മിസൈലാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ട വിവരം പങ്കുവെച്ചു; ഇറാനിലെയും ഇസ്രായേലിലെയും മലയാളികൾ സുരക്ഷിതര്‍

തിരുവനന്തപുരം: ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ഈ രാജ്യങ്ങളിലുള്ളവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് രാജ്യത്ത് ഉയർന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരാണ് ഇറാനിലും ഇസ്രായേലിലുമായി ഉള്ളത്. ഇപ്പോഴിതാ ഇരു രാജ്യങ്ങളിലുമുള്ള കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി.
മിസൈലാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ടതിൻ്റെ വിവരം ഇരുരാജ്യങ്ങളിലെയും കേരളീയര്‍ പങ്കുവച്ചു. ഇസ്രായേലിലെ ടെല്‍അവീവിലും ഇറാനിലെ ടെഹ്‌റാനിലും സാഹചര്യം ഗുരുതരമായി തുടരുകയാണ്. ഇറാനിലെ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ എംബിബിഎസ് പഠിക്കുന്ന 12 കേരളീയ വിദ്യാര്‍ഥികളും, ബിസിനസ് ആവശ്യത്തിനു ടെഹ്റാനിലേയ്ക്ക് പോയ കേരളീയ സംഘവുമാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടുള്ളത്
വിദ്യാർഥികൾ ഇപ്പോൾ അവരുടെ ഡോർമെറ്ററിയിൽ സുരക്ഷിതരാണ്. ഇവരുടെ വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുഖേന ടെഹാറാനിലെ ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചിട്ടുണ്ട്. ബിസിനസ്സ് സംഘം ടെഹ്‌റാനില്‍ നിന്നും തദ്ദേശീയരായ ഇറാനികളുടെ കൂടി സഹായത്തോടെ ഏകദേശം 10 മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള യെസ്ഡി എന്ന സ്ഥലത്തേക്കാണ് സുരക്ഷിതരായി മാറിയിട്ടുള്ളത്.
യെസ്ഡിയില്‍നിന്നും നാലു മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള ബന്ദര്‍അബ്ബാസ് തുറമുഖത്തുനിന്നു ജിസിസിയിലേക്ക് യാത്ര ചെയ്യാമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഇതേസമയം ഇറാനിലെ ഇന്ത്യന്‍ വിദ്യാർഥികളേയും പൗരന്മാരേയും റോഡ് മാര്‍ഗം അര്‍മേനിയയുടെ തലസ്ഥാനമായ യെരാവാനിലേക്ക് മാറ്റുന്നതിന് കേന്ദ്ര വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും നീക്കം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?






