പാക് ആക്രമണം: 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് രണ്ട് ആർമി ഉദ്യോഗസ്ഥരും, ഐഎഎഫുകാരനും ബിഎസ്എഫ് എസ്ഐയും

പാക് ആക്രമണം: 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് രണ്ട് ആർമി ഉദ്യോഗസ്ഥരും, ഐഎഎഫുകാരനും ബിഎസ്എഫ് എസ്ഐയും

May 11, 2025 - 10:41
പാക് ആക്രമണം: 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് രണ്ട് ആർമി ഉദ്യോഗസ്ഥരും, ഐഎഎഫുകാരനും ബിഎസ്എഫ് എസ്ഐയും

ന്യൂഡൽഹി: അതിർത്തി സംഘർഷഭരിതമായിരിക്കെ കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മു മേഖലയിൽ പാകിസ്താൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലും ഡ്രോൺ ആക്രമണത്തിലും കൊല്ലപ്പെട്ടത് നാല് ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ. ഇന്ത്യൻ ആർമിയിലെ രണ്ട് ഉദ്യോഗസ്ഥർ, ഒരു ഐഎഎഫ് ഉദ്യോഗസ്ഥൻ, ഒരു ബിഎസ്എഫുകാരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് വെടിനിർത്തൽ ധാരണ നിലവിൽ വരുന്നതിന് മുന്നേ നടന്ന ആക്രമണത്തിലാണ് ഇവർക്ക് ജീവൻ നഷ്ടപ്പെട്ടത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആർമിയിലെ ജെസിഒ (ജൂനിയർ കമ്മീഷൻഡ് ഓഫീസർ) സുബേദാർ മേജർ പവൻ കുമാർ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രിയിലെ റൈഫിൾമാൻ സുനിൽ കുമാർ (25) ആർ എസ് പുര സെക്ടറിൽ വെടിവെയ്പ്പിലും ഷെല്ലാക്രമണത്തിലും പരിക്കേറ്റാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പിന്നീട് മരണപ്പെടുകയായിരുന്നു.

ആർഎസ് പുര സെക്ടറിലെ അതിർത്തിയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിലാണ് ബിഎസ്എഫ് സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഇംതിയാസ് കൊല്ലപ്പെട്ടത്. ഐഎഎഫ് 36 വിങ്ങിലെ മെഡിക്കൽ അസിസ്റ്റൻ്റ് ആയിരുന്ന സെർജൻ്റ് സുരേന്ദ്ര കുമാർ മോഗ ഉധംപൂരിലും പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് നാല് ദിവസം മുൻപാണ് ഉധംപൂരിലേക്ക് മാറ്റിയത്.

രാജസ്ഥാനിലെ മെഹ്റാദാസി ഗ്രാമത്തിലുള്ള സുരേന്ദ്ര കുമാർ മോഗയുടെ കുടുംബത്തെ ശനിയാഴ്ചയാണ് സേന മരണവിവരം അറിയിച്ചത്. 65കാരിയായ അമ്മ നാനു ദേവി, ഭാര്യ സീമ, രണ്ട് കുട്ടികൾ എന്നിവരാണ് മോഗയുടെ വീട്ടിലുള്ളത്. ബെംഗളൂരുവിൽ നിന്ന് ഉധംപൂരിലെ സംഘർഷ മേഖലയിലെത്തിയതിന് പിന്നാലെ മോഗ കൊല്ലപ്പെട്ടതറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ. അദ്ദേഹത്തിൻ്റെ മൃതദേഹം പൂർണ്ണ സൈനിക ബഹുമതികളോടെ സംസ്കരിക്കും.

ആർ എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ ക്യാമ്പ് ചെയ്തിരുന്ന ബിഎസ്എഫ് യൂണിറ്റിന് നേരെ പാകിസ്താൻ സൈന്യം നടത്തിയ വെടിവെയ്പ്പിലാണ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസ് കൊല്ലപ്പെട്ടത്. 'അദ്ദേഹത്തോടൊപ്പം ഏഴ് പേർക്ക് കൂടി പരിക്കേറ്റിരുന്നു. ഇംതിയാസ് മരണത്തിന് കീഴടങ്ങി, ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്,' ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0