റബ്ബർ കൃഷിക്കായി പുതിയ ധനസഹായ പദ്ധതി വരുന്നു; ഈ 6 ജില്ലകളിലെ കർഷകർക്ക് നേട്ടമാകും; ഉദ്ഘാടനം ഉടനുണ്ടായേക്കും.

കേരളത്തിലെ റബ്ബർ കർഷകർക്ക് ആശ്വാസ വാർത്ത. ചെറുകിട കർഷകർക്ക് താരതമ്യേന ഉയർന്ന തോതിലുള്ള സബ്സിഡി വാഗ്ദാനം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള കേര പദ്ധതിയാണ് ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്നത്. സംസ്ഥാനത്തെ ആറ് ജില്ലകളിൽ പദ്ധതി നടപ്പിലാകും. റബ്ബറിന് പുറമെ ഏലം, കാപ്പി തുടങ്ങിയ വിളകൾക്കും കേര പദ്ധതിയിലൂടെ ധനസഹായം ലഭിക്കുന്നതാണ്. പദ്ധതിയുടെ കൂടുതൽ വിശദാംശം ചുവടെ ചേർക്കുന്നു.
എന്താണ് കേര പദ്ധതി?
ലോകബാങ്കിന്റെ ധനസഹായത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച കൃഷി വ്യാപന പദ്ധതിയാണ് 'കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ മോഡണൈസേഷൻ' എന്ന കേര പദ്ധതി. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് മുഖേനയാണ് സസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള റബ്ബർ, ഏലം, കാപ്പി എന്നിവയുടെ തൈകൾ വെച്ചുപിടിപ്പിക്കുന്നതിനുള്ള പ്രോത്സാഹനമാണ് കേര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി കർഷകർക്ക് സബ്സിഡി അനുവദിക്കും.
ലോകബാങ്കിൽ നിന്നും 1,700 കോടി രൂപയാണ് കേര പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായുള്ള ആദ്യ ഗഡുവായി ഏകദേശം 140 കോടി രൂപ ലോകബാങ്കിൽ നിന്നും ലഭിച്ചുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം അടുത്ത മാസം നടന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ ഈ വർഷം ജൂണിൽ തന്നെ സബ്‌സിഡി ലഭ്യമാകുമെന്നാണ് കൃഷിവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.
What's Your Reaction?






