ലിവർ കാൻസര്‍ തിരിച്ചറിയാൻ ഈ പേപ്പർ സെൻസർ മതി; ചെലവ് കുറഞ്ഞ എളുപ്പമാർഗ്ഗം കണ്ടെത്തിയത് ഇന്ത്യൻ ശാസ്ത്രജ്ഞർ

Jul 14, 2025 - 08:09
ലിവർ കാൻസര്‍ തിരിച്ചറിയാൻ ഈ പേപ്പർ സെൻസർ മതി; ചെലവ് കുറഞ്ഞ എളുപ്പമാർഗ്ഗം കണ്ടെത്തിയത് ഇന്ത്യൻ ശാസ്ത്രജ്ഞർ

ബെംഗളൂരു: ലിവർ കാൻസർ കണ്ടെത്താൻ ചെലവ് കുറഞ്ഞതും എളുപ്പമുള്ളതുമായ രീതി വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ. ഐഐഎസ്‌സിയിലെ (Indian Institute of Science) ഗവേഷകരാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ഒരു പേപ്പർ സെൻസർ ഉപയോഗിച്ചാണ് രോഗബാധ കണ്ടുപിടിക്കുന്നത്. ഈ സെൻസർ ഉപയോഗിച്ച് ലിവർ കാൻസറിന്റെ 'ജൈവ അടയാളം' എന്ന് വിശേഷിപ്പിക്കാവുന്ന ബീറ്റാ-ഗ്ലൂക്കുറോണിഡേസ് എന്ന എൻസൈമിനെ കണ്ടെത്താൻ കഴിയും. ടെർബിയം എന്ന ലോഹം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ലിവർ കാൻസറിന് മാത്രമല്ല, മറ്റു പല രോഗങ്ങളെയും തിരിച്ചറിയാൻ ഈ പുതിയ ടെസ്റ്റിങ് രീതി സഹായകമാകും.

ബീറ്റാ-ഗ്ലൂക്കുറോണിഡേസ് ലിവർ കാൻസറുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നത്. ലിവർ കാൻസറിന് പുറമെ സ്തനാർബുദം, കുടൽ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, വൃക്ക കാൻസർ, മൂത്രാശയ രോഗങ്ങൾ തുടങ്ങിയവയുമായെല്ലാം ഇത് ബന്ധപ്പെട്ടിരിക്കുന്നു.

ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നത് ഒരു ഷുഗർ ആസിഡായ ഗ്ലൂക്കുറോണിക് ആസിഡാണ്. എന്നാൽ ബീറ്റാ-ഗ്ലൂക്കുറോണിഡേസ് എന്ന എൻസൈം ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്ന ഈ ഷുഗറിനെ നീക്കം ചെയ്ത് വിഷാംശം പുറത്തുവിടാൻ അനുവദിക്കുന്നു. ഇത് കാൻസറിന് കാരണമാകാം. ലിവർ കാൻസറിന് പുറമെ സ്തനാർബുദം, കുടൽ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, വൃക്ക കാൻസർ, മൂത്രാശയ രോഗങ്ങൾ തുടങ്ങിയവയ്ക്കും കാരണമാകാം. ഈ ബീറ്റാ-ഗ്ലൂക്കുറോണിഡേസ് എന്ന എൻസൈമിനെ കണ്ടെത്തുകയാണ് പുതിയ ടെസ്റ്റ് ചെയ്യുന്നത്.

ഈ രോഗനിർണയ ഉപകരണം ഉണ്ടാക്കാൻ ഗവേഷകർ ടെർബിയം ആണ് ഉപയോഗിച്ചത്. ഇത് പച്ച നിറത്തില്‍ പ്രകാശമുണ്ടാക്കുന്ന ഒരു ലോഹമാണ്. അൾട്രാവയലറ്റ് (UV) പ്രകാശത്തിൽ പച്ച നിറത്തിൽ തിളങ്ങുന്ന ടെർബിയം അയോണുകൾ അടങ്ങിയ ഒരു ജെൽ സംഘം സൃഷ്ടിച്ചു. ഗ്ലൂക്കുറോണിക് ആസിഡിനെ രാസപദാർത്ഥങ്ങളുപയോഗിച്ച് "മാസ്ക്" ചെയ്ത 2,3-DHN എന്ന സംയുക്തം ഈ ജെല്ലിൽ ഉണ്ട്. ബീറ്റ-ഗ്ലൂക്കുറോണിഡേസ് ഈ ജെല്ലിലേക്ക് എത്തിയാൽ ഈ പഞ്ചസാര മാസ്ക് വേർപെടുത്തപ്പെടുന്നു. ഇതോടെ 2,3-DHN പുറത്തുവരുന്നു. ഇത് അൾട്രാവയലറ്റ് രശ്മികളെ സ്വാംശീകരിക്കുകയും ഈ എനർജിയെ ടെർബിയ അയോണുകളാക്കി മാറ്റുകയും ചെയ്യുന്നു. നല്ല തിളക്കമുള്ള പച്ച പ്രകാശമാണ് ഇതുവഴി സൃഷ്ടിക്കപ്പെടുക. സാധാരണ ഉപയോഗിച്ചു വരുന്ന ഉപകരണങ്ങളിൽ കൃത്യമായ റിസൾട്ട് കിട്ടാൻ ബുദ്ധിമുട്ടാണ്. ടെർബിയം പോലുള്ള ലോഹങ്ങൾ കൂടുതൽ നേരം പ്രകാശിക്കുന്നതിനാൽ കൃത്യമായ റിസൾട്ട് കിട്ടാൻ സഹായിക്കും

.ഈ കണ്ടുപിടുത്തം ഒരു വലിയ മുന്നേറ്റമാണ്. ലിവർ കാൻസർ കണ്ടെത്താൻ ലളിതവും ചെലവ് കുറഞ്ഞതുമായ ഒരു മാർഗ്ഗമാണിത്. ഇത് മറ്റു കാൻസറുകളും കണ്ടെത്താൻ സഹായിക്കുമെന്ന ഗുണവുമുണ്ട്. കൂടാതെ, ഈ സെൻസർ ഉപയോഗിക്കാൻ എളുപ്പമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0