വമ്പൻ നീക്കം നടത്താൻ ക്രിസ്റ്റ്യാനോയുടെ അൽ നസർ; പണമെറിഞ്ഞ് പ്രീമിയർ ലീഗ് താരത്തെ വാങ്ങാൻ ശ്രമം
പ്രീമിയർ ലീഗ് താരത്തെ സ്വന്തമാക്കാൻ പണം വാരിയെറിയാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസർ എഫ്സി. മറ്റൊരു കിടിലൻ നീക്കം കൂടി നടന്നേക്കും.

പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന ക്ലബ്ബാണ് അൽ നസർ എഫ് സി. 2023 ജനുവരിയിലാണ് സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറിയത്. ക്രിസ്റ്റ്യാനോക്ക് പിന്നാലെ യൂറോപ്പിലെ മറ്റ് ചില വമ്പൻ കളിക്കാരെക്കൂടി അൽ നസർ സ്വന്തമാക്കി. സാദിയോ മാനെ, അയ്മെറിക് ലപ്പോർട്ടെ തുടങ്ങിയവർ കൂടി വന്നതോടെ അൽ നസർ കരുത്തുറ്റ ടീമായി മാറുകയും ചെയ്തു. എന്നാൽ താരനിബിഡമായ സ്ക്വാഡിനെ ലഭിച്ചിട്ടും പിന്നീട് മേജർ കിരീടങ്ങളൊന്നും നേടാൻ അൽ നസറിന് സാധിച്ചില്ല.
2023 ലെ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് മാത്രമാണ് അൽ നസറിൽ എത്തിയതിന് ശേഷം ക്രിസ്റ്റ്യാനോക്ക് നേടാനായത്. ഈ സീസണിലും സൗദി പ്രോ ലീഗ് കിരീടം ടീമിന് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അടുത്ത സീസൺ ലക്ഷ്യമാക്കിയുള്ള മുന്നൊരുക്കങ്ങളും അതുകൊണ്ടു തന്നെ അൽ നസർ ആരംഭിച്ചു കഴിഞ്ഞു.
2025-26 സീസണിൽ സ്ക്വാഡിനെ എല്ലാ രീതിയിലും ശക്തമാക്കി ലീഗ് കിരീടം സ്വന്തമാക്കുക എന്നത് തന്നെയാണ് അൽ നസറിന്റെ പ്രധാന ലക്ഷ്യം. ഇപ്പോളിതാ മുന്നേറ്റ നിര കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി പ്രീമിയർ ലീഗിൽ കളിക്കുന്ന ഒരു താരത്തെ അൽ നസർ നോട്ടമിട്ടതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നു.
നിലവിൽ വെസ്റ്റ് ഹാം യുണൈറ്റഡിന് വേണ്ടി കളിക്കുന്ന ഘാന മുന്നേറ്റ താരം മുഹമ്മദ് കുഡുസിനെ ടീമിലേക്ക് കൊണ്ടു വരാനാണ് അൽ നസർ ശ്രമം. ഇരുപത്തിനാലുകാരനായ ഈ മുന്നേറ്റ താരത്തെ വാങ്ങാൻ 100 മില്ല്യൺ യൂറോ മുടക്കാൻ അൽ നസർ തയ്യാറാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ആസ്റ്റൺ വില്ലയിൽ നിന്ന് ജോൺ ഡുറാനെ വൻ തുകക്ക് അൽ നസർ വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രീമിയർ ലീഗിൽ നിന്ന് മറ്റൊരു കളിക്കാരനെയും അൽ അലാമി എന്ന് വിളിക്കപ്പെടുന്ന അൽ നസർ നോട്ടമിട്ടിരിക്കുന്നത്.
What's Your Reaction?






