കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു, പുതിയ കോച്ചിന് കീഴില്‍; സൂപ്പര്‍ കപ്പിനുള്ള 27 അംഗ ടീമിനെ പ്രഖ്യാപിച്ചു
Kerala Blasters squad for Super Cup 2025: അഡ്രിയാന്‍ ലൂണ, മുഹമ്മദ് ഐമെന്‍ തുടങ്ങിയ പ്രമുഖരെയെല്ലാം അണിനിരത്തി 2025 സൂപ്പര്‍ കപ്പിനുള്ള 27 അംഗ ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. അടുത്തിടെ നിയമിതനായ മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റലയുടെ കീഴില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ് മഞ്ഞപ്പട.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) സംഘടിപ്പിക്കുന്ന 2025 സൂപ്പര്‍ കപ്പിന് കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട റെഡി. ടൂര്‍ണമെന്റിനുള്ള 27 അംഗ ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പ്രഖ്യാപിച്ചു. അടുത്തിടെ ചുമതലയേറ്റ പരിശീലകന്‍ ഡേവിഡ് കാറ്റലയുടെ കീഴില്‍ പുതിയ അധ്യായത്തിന് തുടക്കമിടുകയാണ് ബ്ലാസ്റ്റേഴ്‌സ്.
സൂപ്പര്‍ കപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും. ഏപ്രില്‍ 20 ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മല്‍സരം. നോക്കൗട്ട് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ് എന്നതിനാല്‍ തോല്‍ക്കുന്ന ടീം പുറത്താവും.
16 ടീമുകള്‍ ഉള്‍പ്പെടുന്ന പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങളോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) 13 ക്ലബ്ബുകളും ഐ-ലീഗിലെ മികച്ച മൂന്ന് ടീമുകളുമാണ് സൂപ്പര്‍ കപ്പില്‍ മല്‍സരിക്കുന്നത്.
ഐഎസ്എല്ലിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയില്‍ കഠിന പരിശീലനം നടത്തിവരികയാണ്. സ്പാനിഷ് കോച്ച് കാറ്റലയുടെ കീഴില്‍ ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പാണിത്. ടീമിനെ വിലയിരുത്താനും കളിക്കാരുമായി ഇണങ്ങിച്ചേരാനും വരാനിരിക്കുന്ന മല്‍സരങ്ങള്‍ക്കായി തയ്യാറെടുക്കാനും കാറ്റലയ്ക്ക് ഏതാനും ആഴ്ചകള്‍ ലഭിച്ചു. പുതിയ കോച്ചിന്റെ തന്ത്രപരമായ സമീപനങ്ങളും പരിശീലന മികവും കണ്ടറിയാനുള്ള ആവേശകരമായ കാത്തിരിപ്പിലാണ് ആരാധകര്‍.
എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് 2 യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സൂപ്പര്‍ കപ്പ് ജേതാക്കള്‍ക്ക് അവസരമുണ്ടാവും. ഉദ്ഘാടന ദിനത്തിലെ രണ്ടാം മല്‍സരത്തില്‍ മോഹന്‍ ബഗാന്‍ ഐ ലീഗിലെ മൂന്നാം സ്ഥാനക്കാരെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ഏപ്രില്‍ 26, 27 തീയതികളിലാണ്. സെമിഫൈനലുകള്‍ ഏപ്രില്‍ 30നും ഫൈനല്‍ മെയ് മൂന്നിനും നടക്കും.
What's Your Reaction?






