കിറ്റക്സിനെ ക്ഷണിച്ച് ആന്ധ്രാ മന്ത്രി, കൈകൊടുത്ത് സാബു; ചർച്ചകൾക്കായി ആന്ധ്രയിലേക്ക്, ചന്ദ്ര ബാബു നായിഡുവുമായി കൂടിക്കാഴ്ച

Jun 8, 2025 - 13:52
കിറ്റക്സിനെ ക്ഷണിച്ച് ആന്ധ്രാ മന്ത്രി, കൈകൊടുത്ത് സാബു; ചർച്ചകൾക്കായി ആന്ധ്രയിലേക്ക്, ചന്ദ്ര ബാബു നായിഡുവുമായി കൂടിക്കാഴ്ച

കൊച്ചി: കിറ്റക്സിനെ ആന്ധ്രാ പ്രദേശിലേക്ക് ക്ഷണിച്ച് എൻ ചന്ദ്ര ബാബു നായിഡു സർക്കാർ. കിറ്റക്സിനെ ആന്ധ്രയിലേക്ക് ക്ഷണിക്കുകയാണെന്ന് ആന്ധ്രാ ടെക്സ്റ്റൈൽസ് മന്ത്രി എസ് സവിത പറഞ്ഞു. മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിൻ്റെ നിർദേശത്തെ തുടർന്നാണ് കിറ്റക്സിൽ എത്തിയത്. കിഴക്കമ്പലത്തെ കിറ്റക്സിൻ്റെ ആസ്ഥാനം സന്ദർശിച്ചു. വളരെ തൃപ്തികരമായിരുന്നു സന്ദർശനവും കൂടിക്കാഴ്ചയുമെന്ന് മന്ത്രി പറഞ്ഞു.

ആന്ധ്രയിൽ നിരവധി ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായുള്ള തുടർ ചർച്ചകൾക്കായി കിറ്റക്സിനെ ആന്ധ്രയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും മന്ത്രി എസ് സവിത പറഞ്ഞു. ആന്ധ്രാ പ്രദേശ് സർക്കാരിൻ്റെ ക്ഷണം സ്വീകരിച്ചതായും തുടർചർച്ചകൾക്കായി ആന്ധ്രയിലേക്ക് പോകുമെന്ന് കിറ്റക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് അറിയിച്ചു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിൻ്റെ സൗകര്യപ്രകാരം കൂടിക്കാഴ്ചയുടെ തീയതി നിശ്ചയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് ആഴ്ചകൾക്കുള്ളിൽ സാബു എം ജേക്കബ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഈ കൂടിക്കാഴ്ചയിലാകും എത്ര കോടി രൂപയുടെ നിക്ഷേപമാകും ആന്ധ്രയിൽ കിറ്റക്സ് ഗ്രൂപ്പ് നടത്തുകയെന്ന കാര്യത്തിൽ വ്യക്തത ഉണ്ടാകൂ. ചർച്ച വൈകാതെ നടപ്പാക്കുമെന്ന സൂചന മന്ത്രി സവിത പങ്കുവച്ചു.

സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപം എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മുൻപ് ഇക്കാര്യത്തിൽ സംസ്ഥാനം മുന്നിലായിരുന്നുവെങ്കിലും കുറച്ച് വർഷമായി പിന്നിലേക്ക് പോയി. ഈ സാഹചര്യം മാറ്റിയെടുക്കാനാണ് ശ്രമമെന്ന് ആന്ധാ മന്ത്രി സവിത പറഞ്ഞു.

ഇവിടെ ഒരു എംഎൽഎയും എൽഡിഎഫ് സർക്കാരും ബുദ്ധിമുട്ടിച്ചത് കൊണ്ടാണ് കേരളത്തിലെ എല്ലാ നിക്ഷേപങ്ങളും ഉപേക്ഷിച്ച് തെലങ്കാനയിലേക്ക് പോകേണ്ടിവന്നതെന്ന് സാബു ആരോപിച്ചു. 2021ൽ കേരള സർക്കാർ കിറ്റക്സിനെ ഒരുപാട് ഉപദ്രവിച്ച വർഷമായിരുന്നു. അതിനെ തുടർന്നാണ് കേരളത്തിൽ നിക്ഷേപിക്കാനിരുന്ന 3,500 കോടി രൂപ മാറ്റി ഇവിടെ നിന്നും മറ്റ് ഏതെങ്കിലും സംസ്ഥാനത്തേക്ക് നിക്ഷേപിക്കാൻ ആലോചിച്ചത്. ഇതിനിടെയാണ് തെലങ്കാനയിൽ നിന്ന് ക്ഷണം ലഭിക്കുന്നത്. അവിടെ നിന്നും ഒരു സ്വകാര്യ ജെറ്റ് ചാർട്ട് ചെയ്താണ് ഞങ്ങളെയും ടീമിനെയും ഇവിടെ നിന്ന് കൊണ്ടുപോയത്. തെലങ്കാനയിൽ 3,500 കോടി രൂപ നിക്ഷേപിക്കുന്നുണ്ടെന്നും സാബു പറഞ്ഞു.

ലോകത്തിൻ്റെ മൊത്തത്തിലുള്ള ട്രേഡ് സംവിധാനം തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. മാറുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയിൽ അത്രയധികം സാധ്യതകളുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0