സൈനിക നീക്കവുമായി പാകിസ്താൻ; ഇന്ത്യയുടെ വാർത്താ സമ്മേളനം രാവിലെ 10 മണിയ്ക്ക്
അതിർത്തിയിൽ പാകിസ്താൻ നിരന്തര പ്രകോപനം തുടരുന്നതിനിടെയാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ വിദേശകാര്യ സെക്രട്ടറിയായിരുന്നു മാധ്യമങ്ങളെ കണ്ടത്

ഹൈലൈറ്റ്:
- സൈനിക നീക്കവുമായി പാകിസ്താൻ
- വാർത്താസമ്മേളനം രാവിലെ 10ന്
- അതിർത്തിയിൽ പാക് ആക്രമണം തുടരുന്നു
ന്യൂഡൽഹി: ഇന്ത്യ - പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ രാവിലെ 10 മണിയ്ക്ക് വാർത്താ സമ്മേളനം വിളിച്ച് ഇന്ത്യൻ ആർമി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും മാധ്യമങ്ങളെ കണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാവിലെ 05:45ന് സൈന്യം വാർത്താസമ്മേളനം വിളിച്ചിരുന്നെങ്കിലും പിന്നീട് 10 മണിയിലേക്ക് മാറ്റുകയായിരുന്നു.
വിദേശകാര്യമന്ത്രലയമാണ് കഴിഞ്ഞദിവസങ്ങളിൽ വാർത്താസമ്മേളനം നടത്തിയതെങ്കിൽ മന്ത്രിമാർ തന്നെ മാധ്യമങ്ങളെ കാണാൻ എത്തുന്നെന്ന റിപ്പോർട്ടുകൾ വന്നതോടെ. എന്തായിരിക്കും മന്ത്രിമാർ പറയുകയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ഇന്നലെ രാത്രി ഇന്ത്യയിലെ 26 ഇടങ്ങളിലാണ് പാകിസ്താൻ ആക്രമണത്തിന് ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. രാവിലെ ആർമിയുടെ വാർത്താ സമ്മേളനം സൗത്ത് ബ്ലോക്കിൽ നടത്തും എന്ന് അറിയിച്ചതിനെത്തുടർന്ന് മാധ്യമങ്ങൾ ഇവിടേക്ക് എത്തിയിരുന്നു. എന്നാൽ പിന്നീട് സമയം മാറ്റിയതായി അറിയിക്കുകയായിരുന്നു.
ഇന്ത്യയിൽ വിവിധയിടങ്ങളിൽ പാകിസ്താൻ ആക്രമണം തുടരുകയാണ്. ശ്രീനഗറിലും പഞ്ചാബിൽ അമൃത്‍സറിലും ഇന്ന് രാവിലെയും തുടർച്ചയായ ആക്രമണ ശ്രമമുണ്ടായി. ജമ്മുവിൽ വിവിധയിടങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഇന്ത്യയ്ക്കെതിരെ സൈനിക ഓപ്പറേഷൻ ആരംഭിച്ചതായി പാകിസ്താൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക നീക്കങ്ങളിൽ വളരെ അധികം ആശങ്കയുണ്ടെന്നും, ഇരു രാജ്യങ്ങളും സ്ഥിതിഗതികൾ ശാന്തമാക്കണമെന്നും സിംഗപ്പൂർ ആവശ്യപ്പെട്ടു. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിഷയത്തിൽ ഇടപെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
What's Your Reaction?






