയിൻ്റുള്ള അർസനലിന് ലിവർപൂളിന് മറികടക്കാൻ സാധിക്കില്ല. 34 കളികളിൽ നിന്ന് 25 ജയവും ഏഴു സമനിലയും രണ്ടു തോൽവിയുമായി ലിവർപൂളിന് 82 പോയിൻ്റാണ് ഉള്ളത്. ആർസനലിന് 34 കളികളിൽ 67 പോയിൻ്റാണുള്ളത്.
പ്രീമിയർ ലീഗിൽ ലിവർപൂളിൻ്റെ 20–ാം കിരീടമാണിത്. ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ ഏറ്റവുമധികം കിരീടമെന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡിൻ്റെ (20) റെക്കോഡിനൊപ്പമെത്താന്‍ ലിവര്‍പൂളിന് സാധിച്ചു. 2020 ലാണ് ലിവര്‍പൂള്‍ അവസാനമായി പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരായത്. കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ആരാധകരില്ലാത്ത ആന്‍ഫീല്‍ഡിലായിരുന്നു അന്ന് ലിവര്‍പൂൾ കിരീടം ചൂടിയത്. എന്നാൽ ഇത്തവണ ആയിരങ്ങളെ സാക്ഷിയാക്കിയാണ് ചെമ്പട കപ്പ് ഉയർത്തിയത്.
യര്‍ഗന്‍ ക്ലോപ്പിന് പകരക്കാരനായി എത്തിയ ആര്‍നെ സ്ലോട്ടിനൊപ്പം ആദ്യ സീസണിൽ തന്നെ കിരീടം നേടാൻ ലിവർപൂളിന് കഴിഞ്ഞെന്നതും ചരിത്രത്തിൻ്റെ ഭാഗമായി. ക്ലോപ്പിൻ്റെ പിന്മുറക്കാരനും താരങ്ങളും എങ്ങനെ മുന്നോട്ടുപോകുമെന്ന് ഉറ്റുനോക്കിയ വിമർശകക്കുള്ള മറുപടിയുമാണ് കിരീടനേട്ടം.
What's Your Reaction?






