അടിയും ഇടിയും ഏറ്റിട്ടും തളർന്നിട്ടില്ല, എന്നിട്ടാണോ സൈബർ ആക്രമണം; അന്നും ഇന്നും എന്നും ഈ 'തള്ളച്ചി' പാർട്ടിയോടൊപ്പം: നിലമ്പൂർ ആയിഷ

Jun 12, 2025 - 15:01
അടിയും ഇടിയും ഏറ്റിട്ടും തളർന്നിട്ടില്ല, എന്നിട്ടാണോ സൈബർ ആക്രമണം; അന്നും ഇന്നും എന്നും ഈ 'തള്ളച്ചി' പാർട്ടിയോടൊപ്പം: നിലമ്പൂർ ആയിഷ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ പിന്തുണച്ചതിൻ്റെ പേരിൽ സൈബർ ആക്രമണം നേരിടുന്നതിനിടെ പ്രതികരണവുമായി നാടക നടി നിലമ്പൂർ ആയിഷ . അടിയും ഇടിയും ഏറ്റിട്ടും തളർന്നിട്ടില്ല, എന്നിട്ടാണോ ഈ സൈബർ ആക്രമണത്തിന് മുന്നിലെന്ന് പറഞ്ഞ ആയിഷ എന്നും പാർട്ടിയോടൊപ്പം തന്നെയെന്നും പ്രതികരിച്ചു.

വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞെങ്കിൽ അവരോട് ക്ഷമിക്കുകയാണെന്നും സൈബറിടത്തെ വിദ്വേഷ പ്രചരണങ്ങളെക്കുറിച്ച് നിലമ്പൂർ ആയിഷ പറഞ്ഞു. '1950കളിലാണ് എൻ്റെ നാടക പ്രവേശനം, അത് പാർട്ടിയെ വളർത്താൻ ഉള്ള നാടകങ്ങൾ കൂടിയായിരുന്നു. അന്നത്തെ കാലത്ത് പട്ടിണിയും അടിയും ഇടിയും വെടിയും എല്ലാം ഏറ്റിട്ടും തളർന്നിട്ടില്ല. എന്നിട്ടാണോ ഇന്നത്തെ കാലത്തെ ഈ സൈബർ ആക്രമണം. അന്നും ഇന്നും എന്നും ഈ 'തള്ളച്ചി' പാർട്ടിയോടൊപ്പം തന്നെ. വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞെങ്കിൽ അവരോട് ക്ഷമിക്കുന്നു. കാര്യമാക്കുന്നില്ല.വിദ്വേഷം ഇല്ലാതെ പരസ്പര സ്നേഹത്തോടെ എല്ലാവർക്കും ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു' നിലമ്പൂർ ആയിഷ ഫേസ്ബുക്കിൽ കുറിച്ചു.

നിലമ്പൂർ ആയിഷയ്ക്കെതിരെ നടക്കുന്നത് നിന്ദ്യമായ സൈബർ ആക്രമണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. മുതിർന്ന നാടക നടിയും മലയാളത്തിന്‍റെ അഭിമാനവുമായ നിലമ്പൂർ ആയിഷക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളിൽ യുഡിഎഫ് അനുഭാവികളിൽ നിന്ന് നടക്കുന്ന നിന്ദ്യമായ സൈബർ ആക്രമണങ്ങളെ കേരളത്തിന്‍റെ സാംസ്കാരിക വകുപ്പ് മന്ത്രി എന്ന നിലയിൽ ശക്തമായി അപലപിക്കുന്നു. ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതും സാംസ്കാരികമായി അധഃപതിച്ചതുമായ ഒരു പ്രവണതയാണിതെന്നും മന്ത്രി പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്‍റെ പേരിൽ, ഒരു മുതിർന്ന കലാകാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തെറിവിളിക്കുന്നതും ഏറ്റവും ലജ്ജാകരമായ കാര്യമാണ്. ഇത് ഒരു ജനാധിപത്യ പ്രക്രിയയിൽ വിയോജിപ്പുകളെയും രാഷ്ട്രീയ നിലപാടുകളെയും ആരോഗ്യകരമായി സമീപിക്കാൻ കഴിയാത്തവരുടെ നിസ്സഹായതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0