തീർത്ഥർ സ്വാമി സ്മരണയിൽ ആശ്രമം സ്കൂളിൻ്റെ നവതി ആഘോഷത്തിന് തുടക്കമായി.

ശിവഗിരി മഠത്തിൽ നടന്ന കഥാപ്രസംഗ കഥ സമ്മേളനത്തിൽ കഥാപ്രസംഗവും വർത്തമാനകാലവും എന്ന വിഷയത്തിൽ ലക്ഷ്മി ശിവൻ പ്രഭാഷണം നടത്തുന്നു.

Apr 28, 2025 - 21:39
തീർത്ഥർ സ്വാമി സ്മരണയിൽ ആശ്രമം സ്കൂളിൻ്റെ നവതി ആഘോഷത്തിന് തുടക്കമായി.

ശിവഗിരി : കോട്ടയം ആലപ്പുഴ ജില്ലകളിലെ വിവിധ മേഖലകളിൽ വലിയ പരിവർത്തനം സൃഷ്ടിച്ച ഗുരുദേവ ശിഷ്യപ്രമുഖനും കുറിച്ചി ആശ്രമം സ്കൂളിൻറെ സ്ഥാപകനുമായ സ്വാമി ശ്രീനാരായണ തീർത്ഥരുടെ സ്മരണകൾ ഇരമ്പുന്ന പശ്ചാത്തലത്തിലാണ് എ.വി സ്കൂളിൻറെ നവതി ആഘോഷം നടന്നു വരുന്നത്. ഗുരുദേവ ദർശനം ഉൾക്കൊണ്ട് വിദ്യാഭ്യാസം ശുചിത്വം മേഖലകൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്നു സ്വാമി കുറച്ചിയിലും പരിസരപ്രദേശങ്ങളിലും പ്രവർത്തനം കേന്ദ്രീകരിച്ചത്. കോട്ടയം ജില്ലയിലെ പാമ്പാടി ശിവദർശന ക്ഷേത്രത്തിലും ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിലും സേവനശേഷമാണ് കുറിച്ചി കേന്ദ്രമാക്കി പ്രവർത്തിച്ചുവന്നത്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, നീലംപേരൂർ തുടങ്ങി കുറിച്ചിയോട് ചേർന്നുള്ള പ്രദേശങ്ങളിലും സ്വാമി സാമൂഹിക മുന്നേറ്റത്തിന് വഴിതെളിച്ചു. സ്കൂൾ സ്ഥാപിച്ച വിദ്യാഭ്യാസ മേഖലയ്ക്ക് ഉണർവ് നൽകിയ സ്വാമി കുളി സംഘങ്ങൾ രൂപീകരിച്ച് താഴെത്തട്ടിൽ ഉള്ള വർഗ്ഗങ്ങളിൽ ശുചിത്വബോധം പകർന്നു നൽകുകയും ചെയ്തു. സംഘടനാ ബോധത്തിലേക്ക് ജനതയെ ആകർഷിക്കുന്നതിന് വേണ്ടി നാടകെ സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും ഗുരുദേവദർശനം പ്രചരിപ്പിക്കുന്നതിനും വേണ്ടി ഒട്ടനവധി ചെറു കൂട്ടായ്മകൾ രൂപീകരിക്കുകയുണ്ടായി.

ഈ കൂട്ടായ്മകൾ ഒക്കെയാണ് പിന്നാലെ എസ്.എൻ.ഡി.പി യോഗം ശാഖകളായി രൂപപ്പെട്ടത്. അതുവഴിയാണ് കോട്ടയം, ആലപ്പുഴ ജില്ലകളിൽ ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന്റെ ആദ്യകാല ശാഖകൾ അനവധി വന്നുചേർന്നത്. ആശ്രമം സ്കൂളിൽ പഠിക്കാൻ അവസരം കിട്ടിയത് പ്രദേശത്തെ അധസ്ഥിത പിന്നോക്ക വിഭാഗങ്ങളിൽ പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്കായിരുന്നു ഏറെയും. ഇന്നും എല്ലാ വിഭാഗങ്ങളിലും പെട്ട പഴമക്കാരും അവരിൽ നിന്നും ലഭ്യമായ അറിവ് വെച്ചുകൊണ്ട് തീർത്ഥർ സ്വാമിയെ സ്മരിക്കുന്നവരാണ് ഇവിടെയുള്ളത്. മിക്ക വീടുകളിലും ശ്രീനാരായണ ഗുരുദേവന്റെ ചിത്രത്തോടൊപ്പം ശ്രീനാരായണ തീർത്ഥർ സ്വാമിയുടെ ചിത്രവും ഇടം പിടിച്ചിട്ടുണ്ട്. 

ഗുരുദേവ കൃതികൾക്കൊപ്പം തീർത്ഥർ സ്വാമിയുടെ കൃതികളും പ്രഭാതത്തിലും സായാഹ്നത്തിലും ഭക്തരുടെ വീടുകളിൽ മുഴങ്ങിക്കേൾക്കാം. പഠനം നടത്തുന്നതിന് മറ്റ് ആശ്രയം ഒന്നുമില്ലാതിരുന്നപ്പോഴായിരുന്നു തീർത്ഥർ സ്വാമി കുറിച്ചിയിൽ സ്കൂൾ സ്ഥാപിച്ചത്. ഇവിടെനിന്ന് ഇറങ്ങിയ വിദ്യാർത്ഥികൾ വൈദ്യശാസ്ത്ര മേഖല ഉൾപ്പെടെ ജീവിതത്തിൻറെ വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.

ഇന്നും ഇവിടെ പഠിക്കുന്നവർ സാധാരണ കുടുംബങ്ങളിൽ നിന്നും ഉള്ളവരാണ് അധികവും. തീർത്ഥർ സ്വാമിയെ സ്മരിച്ചുകൊണ്ട് വർഷംതോറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി - അധ്യാപക സംഘടന എല്ലാവർഷവും സാഹിത്യ കലാ മത്സരങ്ങളും സ്കോളർഷിപ്പുകളും മഹാ അനുസ്മരണ സമ്മേളനവും നടത്തിവരുന്നു. ഇന്നലെ സമാരംഭിച്ച നവതി ആഘോഷങ്ങളും നവതി സ്മാരകമായി പണികഴിപ്പിച്ച സ്കൂളിൻറെ ബഹുനില മന്ദിര ഉദ്ഘാടനവും നാടിൻ്റെ പൊതു ആഘോഷമായി മാറ്റിയിരിക്കുകയാണ് പ്രദേശവാസികൾ. എം സി റോഡിൽ മന്ദിരം കവല മുതൽ സ്കൂൾ വരെ വിപുലമായ അലങ്കാരങ്ങൾ ചെയ്തിട്ടുണ്ട്. വിവിധ വർണ്ണ വൈദ്യുതി ദീപങ്ങൾ മിഴി തുറന്നത് വർണ്ണ വിസ്മയം ജനിപ്പിക്കുകയും ചെയ്യുന്നു.

എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം ചടങ്ങുകളിലേക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും എ.വി. ആശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദയും അഭ്യർത്ഥിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0