'നമുക്കൊന്നുമില്ലാത്ത ആരോഗ്യം വിഎസിനുണ്ട്, ഈ പ്രതിസന്ധിയെ മറികടക്കുമെന്ന് പ്രതീക്ഷ'

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ്റെ നില ഗുരുതരമായി തുടരുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് അനുകൂലമായ ഘടകമാണ്. നമുക്കെല്ലാം അറിയാവുന്നതുപോലെ വിഎസ് ഒരു അസാധാരണ സഖാവാണ്. വൈദ്യശാസ്ത്രത്തിൻ്റെ സഹായവും വിഎസിൻ്റെ നിശ്ചയദാർഢ്യവും കൊണ്ട് അപകടനില തരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും എംഎ ബേബി പറഞ്ഞു. വിഎസ് അച്യുതാനന്ദൻ ചികിത്സയിൽ കഴിയുന്ന പട്ടം എസ്യുടി ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"നമുക്കെല്ലാം അറിയാവുന്നതുപോലെ വിഎസ് ഒരു അസാധാരണ സഖാവാണ്. അദ്ദേഹത്തിൻ്റേത് അസാധാരണ ജീവിതമാണ്. ഇന്നലെ സർക്കാർ നിർദേശപ്രകാരം മെഡിക്കൽ കോളേജിൽനിന്നുള്ള ഉന്നതതല വിദഗ്ധ സംഘം ആശുപത്രിയിലെത്തി ചികിത്സ അവലോകനം ചെയ്തിരുന്നു. നിലവിൽ നടക്കുന്ന ചികിത്സ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം"- എംഎ ബേബി പറഞ്ഞു.
ചില പ്രയാസങ്ങൾ ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. മുൻപ് ചെയ്തിരുന്ന പ്രത്യേക തരത്തിലുള്ള ഡയാലിസിസ് വീണ്ടും തുടരാൻ ഡോക്ടർമാർ ആലോചിക്കുന്നുണ്ട്. വൈദ്യശാസ്ത്രത്തിൻ്റെ സഹായവും വിഎസിൻ്റെ നിശ്ചയദാർഢ്യവും കൊണ്ട് അപകടനില തരണം ചെയ്യുമെന്നാണ് പ്രതീക്ഷ. നമുക്കൊന്നുമില്ലാത്ത ആരോഗ്യമാണ് വിഎസിനുള്ളത്. ഈ ആരോഗ്യ പ്രതിസന്ധിയെ അദ്ദേഹം മറികടക്കുമെന്നും എംഎ ബേബി പ്രതീക്ഷ പങ്കുവെച്ചു.
What's Your Reaction?






