ഗോഗുലം എഫ്‌സി പുറത്ത്, മൂന്ന് ഗോള്‍ ജയത്തോടെ എഫ്‌സി ഗോവ സൂപ്പര്‍ കപ്പ് 2025 ക്വാര്‍ട്ടറില്‍
ഗോഗുലം എഫ്‌സി പുറത്ത്, മൂന്ന് ഗോള്‍ ജയത്തോടെ എഫ്‌സി ഗോവ സൂപ്പര്‍ കപ്പ് 2025 ക്വാര്‍ട്ടറില്‍

സൂപ്പര്‍ കപ്പ് 2025 പ്രീ ക്വാര്‍ട്ടറില്‍ ഗോകുലം കേരള എഫ്‌സിക്ക് തോല്‍വി. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഗോകുലത്തിനെ തകര്‍ത്ത് എഫ്‌സി ഗോവ ക്വാര്‍ട്ടറില്‍ കടന്നു. മറ്റൊരു മല്‍സരത്തില്‍ ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തി പഞ്ചാബ് എഫ്സിയും ക്വാര്‍ട്ടറിലെത്തി.
സ്പാനിഷ് ഫോര്‍വേഡ് ഐകര്‍ ഗ്വാറോട്സെനയുടെ ഹാട്രിക് ആണ് ഗോകുലത്തിന്റെ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ തകര്‍ത്തത്. ആദ്യ പകുതിയില്‍ തന്നെ എഫ്‌സി ഗോവ രണ്ട് ഗോള്‍ ലീഡ് നേടിയിരുന്നു. ഐഎസ്എല്‍ ടീമായ എഫ്‌സി ഗോവയുടെ വേഗതയും സംഘാടനവുമായി പൊരുത്തപ്പെടാന്‍ ഗോകുലത്തിന് കഴിഞ്ഞില്ല.
തുടക്കം മുതല്‍ എഫ്സി ഗോവയ്ക്കായിരുന്നു പന്തിന്റെ നിയന്ത്രണം. ഇതോടെ ഗോകുലത്തിന് താളംകണ്ടെത്താനായില്ല. 23ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് എഫ്‌സി ഗോവ ആദ്യം വല കുലുക്കിയത്. ഗോവയുടെ ഡെജാന്‍ ഡ്രാസിക്കിനെ ബോക്‌സിനുള്ളില്‍ സലാം രഞ്ജന്‍ സിങ് ഫൗള്‍ ചെയ്ത ചെയ്തതോടെ റഫറി പെനാല്‍റ്റി നല്‍കാന്‍ നിര്‍ബന്ധിതനായി. പെനാല്‍റ്റി വഴങ്ങി തടയാന്‍ മാത്രമുള്ള അപകടകരമായ മുന്നേറ്റമായിരുന്നില്ല അത്.
ഗോള്‍കീപ്പര്‍ ഷിബിന്‍രാജ് കുന്നിലിനെ മറ്റൊരു വശത്തേക്ക് ആകര്‍ഷിച്ച് ഐകര്‍ ഗ്വാറോട്സെന പെനാല്‍റ്റി അനായാസം ലക്ഷ്യത്തിലെത്തിച്ചു. 12 മിനിറ്റിനുള്ളില്‍ ഗ്വാറോട്സെന രണ്ടാം ഗോള്‍ നേടി. ആകാശ് സാങ്വാന്‍ ഇടതു വിങില്‍ നിന്ന് അളന്ന് മുറിച്ച് നല്‍കിയ പന്ത് ഗ്വാറോട്സെന പിഴവൊന്നും കൂടാതെ വലയിലാക്കി.
ഇതേ വേദിയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഒഡീഷ എഫ്സിയെ 3-0 ന് പരാജയപ്പെടുത്തി പഞ്ചാബ് എഫ്സി ക്വാര്‍ട്ടറില്‍ കടന്നു. അസ്മിര്‍ സുല്‍ജിക്, എസെക്വല്‍ വിദാല്‍, നിഹാല്‍ സുദീഷ് എന്നിവരാണ് ഗോളുകള്‍ നേടിയത്. 14, 69, 90 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ക്വാര്‍ട്ടറില്‍ പഞ്ചാബ് ഗോവയെ നേരിടും.ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിനത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ചാമ്പ്യന്‍മാരായ ഈസ്റ്റ് ബംഗാളിനെ തകര്‍ത്തിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടറിലെത്തിയത്.
പുതിയ പരിശീലകന്‍ ഡോവിഡ് കറ്റാലയുടെ കീഴിലെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച അറ്റാക്കിങ് ഫുട്‌ബോള്‍ ആണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. രണ്ട് ഗോള്‍ ലീഡ് നേടിയിട്ടും പ്രതിരോധത്തിലേക്ക് വലിയാതെ ആക്രമണങ്ങള്‍ തുടരാനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മോഹന്‍ ബഗാന്‍ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.
What's Your Reaction?






