മേയ് ഡേ സന്ദേശം നൽകിയത് ക്യാപ്റ്റൻ സുമിത് സബർവാൾ; വിമാനത്തിന് 650 അടിക്ക് മുകളിലേക്ക് ഉയരാനായില്ല? എല്ലാ ബോയിങ് വിമാനങ്ങളും പരിശോധിക്കും

ന്യൂഡൽഹി: രാജ്യത്തെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ ബോയിങ് 787 വിമാനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും. ബോയിങ് 787 വിമാനങ്ങളിലെ സുരക്ഷ സംബന്ധിച്ച് പരിശോധന നടത്തുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
നിലവിൽ 34 ബോയിങ് 787 ഡ്രീംലൈനറുകളാണുള്ളത്. എല്ലാ വിമാനങ്ങളുടെയും നിരീക്ഷണവും സാങ്കേതിക പരിശോധനയും വിപുലീകരിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു. ഇതുവരെ എട്ട് ഡ്രീംലൈനറുകൾ പരിശോധിച്ചു. പരിശോധനകൾ തുടരുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുമെന്നും കേന്ദ്രം അറിയിച്ചു.
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുകയാണ്. ഹൃദയഭേദകമാമായ സംഭവമാണുണ്ടായതെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഗുജറാത്ത് അധികൃതരുമായി ഏകോപിപ്പിച്ച് പ്രവർത്തനം തുടരുകയാണ്. നടപടിക്രമങ്ങൾ വൈകാതെ പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം 650 അടി ഉയർത്തിൽ നിന്ന് 242 പേരുമായി താഴേക്ക് പതിക്കുകയായിരുന്നു. 232 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമാണ് അഹമദാബാദ് വിമാനത്താവളത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള മേധാനിനഗറിൽ തകർന്ന് വീണ വിമാനത്തിലുണ്ടായിരുന്നത്.
വിമാനം തകർന്നുവീഴുന്നതിന് ഏതാനം സെക്കൻ്റുകൾക്ക് മുൻപ് മേയ് ഡേ സന്ദേശം എയർ ട്രാഫിക് കൺട്രോണിന് (എറ്റിസി) ലഭിച്ചു. എറ്റിസി തിരികെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വൈകാതെ വിമാനം തർന്നുവീഴുകയും ചെയ്തു. 650 അടി ഉയരത്തിന് മുകളിലേക്ക് വിമാനത്തിന് ഉയരാൻ സാധിച്ചില്ലെന്നും ഇതോടെയാണ് മേയ് ഡേ സന്ദേശം എറ്റിസിക്ക് കൈമാറിയതെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ബ്ലാക് ബോക്സിലെ വിവരങ്ങളിൽ നിന്ന് ഇക്കാര്യങ്ങൾ വ്യക്തമാകും.
What's Your Reaction?






