റണ്‍മല കയറി കോഹ്‌ലി; ടി20 ക്രിക്കറ്റില്‍ പുതുചരിതം; വന്‍ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍.

ലോക ക്രിക്കറ്റിലെ നിരവധി ചേതോഹര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പുതിയ ചരിത്രനേട്ടം അടയാളപ്പെടുത്തി വിരാട് കോഹ്ലി (Virat Kohli). ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ 36 കാരന്‍ ടി20 ക്രിക്കറ്റില്‍ 13,000 റണ്‍സ് തികച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്.
മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍സിബി) വേണ്ടി ഓപണറായി ഇറങ്ങിയാണ് കോഹ്‌ലി നാഴികക്കല്ല് താണ്ടിയത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമനെന്ന റെക്കോഡിനും ആദ്യ ഏഷ്യന്‍ താരമെന്ന റെക്കോഡിനും കോഹ്‌ലി അര്‍ഹനായി.
ക്രിസ് ഗെയ്ലിന്റെ വമ്പന്‍ റെക്കോഡ് കോഹ്ലിക്ക് കഷ്ടിച്ച് നഷ്ടമായി. 386 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്ലി ഈ നാഴികക്കല്ല് പിന്നിട്ടത്. ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് നേടിയ ക്രിസ് ഗെയ്ലിന്റെ ലോക റെക്കോഡ് 381 ഇന്നിങ്‌സുകളിലാണ്. ക്രിസ് ഗെയ്ല്‍ ആകെ 14,562 റണ്‍സ് നേടി.മല്‍സരത്തിന് ഇറങ്ങുമ്പോള്‍ ചരിത്ര നേട്ടം കൈവരിക്കാന്‍ കോഹ്‌ലിക്ക് 17 റണ്‍സാണ് വേണ്ടിയിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ആര്‍സിബിക്ക് വേണ്ടി ഓപണറായെത്തിയ കോഹ്‌ലി 42 പന്തില്‍ 67 റണ്‍സെടുത്ത് പുറത്തായി. രണ്ട് സിക്‌സറുകളും എട്ട് ബൗണ്ടറികളും പായിച്ചു.
What's Your Reaction?






