നിലമ്പൂരിൽ ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം പരിശോധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ; കയർത്ത് നേതാക്കൾ

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനം പരിശോധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനമാണ് പരിശോധിച്ചത്. വാഹനത്തിലുണ്ടായിരുന്ന പെട്ടി പരിശോധിയ്ക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്ത് സംസാരിച്ചു.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ നിലമ്പൂര്‍ വടപുറത്തായിരിന്നു സംഭവം. വാഹനത്തിൽ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു പെട്ടിയിലുണ്ടായിരുന്നത്.
വാഹന പരിശോധനക്കിടെയാണ് ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്ത് സംസാരിച്ചത്. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചു. ഏകപക്ഷീയമായ പരിശോധനയെന്ന് വിമർശിച്ചായിരുന്നു നേതാക്കൾ കയർത്തത്. സര്‍വീസിനുള്ള പാരിതോഷികം തരാമെന്നും ഓര്‍ത്തുവെച്ചോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നാണ് ഷാഫിയുടെ വിമർശനം. വാഹനം വടപുറത്ത് എത്തിയപ്പോള്‍ പോലീസ് കൈ കാണിച്ച് വാഹനം നിര്‍ത്തിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള പരിശോധനയാണെന്ന് അറിയിച്ചു. കാറിൻ്റെ ഡിക്കിയിലുണ്ടായിരുന്ന പെട്ടി താഴെയിറക്കി പരിശോധിക്കണമെന്നും പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്തനാകാതെ വന്നതോടെ ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രകോപിതരായത്.
What's Your Reaction?






