"അങ്കമാലിയിൽനിന്ന് ക്രോസ് കട്ട് ചെയ്ത് തിരൂർ വരെ...": മെട്രോ അല്ല, ആർആർടിഎസ് ആണ് കേരളത്തിന് യോജിച്ചതെന്ന് കേന്ദ്രം അറിയിച്ചതായി സുരേഷ് ഗോപി

കൊച്ചി: കേരളത്തിന് മെട്രോയെക്കാൾ ആർആർടിഎസ് സർവ്വീസുകളാണ് യോജിക്കുകയെന്ന് ഊർജ്ജ മന്ത്രാലയ വകുപ്പ് മന്ത്രി മനോഹർ ലാൽ പറഞ്ഞുവെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി . താൻ മെട്രോയുടെ കാര്യം സംസാരിക്കാൻ പോയപ്പോഴാണ് കേരളത്തിന് അനുയോജ്യം മെട്രോയല്ലെന്ന് മന്ത്രി പറഞ്ഞതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
നിലവിലെ മെട്രോ ലൈൻ അങ്കമാലിയിലേക്ക് എത്തിച്ച ശേഷം അവിടെ നിന്ന് റാപ്പിഡ് റെയിൽ ട്രാൻസ്ഫർ സിസ്റ്റം ട്രെയിനുകൾ ഓടിക്കുക എന്ന ആശയം സുരേഷ് ഗോപി മുമ്പോട്ടു വെച്ചു. അങ്കമാലിയിൽനിന്ന് ക്രോസ് കട്ട് ചെയ്ത് കൊടുങ്ങല്ലൂരിന്റെ വടക്കുഭാഗം ചേർന്ന്, നാട്ടിക, തൃപ്രയാർ, ചേറ്റുവ വഴി ഗുരുവായൂർ, പൊന്നാനി, തിരൂർ എന്നിവിടങ്ങളിലേക്ക് റെയിൽപ്പാത പണിയുകയാണ് വേണ്ടത്. ഇങ്ങനെ റെയിൽപ്പാത വന്നാൽ മെട്രോയെക്കാൾ വേഗത്തിൽ യാത്ര സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2019ൽ താൻ മെട്രോ റെയിൽ തൃശ്ശൂർ വരെ നീട്ടുന്നത് സംബന്ധിച്ച് സംസാരിച്ചപ്പോൾ എല്ലാവരും കളിയാക്കിയെന്നും എന്നാൽ അത് നടപ്പിലാകാനുള്ള സാഹചര്യമാണ് തെളിയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. 2024-ൽ ലോക്സഭാതിരഞ്ഞെടുപ്പ് നേരിട്ടപ്പോൾ വീണ്ടും ആ സ്വപ്നം താൻ ഉന്നയിച്ചു. ഇപ്പോഴും സ്വപ്നം സ്വപ്നമായി നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതെസമയം തൃശ്ശൂർ വരെയുള്ള മെട്രോ ലൈൻ നടപ്പിലാകാനുള്ള സാഹചര്യം എന്താണെന്ന് സുരേഷ് ഗോപി പറഞ്ഞില്ല
കേരളത്തിൽ എയിംസ് വരാത്തതിന് കാരണം മൂന്ന് ഓപ്ഷനുകൾ നൽകേണ്ടിടത്ത് കേരളം ഒരു ഓപ്ഷൻ നൽകിയതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു ഓപ്ഷനു വേണ്ടി വാശി പിടിക്കുന്നതിന്റെ കാരണം അന്വേഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
What's Your Reaction?






