അഖില ലോക അയ്യപ്പ ഭക്ത സംഗമം നടത്താൻ സംസ്ഥാന സർക്കാർ; ശബരിമലയുടെ ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: അഖില ലോക അയ്യപ്പ ഭക്തരുടെ സംഗമം സെപ്റ്റംബർ ആരംഭത്തിൽ പമ്പയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ശബരിമല യുടെ ചരിത്രത്തിൽ ഇതാദ്യമായാണ് സംസ്ഥാന സർക്കാർ അയ്യപ്പ ഭക്തരുടെ സംഗമം സംഘടിപ്പിക്കുന്നത്. ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ നടത്താനുദ്ദേശിക്കുന്ന അയ്യപ്പ സംഗമത്തിന്റെ തീയതിയും വിശദമായ പരിപാടികളും ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സെക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള പ്രശസ്ത വ്യക്തികളും സംഗമത്തിൽ പങ്കാളികളാകുമെന്നും മന്ത്രി അറിയിച്ചു. ശബരിമല മണ്ഡലകാല തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ കൂടുതൽ ഊർജ്ജിതമായി നടപ്പിൽവരുത്തും. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ എത്തിച്ചേരുന്ന അയ്യപ്പ സംഗമത്തിന് മുന്നോടിയായി ശബരിമലയും മറ്റിടങ്ങളും പൂർണസജ്ജമാവുന്ന നിലയിലേക്ക് പ്രവർത്തനങ്ങൾ നീങ്ങണമെന്നും മന്ത്രി യോഗത്തിൽ നിർദേശിച്ചു.
ശബരിമല തീർഥാടകർക്കായി ഇടത്താവളങ്ങളിലും ശബരിമലയിലും കിഫ്ബി ധനസഹായത്തോടെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ തന്നെ വിളിച്ചു ചേർക്കും. ഈ തീർഥാടന കാലത്ത് ഭക്തർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തീർഥാടന പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് മുൻപരിചയമുള്ള ഉദ്യോഗസ്ഥരുടെ സേവനങ്ങൾ പൂർണ്ണമായും ഉപയോഗിക്കുമെന്നും, തീർത്ഥാടന സമയത്ത് ശബരിമലയിൽ നിയോഗിക്കപ്പെടുന്ന എഡിഎമ്മിന്റെ നിയമനം നേരത്തെയാക്കുന്നതിന് തീരുമാനം കൈക്കൊണ്ടുവെന്നും മന്ത്രി പറഞ്ഞു.
What's Your Reaction?






