കപ്പൽ അപകടം: കണ്ടെയ്നറുകൾ കേരള തീരത്തേക്കെത്തിയേക്കില്ല, സാധ്യത ഈ പ്രദേശങ്ങളിലേക്ക്

കൊച്ചി: അഴീക്കലിനടുത്ത് പുറംകടലിൽ തീപിടിച്ച ചരക്ക് കപ്പൽ വാൻഹായ് 503 ലെ കണ്ടെയ്നറുകൾ കേരള തീരത്തെത്താൻ സാധ്യത കുറവെന്ന് റിപ്പോർട്ട്. ദുരന്തത്തിൻ്റെ ആഘാതം നിലവിലെ സാഹചര്യത്തിൽ കേരളത്തെ കാര്യമായി ബാധിച്ചേക്കില്ലെന്നാണ് കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകൾ തമിഴ്നാട്, ശ്രീലങ്ക തീരങ്ങളിലടിയാനാണ് സാധ്യത. കേരള തീരത്തെത്താനുള്ള സാധ്യത പൂർണമായും തള്ളിക്കളയുന്നില്ലെന്നും കേന്ദ്രം പറയുന്നു.
അപകടമുണ്ടായ സ്ഥലത്ത് നിന്നും തെക്ക് - തെക്ക് കിഴക്കൻ ദിശയിൽ കണ്ടെയ്നറുകൾ നീങ്ങാനാണ് സാധ്യതയെന്നായിരുന്നു ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം ആദ്യം വിലയിരുത്തിയത്. വളരെ പതിയെ കണ്ടെയ്നറുകൾ നീങ്ങാനാണ് സാധ്യതയെന്നും ചില കണ്ടെയ്നറുകൾ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ തീരത്തടിയാൻ സാധ്യതയുണ്ടെന്നായിരുന്നു നിഗമനം. എന്നാൽ നിലവിൽ കാറ്റിൻ്റെ ഗതിയും വേഗവും, കണക്കിലെടുത്താണ് സാധ്യത കുറവാണെന്ന വിലയിരുത്തൽ.
കടലിൽ നിന്നും കണ്ടെയ്നറുകൾ കൂടുതലായി കേരള തീരത്ത് എത്തില്ലെന്ന വിലയിരുത്തൽ മാത്രമേ ഇപ്പോഴുള്ളൂ. കപ്പലിൽനിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നാൽ അതുമൂലമുണ്ടാകുന്ന ആഘാതങ്ങൾ ഇപ്പോൾ വിലയിരുത്തിയിട്ടില്ല. ഇന്നത്തോടെ കണ്ടെയ്റുകൾ തീരത്തടുക്കാൻ തുടങ്ങിയേക്കും. കേന്ദ്ര ഷിപ്പിങ് ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥ്, ഷിപ്പിങ് സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ എന്നിവർ ഇന്നലെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചീഫ് സെക്രട്ടറിമാരും ദുരന്തനിവാരണ അതോറിറ്റിയുടെയും പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. അതിലാണ് വിവരങ്ങൾ പങ്കുവെച്ചത്.
What's Your Reaction?






