ലയണൽ മെസ്സിയുടെ ഇന്റർ മയാമിയിൽ മറ്റൊരു ഇതിഹാസ താരം കൂടി വരാൻ സാധ്യത; വ‌മ്പൻ നീക്കം നടന്നേക്കും

കിടിലൻ നീക്കം നടത്താനുള്ള പദ്ധതികളുമായി ഇന്റർ മയാമി. ലയണൽ മെസിയുടെ ( Lionel Messi ) ക്ലബ്ബിലേക്ക് മറ്റൊരു ഇതിഹാസ താരം കൂടി എത്താൻ സാധ്യത. ആകാംക്ഷയിൽ ആരാധകർ.

Apr 30, 2025 - 08:39
ലയണൽ മെസ്സിയുടെ ഇന്റർ മയാമിയിൽ മറ്റൊരു ഇതിഹാസ താരം കൂടി വരാൻ സാധ്യത; വ‌മ്പൻ നീക്കം നടന്നേക്കും

2024-25 സീസണിന് ഒടുവിൽ മാഞ്ചസ്റ്റർ സിറ്റി വിടാൻ തീരുമാനിച്ച ബെൽജിയം സൂപ്പർ താരം കെവി‌ൻ ഡി ബ്രൂയിനെ സ്വന്തമാക്കാൻ ഇന്റർ മയാമിക്ക് ( Inter Miami CF ) താല്പര്യമുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ‌ദിവസം പുറത്തു വന്നിരുന്നു. ടീമിനെ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയൊരു സൂപ്പർ താരത്തെ നോട്ടമിടുന്ന ഇന്റർ മയാമി‌ ഫ്രീ ഏജന്റായി ഡി ബ്രൂയിനെ സ്വന്തമാക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇപ്പോളിതാ ഈ നീക്കം നടന്നേക്കില്ലെന്നും പകരം മറ്റൊരു സൂപ്പർ താരമാകും ഇന്റർ മയാമിയിലേക്ക് എത്തിയേക്കുക എന്ന‌ സൂചന പുറത്തു വന്നിരിക്കുന്നു. ലയണൽ മെസ്സിയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നത്.

കെവിൻ ഡി ബ്രൂയിന് പകരം അർജന്റൈൻ ഇതിഹാസവും തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളുമായ ഏഞ്ചൽ ഡി മരിയയെ ഇന്റർ മയാമിയിലേക്ക് കൊണ്ടുവരാൻ മെസ്സിക്ക് ( Lionel Messi ) താല്പര്യമുണ്ടെന്നാണ് സൂചന. ഈ നീക്കത്തിന് ക്ലബ്ബിനെ അദ്ദേഹം പ്രേരിപ്പിക്കുമെന്നും റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു.‌

നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെനഫിക്കയുടെ താരമാണ് ഡി മരിയ. ഈ സീസണിന് ഒടുവിൽ ക്ലബ്ബുമായുള്ള ഡി മരിയയുടെ കരാറും അവസാനിക്കാനിരിക്കുകയാണ്‌. നിലവിൽ 37 കാരനായ ഡി മരിയയും മെസ്സിയും അർജന്റൈൻ ടീമിൽ മാത്രമല്ല ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മനിലും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഒരുമിച്ച് ഇറങ്ങിയ 141 കളികളിൽ 16 ഗോളുകളാണ് ഇരുവരും.

അതേ സമയം ഡി ബ്രൂയിന് വേണ്ടിയുള്ള നീക്കത്തിൽ നിന്ന് ഇന്റർ മയാമി പിന്മാറിയേക്കുമെന്ന വാർത്ത ആരാധകരെ അമ്പരപ്പിക്കുന്നുണ്ട് എന്നതാണ് വാസ്തവം. നിലവിൽ ലോകത്തെ ഏറ്റവും മികച്ച മധ്യ നിര താരങ്ങളിൽ ഒരാളാണ് 33 കാരനായ ഡിബ്രൂയിൻ. ക്ലബ്ബ് കരിയറിൽ 643 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള അദ്ദേഹം, 153 ഗോളുകളും 260 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഇതിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 414 കളികളിൽ 106 ഗോളും 176 അസിസ്റ്റും അദ്ദേഹം നേടി. ഡി ബ്രൂയിനെ തഴഞ്ഞ് ഇന്റർ മയാമി ട്രാൻസ്ഫറിന്‌ പരിഗണിക്കാ‌‌ൻ സാധ്യതയുള്ള ഏഞ്ചൽ ഡി മരിയയും കിടിലൻ റെക്കോഡുള്ള താരമാണ്. ക്ലബ്ബ് ഫുട്ബോളിൽ 803 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ഡി മരിയ 194 ഗോളുകളും 276 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

അതേ സമയം 2023 ൽ ലയണൽ മെസ്സി എത്തിയതി‌ന് ശേഷമാണ് ഇന്റർ മയാമി ലോക പ്രശസ്തമാകുന്നത്. ക്ലബ്ബ് അവരുടെ ആദ്യ കിരീടം നേടിയതും മെസ്സിയുടെ വരവിന്‌ ശേഷമാണ്. മെസ്സിക്ക് പിന്നാലെ ലോകഫുട്ബോളിലെ മറ്റ് ചില സൂപ്പർ താരങ്ങളും ഇന്റർ മയാമിയിലേക്ക് എത്തി. പരിക്കിനെ തുടർന്ന് ഈ സീസണിൽ ഇന്റർ മയാമിയുടെ കുറച്ച് മത്സരങ്ങൾ ലയണൽ മെസ്സിക്ക് നഷ്ടമായിരുന്നു. എന്നിരുന്നാലും കളിച്ച എട്ട് മത്സരങ്ങളിൽ ആറ് ഗോളുകൾ നേടാനും രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കാനും താരത്തിനായി. ഇന്റർ മയാമിക്കായി ആകെ 47 മത്സരങ്ങൾ കളിച്ച മെസ്സി 40 ഗോളുകളും 20 അസിസ്റ്റുകളുമാണ് അവർക്കായി നേടിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0