മംദാനിയുടെ വിജയം ചിന്തിക്കാൻ പോലും കഴിയില്ല, മാന്യമായി പെരുമാറിയില്ലെങ്കിൽ ഫണ്ട് വെട്ടിക്കുറയ്ക്കും; ട്രംപിൻ്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി സൊഹ്‍റാൻ മംദാനിക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് . മേയറായ ശേഷം മാന്യമായി പെരുമാറിയില്ലെങ്കിൽ ന്യൂയോർക്ക് സിറ്റിക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. കമ്മ്യൂണിസ്റ്റായ മംദാനിയുടെ വിജയം ചിന്തിക്കാൻ പോലും കഴിയില്ലെന്നും ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
"ന്യൂയോർക്കിലെ മേയർ ആരായാലും അവർ മാന്യമായി പെരുമാറേണ്ടിവരും. അല്ലെങ്കിൽ ഫെഡറൽ സർക്കാർ അവരുടെ മേൽ സാമ്പത്തികമായി കടുത്ത നടപടികൾ സ്വീകരിക്കും"- ട്രംപ് മുന്നറിയിപ്പ് നൽകി. സൊഹ്‍റാൻ മംദാനി യുടെ വിജയം ന്യൂയോർക്ക് നഗരത്തെ വളരെ മോശമായി ബാധിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അതേസമയം ന്യൂയോർക്കിനെ അതേ നിലവാരത്തിൽ നിലനിർത്തുമെന്ന് ഇന്ത്യൻ വംശജൻ കൂടിയായ സൊഹ്‍റാൻ മംദാനി ഞായറാഴ്ച നടന്ന ടോക്ക് ഷോകളിൽ പ്രതികരിച്ചു.
ന്യൂയോർക്ക് നിവാസികളെ ഇരുട്ടിൽനിന്ന് പൂർണ ജീവിതത്തിലേക്ക് കടത്തുമെന്നാണ് സൊഹ്‍റാൻ മംദാനിയുടെ പ്രതികരണം. കമ്മ്യൂണിസ്റ്റാണെന്ന ചാപ്പകുത്തലും സൊഹ്‍റാൻ മംദാനി നിഷേധിച്ചു. കമ്യൂണിസ്റ്റാണോയെന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് "ഞാൻ കമ്മ്യൂണിസ്റ്റ് അല്ല" എന്ന് മംദാനി മറുപടി നൽകി.
ട്രംപിൻ്റെ പ്രതികരണങ്ങളോടും മംദാനി പ്രതികരിച്ചു. തൻ്റെ പോരാട്ടത്തിൻ്റെ ശ്രദ്ധ തിരിക്കാനാണ് പ്രസിഡൻ്റ് ശ്രമിക്കുന്നതെന്ന് മംദാനി പറഞ്ഞു. ട്രംപ് വഞ്ചിച്ച അധ്വാനിക്കുന്ന ജനങ്ങൾക്കുവേണ്ടിയാണ് തൻ്റെ പോരാട്ടമെന്നും സൊഹ്‍റാൻ മംദാനി വ്യക്തമാക്കി.
What's Your Reaction?






