ആദ്യ കപ്പൽ പോലെയല്ല; 154 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ, ആസിഡുകളും ഗൺപൗഡറും

Jun 10, 2025 - 09:52
ആദ്യ കപ്പൽ പോലെയല്ല; 154 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ, ആസിഡുകളും ഗൺപൗഡറും

കോഴിക്കോട്: കേരള തീരത്ത് തീപിടിച്ച കപ്പലിലെ കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളെന്ന് റിപ്പോർട്ട്. കൊച്ചി പുറംകടലിൽ എംഎസ്സി എല്‍സ3 എന്ന കപ്പൽ മുങ്ങിയ ആഘാതത്തിൽ നിന്ന് കേരള തീരം മുക്തമാകുന്നതിന് മുന്നേയാണ് കേരള സമുദ്രാതിർത്തിയിൽ വീണ്ടും വലിയൊരു അപകടമുണ്ടായത്. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന വാന്‍ഹായ് 503 എന്ന ചരക്കുകപ്പലാണ് ഇത്തവണ അപകടത്തിൽപ്പെട്ടത്. ഈ കപ്പലിലെ 154 കണ്ടെയ്നറുകളിൽ അപകടരമായ വസ്തുക്കൾ ഉണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്

കപ്പലിലെ 154 കണ്ടെയ്നറുകളിൽ അസിഡുകളും ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് റിപ്പോർട്ടുകൾ. തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകുന്നത് കണ്ടെയ്നറുകളിലെ തീപിടിക്കുന്ന രാസവസ്തുക്കളാണ്. കണ്ടെയ്നറുകൾ ഇ‌ടയ്ക്കിടെ പൊട്ടിത്തെറിക്കുന്നുണ്ടെന്നാണു വിവരം. ഇതുകൊണ്ടുതന്നെ കോസ്റ്റ്ഗാർഡിനും നാവികസേനയ്ക്കും കപ്പലിന് അടുത്തെത്താൻ സാധിക്കുന്നില്ല.

കപ്പലിൻ്റെ എല്ലാ ഭാഗത്തും തീ പടർന്നിട്ടുണ്ട്. അന്തരീക്ഷവായുവുമായി കലർന്നാൽ എളുപ്പത്തിൽ തീപിടിക്കുന്ന രാസവസ്തുക്കളാണു കണ്ടെയ്നറുകളിലെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ ഏത് തരം രാസവസ്തുക്കൾ ആണ് ഇതെന്ന് വ്യക്തമല്ല. ഇവയുടെ വിശദാംശങ്ങൾ വന്നാൽ മാത്രമേ കപ്പലപകടം പരിസ്ഥിതിയെ എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമാകൂ.

നേരത്തെ കേരള തീരത്ത് മുങ്ങിയ എംഎസ്സി എൽസ 3യിൽ അപകടകരമായ കുറച്ചു കണ്ടെയ്നറുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ വാൻഹയിയിലെ ഭൂരിഭാഗം കണ്ടെയ്നറുകളും അപകടരമാണെന്നാണ് വിവരം. തീയണയ്ക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ ഈ കപ്പലും മുങ്ങുമെന്നുറപ്പാണ്. അങ്ങനെ വന്നാൽ കപ്പലിനുള്ളിലെ കണ്ടെയ്നറുകൾ കടലിൽ പതിക്കും. കപ്പലിലെ തീപിടിത്തം നിയന്ത്രിക്കാനായി കോസ്റ്റ് ഗാർഡിന്‍റെ അഞ്ച് കപ്പലുകളാണ് ബേപ്പൂരിൽ നിന്ന് 88 നോട്ടിക്കൽ മൈൽ മാറി നിലയുറപ്പിച്ചിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0