എ സി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; കോട്ടയം, ആലപ്പുഴ ഭാഗങ്ങളിൽ നിന്ന് വരുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക

ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ പുതിയ പള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിങ് പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ (ജൂലൈ 12 ശനിയാഴ്ച) രാവിലെ 10 മണി മുതൽ 13 ഞായറാഴ്ച രാവിലെ ആറ് മണി വരെ എ സി റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തും. കോട്ടയം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കും ആലപ്പുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്.
കോട്ടയം - ആലപ്പുഴ വാഹനങ്ങൾ ഈ വഴി പോകണം
കോട്ടയം - ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് വരുന്ന ഭാര വാഹനങ്ങൾ തിരുവല്ല വഴി തിരുവല്ല അമ്പലപ്പുഴ റോഡിലൂടെ ദേശീയ പാതയിൽ എത്തിച്ചേരണം. കോട്ടയം - ചങ്ങനാശ്ശേരിയിൽ നിന്നും വരുന്ന ചെറു വാഹനങ്ങൾ എസി റോഡിലൂടെ സഞ്ചരിച്ച് മങ്കൊമ്പ് ജങ്ഷനിൽ നിന്ന് ചമ്പക്കുളം ഭാഗത്തേക്ക് തിരിഞ്ഞ് നെടുമുടി പഞ്ചായത്ത് ഓഫീസ് ജങ്ഷൻ വഴി ദേശീയ പാതയിലെ കാക്കാഴം റെയിൽവേ മേൽപ്പാലത്തിന് വടക്ക് വശത്തുള്ള എസ് എൻ കവലയിൽ വന്ന് ആലപ്പുഴയിലേക്ക് യാത്ര തുടരണം
.ആലപ്പുഴ - ചങ്ങനാശേരി വാഹനങ്ങൾ പോകേണ്ട റൂട്ട്
ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിക്ക് പോകുന്ന ഭാരവാഹനങ്ങൾ അമ്പലപ്പുഴ - തിരുവല്ല റോഡിലൂടെ ചങ്ങനാശ്ശേരിക്ക് പോകണം. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിക്ക് പോകുന്ന ചെറു വാഹനങ്ങൾ ദേശീയ പാതയിലെ എസ് എൻ കവലയിൽ നിന്നും കഞ്ഞിപ്പാടം - ചമ്പക്കുളം വഴി എ സി റോഡിലെ പൂപ്പള്ളിയിൽ ചെന്ന് ചങ്ങനാശ്ശേരിക്ക് യാത്ര തുടരണം
.കെഎസ്ആർടിസി ബസ് റൂട്ടുകളിലും മാറ്റം
ആലപ്പുഴ ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി, കൈനകരി കോലത്ത് ജെട്ടി, തട്ടാശ്ശേരി എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന ബസുകൾ കൈതവന കളർകോട് ജങ്ഷൻ വഴി വണ്ടാനം എസ് എൻ കവല, ചമ്പക്കുളം വഴി പൂപ്പള്ളി ജങ്ഷനിൽ എത്തി ചങ്ങനാശ്ശേരിക്കും മറ്റുള്ള സ്ഥലങ്ങളിലേക്കും പോകണം എന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.
What's Your Reaction?






