മേൽപാലത്തിൽ 90 ഡിഗ്രി വളവ്; പൊതുമരാമത്തിലെ ഏഴ് എഞ്ചിനീയർമാർക്ക് സസ്പെൻഷൻ; നിർമാണ ഏജൻസി കരിമ്പട്ടികയിൽ

ഭോപ്പാൽ: മധ്യപ്രദേശിൽ 90 ഡിഗ്രി വളവോട് കൂടിയ റെയിൽവേ മേൽപാലം നിർമിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് സംസ്ഥാന സർക്കാർ. രണ്ട് ചീഫ് എഞ്ചിനീയർമാർ അടക്കം ഏഴ് എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു. ഭോപ്പാലിലെ ഐഷാബാഗിൽ നിർമിച്ച റെയിൽവേ മേൽപാലം തെറ്റായി രൂപകൽപന ചെയ്ത സംഭവത്തിലാണ് സർക്കാർ നടപടി. നിർമാണ ഏജൻസിയെയും പാലം രൂപകൽപന ചെയ്ത കൾസൾട്ടൻ്റിനെയും കരിമ്പട്ടികയിൽ പെടുത്താനും സർക്കാർ തീരുമാനിച്ചു
ഐഷ്ബാഗ് റെയിൽവേ മേൽപാലം നിർമാണത്തിലെ ഗുരുതരമായ അനാസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടതായും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എട്ട് പിഡബ്ല്യുഡി എഞ്ചിനീയർമാർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി മോഹൻ യാദവ് എക്സിലൂടെ അറിയിച്ചു.
രണ്ട് ചീഫ് എഞ്ചിനീയർമാർ അടക്കം ഏഴ് എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്യാനും വിരമിച്ച സീനിയർ എഞ്ചിനീയർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനുമാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. നിർമാണ ഏജൻസിയെയും പാലം രൂപകൽപന ചെയ്ത കൾസൾട്ടൻ്റിനെയും കരിമ്പട്ടികയിൽ പെടുത്തുന്നതിന് പുറമേ, മേൽപാലത്തിന് ആവശ്യമായ മാറ്റങ്ങൾ വരുത്താനായി കമ്മിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഐഷ്ബാഗിൽ 18 കോടി ചെലവഴിച്ചു നിർമിച്ച പാലത്തിനാണ് ഗുരുതര അപാകത സംഭവിച്ചത്. 90 ഡിഗ്രി വളവിൽ വാഹനങ്ങൾ എങ്ങനെ തിരിയുമെന്ന ചോദ്യവുമായി വ്യാപക വിമർശനം ഉയർന്നതോടെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. വിഷയം ട്രോളുകളിലും ഇടംപിടിച്ചിരുന്നു. അപാകത പരിഹരിച്ച ശേഷം മാത്രമേ പാലം ഉദ്ഘാടനം ചെയ്യൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
What's Your Reaction?






