നിലമ്പൂർ മാത്രമല്ല, ഇന്ന് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ജനവിധി അറിഞ്ഞു; ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

Jun 24, 2025 - 17:39
നിലമ്പൂർ മാത്രമല്ല, ഇന്ന് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ജനവിധി അറിഞ്ഞു; ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

ന്യൂഡൽഹി: നിലമ്പൂരിന് പുറമേ, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള നാല് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും പ്രഖ്യാപിച്ചു. ഗുജറാത്തിലെ ഖഡി, വിസാവദർ, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, പശ്ചിമ ബംഗാളിലെ കാളിഗഞ്ച് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. പട്ടികജാതി സംവരണ മണ്ഡലമായ ഖഡിയിൽ ബിജെപിയും വിസാവദറിലും ലുധിയാന വെസ്റ്റിലും ആം ആദ്മി പാർട്ടി (എഎപി) യും വിജയിച്ചു. കാളിഗഞ്ചിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചു.

ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ഖഡിയിൽ പാ‍ർട്ടി സ്ഥാനാർഥിയായ രജേന്ദ്ര കുമാ‍ർ ധനേശ്വർ ഛാവ്‍ദ ആണ് വിജയിച്ചത്. 39,452 വോട്ടുകൾക്കാണ് രജേന്ദ്ര കുമാ‍റിൻ്റെ വിജയം. 99742 വോട്ടുകൾ ബിജെപി സ്ഥാനാ‍ർഥി പിടിച്ചപ്പോൾ രണ്ടാം സ്ഥാന‍ത്തെത്തിയ കോൺഗ്രസിൻ്റെ രമേഷ് ഭായ് ഛാവ്‍ദയ്ക്ക് 60,290 വോട്ടുകളാണ് ലഭിച്ചത്. ബിജെപി എംഎൽഎയായിരുന്ന കർസൻ സോളങ്കി അന്തരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.

സിറ്റിങ് സീറ്റായിരുന്ന വിസാവദറിലെ വിജയം എഎപിക്ക് അഭിമാനമായി. എഎപിക്കായി മത്സരിച്ച ഇറ്റാലിയ ഗോപാൽ 17554 വോട്ടുകൾക്കാണ് മണ്ഡലം നിലനിർത്തിയത്. എഎപി എംഎൽഎയായിരുന്ന ഭൂപേന്ദ്ര ഭയാനി രാജിവെച്ച് ബിജപിയിൽ ചേർന്നത് പാർട്ടിക്ക് തിരിച്ചടിയായിരുന്നു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തിനൊടുവിൽ മണ്ഡലം നിലനി‍ർത്താൻ സാധിച്ചത് പാർട്ടിക്ക് നേട്ടമായി. 75,942 വോട്ടുകൾ ഇറ്റാലിയ ഗോപാൽ പിടിച്ചപ്പോൾ ബിജെപിയുടെ കിരിത് പട്ടേലിന് 58,388 വോട്ടുകളാണ് ലഭിച്ചത്.

എഎപി എംഎൽഎയായിരുന്ന ഗു‍ർപ്രീത് ബസ്സി ഗോഗിയുടെ നിര്യാണത്തെ തുട‍ർന്നാണ് ലുധിയാന വെസ്റ്റ് ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചത്. 10,637 വോട്ടുകൾക്കാണ് എഎപി മണ്ഡലം നിലനിർത്തിയത്. എഎപിക്കായി മത്സരിച്ച സഞ്ജീവ് അറോറ 35,179 വോട്ടുകൾ പിടിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാ‍ർഥി ഭരത് ഭൂഷൺ അഷുവിന് 24,542 വോട്ടുകളാണ് ലഭിച്ചത്. മൂന്നാമതെത്തിയ ബിജെപി സ്ഥാനാ‍ർഥി ജിവാൻ ഗുപ്തയ്ക്ക് 20323 വോട്ടുകളാണ് നേടാനായത്.

സിറ്റിങ് സീറ്റായ കാളിഗഞ്ച് 50,049 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തൃണമൂൽ കോൺഗ്രസ് നിലനി‍ർ‌ത്തിയത്. തൃണമൂൽ എംഎൽഎയായിരുന്ന നസിറുദ്ദീൻ അഹമ്മദിൻ്റെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 1,02,759 വോട്ടുകളോടെ അലിഫ അഹമ്മദ് ആണ് മണ്ഡലം തൃണമൂലിനായി നിലനിർത്തിയത്. ബിജെപിക്കായി മത്സരിച്ച ആഷിഷ് ഘോഷിന് 52710 വോട്ടുകളും കോൺഗ്രസിനായി മത്സരിച്ച കബിൽ ഉദ്ദിൻ ഷെയ്ഖിന് 28348 വോട്ടുകളുമാണ് ലഭിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0