ഇനി രക്തത്തിനായി അലയേണ്ട; ഏത് ഗ്രൂപ്പ് രക്തവും എവിടെയുണ്ടെന്ന് ഒറ്റ ക്ലിക്കിൽ അറിയാം; ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍ വരുന്നു

തിരുവനന്തപുരം: രോഗികൾക്ക് രക്തം ലഭിക്കുന്ന ബ്ലഡ് ബാങ്കുകളെക്കുറിച്ചും അവയിലെ സ്റ്റോക്ക് സംബന്ധിച്ചുമെല്ലാമുള്ള വിവരങ്ങൾ തരുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ സംസ്ഥാന സർക്കാർ തയ്യാറാക്കുന്നു. രോഗിക്ക് ചേരുന്ന രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ച് തത്സമയ വിവരങ്ങള്‍ ഈ ആപ്പിലുണ്ടാകും. ഒരു കേന്ദ്രീകൃത സംവിധാനമായിരിക്കും ഇത്. 'ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍' എന്ന ഈ ആപ്പ് തയ്യാറാക്കുന്നത് സംസ്ഥാന ആരോഗ്യ വകുപ്പാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് രക്തത്തിന്റെ ലഭ്യത കൃത്യമായി അറിയാന്‍ ആപ്പ് മാത്രമല്ല, ഒരു പോര്‍ട്ടല്‍ കൂടി ഈ പദ്ധതിയുടെ ഭാഗമായി തയ്യാറാകും. ഈ വര്‍ഷം അവസാനത്തോടെ ഈ പോര്‍ട്ടല്‍ ജനങ്ങള്‍ക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാവുന്നതോടെ എവിടെ നിന്നും രക്തബാങ്കുകളിലെ വിവരങ്ങള്‍ ലഭ്യമാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
രക്തത്തിന്റെ ലഭ്യത ഉറപ്പ് വരുത്താനായി സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും ബ്ലഡ് സ്റ്റോറേജ് യൂണിറ്റുകളോ ബ്ലഡ് ബാങ്കുകളോ സജ്ജമാക്കിയിട്ടുണ്ട്. രക്തം ശേഖരിക്കുന്നത് മുതല്‍ ഒരാള്‍ക്ക് നല്‍കുന്നത് വരെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി ഡിജിറ്റല്‍ സംവിധാനം നടപ്പിലാക്കുകയും അപൂര്‍വ രക്തത്തിനായി കേരള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കുകയും ചെയ്തു. ഇതുകൂടാതെയാണ് ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍ സജ്ജമാക്കുന്നത്.
What's Your Reaction?






