ഓപ്പറേഷൻ സിന്ദൂറിനു ശേഷം റാഫേലിനെ ചൈന താഴ്ത്തിക്കെട്ടുന്നു?

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു ശേഷം റാഫേൽ യുദ്ധവിമാനങ്ങളുടെ ശേഷിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ചൈന ശ്രമിക്കുന്നതായി റിപ്പോർട്ട്. റാഫേൽ യുദ്ധവിമാനങ്ങളുടെ ശേഷിയെ താഴ്ത്തിക്കെട്ടി വിൽപ്പന തകർക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രചാരണം നടക്കുന്നുണ്ടെന്നും, ഇതിനെതിരെ ഫ്രാൻസ് എതിർ പ്രചാരണങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഫ്രഞ്ച് സൈനിക രഹസ്യാന്വേഷണ വൃത്തങ്ങളാണ് ചൈനയുടെ ഈ നീക്കത്തെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഫ്രഞ്ച് നിർമ്മിത റാഫേൽ വിമാനങ്ങൾ വാങ്ങാൻ സാധ്യതയുള്ളവരെ സ്വാധീനിക്കാൻ ചൈന അവരുടെ നയതന്ത്ര സൗകര്യങ്ങൾ ഉപയോഗിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ലോകമെമ്പാടുമുള്ള ചൈനീസ് എംബസികളിലെ പ്രതിരോധ അറ്റാഷെമാരെ ഉപയോഗിച്ചാണ് പ്രചാരണം. ഈ ഉദ്യോഗസ്ഥർ ചൈനീസ് നിർമ്മിത യുദ്ധവിമാനങ്ങളെ റാഫേൽ വിമാനത്തിന് മികച്ച ബദലായി അവതരിപ്പിക്കുകയാണ്.
ഡാസോൾട്ട് ഏവിയേഷൻ നിർമ്മിക്കുന്ന റാഫേൽ ഫ്രാൻസിന്റെ അഭിമാനമായി മാറിയ യുദ്ധവിമാനമാണ്. ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം ഈ വിമാനം സൈനിക ആവശ്യങ്ങൾ മാത്രമല്ല നിർവ്വഹിക്കുന്നത്. ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളുമായി ഫ്രാൻസിന്റെ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്ന ഒരു പ്രധാന കയറ്റുമതി ഇനം കൂടിയാണിത്. ചൈന ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഏഷ്യൻ പ്രദേശങ്ങളിൽ റാഫേൽ വിമാനങ്ങൾക്ക് കാര്യമായ ഡിമാൻഡുണ്ട്. ഭാവിയിൽ അത് ഉയരുമെന്ന പ്രതീക്ഷയും ഫ്രാൻസിനുണ്ട്. ഇതിനെതിരായ നീക്കമാണ് ചൈന ഇപ്പോൾ നടത്തുന്നത്.
സ്വന്തം പ്രതിരോധ കയറ്റുമതി വിപുലീകരിക്കാനും പാശ്ചാത്യ സൈനിക സാങ്കേതിക ദാതാക്കളുടെ വിപണി വിഹിതം കുറയ്ക്കാനുമുള്ള ചൈനയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രചാരണം. ഫ്രഞ്ച് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികൾ പറയുന്നത്, ചൈനീസ് പ്രതിരോധ അറ്റാഷെമാർ റാഫേൽ ജെറ്റുകൾ വാങ്ങുന്നതിൽ നിന്ന് രാജ്യങ്ങളെ പിന്തിരിപ്പിക്കാനുള്ള പ്രചാരണം സജീവമായി നടത്തുന്നു എന്നാണ്.
What's Your Reaction?






