വർക്കല ശിവഗിരി തൊടുവേ പാലത്തിൻറെയും അപ്പ്രോച്ച് റോഡുകളുടെയും നിർമ്മാണ ഉദ്ഘാടനം ഏപ്രിൽ 10 ന്.

വർക്കല ശിവഗിരി തൊടുവ
തിരുവനന്തപുരം, കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രാവൻകൂർ സ്റ്റേറ്റ് കനാലിന്റെ (ടി.എസ് കനാൽ) തിരുവനന്തപുരം ജില്ലയിലെ വർക്കല നിയോജകമണ്ഡലത്തിൽ കൂടി കടന്നു പോകുന്ന ഭാഗത്തിന് കുറുകെ കിഫ്‌ബി ധനസഹായത്തോടെ നിലവിലുള്ള തൊടുവേ നടപ്പാലത്തിനു സമാന്തരമായി പുതിയ പാലവും അപ്പ്രോച്ച് റോഡുകളുടെയും നിർമ്മാണമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതിയിലൂടെ ചെറുകുന്നം - തൊടുവേ റോഡ്, കല്യാൺകുമാർ ജംഗ്ഷൻ - തൊടുവേ റോഡ്, ശിവഗിരി സെൻട്രൽ സ്കൂൾ റോഡ് എന്നിവയെ ശിവഗിരി - നടയറ റോഡുമായി ബന്ധിപ്പിക്കുന്നു. തൊടുവേ പാലം 75 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും, പാലത്തിൻറെ അപ്പ്രോച്ച് റോഡ് 164 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും നിർമ്മിക്കുന്നതോടൊപ്പം നിലവിലുള്ള ശിവഗിരി - നടയറ റോഡിനെ 311 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും പുനരുദ്ധരിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 10.46 കോടി രൂപ വിനിയോഗിച്ചാണ് പ്രസ്തുത പ്രവർത്തി നടപ്പിലാക്കുന്നത്.
ബ്രിട്ടീഷ് സർക്കാർ നിർമ്മിച്ച ഒരു നടപ്പാലം മാത്രമാണ് ടി.എസ് കനാലിനു കുറുകെ ഈ ഭാഗത്ത് നിലവിലുള്ളത്. പദ്ധതി പ്രകാരമുള്ള പാലവും അപ്പ്രോച്ച് റോഡുകളും യാഥാർഥ്യമാക്കുക വഴി ശിവഗിരി തൊടുവേ, ചെറുകുന്നം എന്നി പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശിവഗിരിയിലേക്ക് വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഏറ്റവും ദൂരം കുറഞ്ഞ മാർഗമായി മാറാനും സാധിക്കും. വർക്കല താലൂക്കിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളായ ശ്രീ നാരായണ കോളേജ്, ശ്രീ നാരായണ കോളേജ് ഓഫ് നഴ്സിംഗ്, ശ്രീ നാരായണ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ശ്രീ നാരായണ സീനിയർ സെക്കണ്ടറി സ്കൂൾ, ലൈറ്റ് ടു ബ്ലൈൻഡ് സ്കൂൾ, ശാരദാഗിരി സ്കൂൾ മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ശിവഗിരിയ്ക്ക് സമീപമുള്ള മറ്റ് ആരാധനാലയങ്ങളിലേക്കും മറ്റു സർക്കാർ/സർക്കാർ ഇതര സ്ഥാപനങ്ങളിലേക്കും എത്തിച്ചേരുന്നതിനു ഉപകാരപ്രദമാകുന്നതാണ് ടി പദ്ധതി.
മികച്ച ഗതാഗത സൗകര്യങ്ങൾ നിലവിലുള്ള നിയോജക മണ്ഡലങ്ങളിലൊന്നായ വർക്കലയുടെ സമഗ്ര വികസനത്തിൻറെ മറ്റൊരു നാഴികക്കല്ലായി മാറുമെന്നതിനോടൊപ്പം ടി പ്രദേശത്തു മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുക വഴി പൊതുജനങ്ങളുടെ ജീവിത നിലവാരത്തിന്റെ ഉന്നമനത്തിനും വഴി തെളിയിക്കുന്നതാണ് ഈ പദ്ധതിയെന്ന് അഡ്വ. വി.ജോയി എംഎൽഎ പറഞ്ഞു.പ്രസ്തുത പ്രവർത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഏപ്രിൽ 10,വൈകുന്നേരം 3.30-ന് ശിവഗിരി മഠത്തിന് സമീപത്തായി സംഘടിപ്പിക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് എംഎൽഎ അറിയിച്ചു.ചടങ്ങിൽ മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും.
What's Your Reaction?






