ആലപ്പുഴക്കാർ റെഡിയായിക്കോളൂ; ആനവണ്ടിയിൽ ഗവി യാത്ര പോകാം; തുക തുച്ഛം, ആസ്വദിക്കാനേറെ

ആലപ്പുഴയിലെ എടത്വയിൽനിന്ന് ഗവി ടൂർ പാക്കേജുമായി കെഎസ്ആർടിസി. ഒക്ടോബർ എട്ടിനാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പാക്കേജിൽ ഉച്ചഭക്ഷണവും ബോട്ടിങ്ങും എൻട്രി ഫീസും ബസ് ചാർജും ഉൾപ്പെടും. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്.

Apr 30, 2025 - 07:50
ആലപ്പുഴക്കാർ റെഡിയായിക്കോളൂ; ആനവണ്ടിയിൽ ഗവി യാത്ര പോകാം; തുക തുച്ഛം, ആസ്വദിക്കാനേറെ

ആലപ്പുഴ: 'ഓർഡിനറി' എന്ന സിനിമയിലൂടെയാണ് ഗവി എന്ന മനോഹര ഗ്രാമത്തെക്കുറിച്ചും അതിനു ചുറ്റുമുള്ള കാനനഭംഗിയെക്കുറിച്ചും പുറംലോകം കൂടുതൽ അറിയുന്നത്. പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗവിയിൽ കൊടുംവേനലിൽപോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തും.

പുൽമേടുകളാൽ സമ്പന്നമായ മൊട്ടക്കുന്നുകളും ഗവിയുടെ പ്രത്യേകതയാണ്. ഇവിടെ ഒരു കുന്നിൻപുറത്തുനിന്ന് നോക്കിയാൽ ശബരിമലയുടെ ഒരു വിദൂര ദർശനം ലഭിക്കും. അത്യപൂർവങ്ങളായ പുഷ്പങ്ങളും മരങ്ങളും ഇവിടെയെത്തുന്ന പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട്. പക്ഷിനിരീക്ഷകർക്കും ഏറ്റവും അനുയോജ്യമായ പ്രദേശമാണ് ഗവി. മലമുഴക്കി വേഴാമ്പൽ, മരംകൊത്തി മുതലായ 323 തരം പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ. കടുവ, ആന, പുലി, കരടി തുടങ്ങി വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല.

പശ്ചിമഘട്ടത്തിലെ പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോർപറേഷൻ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങൾ നിലവിലുണ്ട്. ഗവിയുടെ കാനനഭംഗി ആസ്വദിക്കാൻ അധികം ആളുകളും ആശ്രയിക്കുന്നത് ആനവണ്ടി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കെഎസ്ആർടിസിയെയാണ്. ആലപ്പുഴ ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന് ഗവി യാത്ര അടുത്തകാലത്തായുണ്ട്. ഇപ്പോഴിതാ എടത്വ ഡിപ്പോയിൽ നിന്നും ഗവി യാത്രയ്ക്ക് സൗകര്യം ഒരുക്കിയിരിക്കുകയാണ്.

ഒക്ടോബർ എട്ട് ഞായറാഴ്ചയാണ് ഡിപ്പോയിൽനിന്ന് യാത്ര പുറപ്പെടുന്നത്. ഗവി - എടത്വ യാത്ര ഒരു വേറിട്ട അനുഭവമാകുമെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. പച്ചപ്പുതപ്പണിഞ്ഞ മലനിരകളും കളകളാരവം മുഴക്കുന്ന അരുവികളും ഇതിനെല്ലാം ഇടയിൽ തങ്ങളുടെ ആഹാരം തേടി അലയുന്ന വന്യമൃഗങ്ങളും മനുഷ്യന്റെ കരവിരുതിൽ പിറന്ന ഡാമുകളും യാത്രയിലെ കാഴ്ചകളാണ്. ആങ്ങമൂഴി ചെക്ക്പോസ്റ്റ്, മൂഴിയാർ ഡാം, അപ്പർ മൂഴിയാർ, പെൻസ്റ്റോക്ക്, വ്യൂ പോയിന്റ്, കക്കി ഡാം, ആനത്തോട് ഡാം, പമ്പ ഡാം, ഗവി, ഗവി ഡാം, പുല്ലുമേട് റോഡ്, വള്ളക്കടവ്, വണ്ടിപ്പെരിയാർ, പരുന്തുംപാറ എന്നിവ കാണുവാനുള്ള സൗകര്യവും യാത്രയിൽ ഒരുക്കിയിട്ടുണ്ട്.

1550 രൂപയാണ് യാത്രയ്ക്ക് ചെലവാകുന്നത്. ഉച്ചഭക്ഷണവും ബോട്ടിങ്ങും എൻട്രി ഫീസും ബസ് ചാർജും പാക്കേജിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് എടത്വ ഡിപ്പോയുമായി ബന്ധപ്പെടാം. 9846475874, 9947059388.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0