വിദേശ വിദ്യാർഥികൾക്ക് 'ഹാർവാഡ്' ഇനി സ്വപ്നം മാത്രമോ? ട്രംപിൻ്റെ കടുത്ത നടപടി

ഹാർവാഡ് സർവകലാശാലയ്ക്കെതിരെ നടപടിയുമായി യുഎസിലെ ഡൊണൾഡ് ട്രംപ് സർക്കാർ. സർവകലാശാലയുടെ സ്റ്റുഡൻ്റ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം സർട്ടിഫിക്കേഷൻ റദ്ദാക്കി. ഇതുസംബന്ധിച്ചു ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സർവകലാശാല അധികൃതർക്ക് കത്തയച്ചു. സർവകലാശാലയ്ക്കെതിരായ അന്വേഷണത്തിൻ്റെ ഭാഗമാണ് നടപടിയെന്ന് കത്തിൽ.

May 23, 2025 - 08:21
വിദേശ വിദ്യാർഥികൾക്ക് 'ഹാർവാഡ്' ഇനി സ്വപ്നം മാത്രമോ? ട്രംപിൻ്റെ കടുത്ത നടപടി

വാഷിങ്ടൺ: വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിൽനിന്ന് ഹാർവാഡ് സർവകലാശാലയെ വിലക്കി യുഎസിലെ ഡൊണൾഡ് ട്രംപ് സർക്കാർ. ഇതുസംബന്ധിച്ച കത്ത് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സർവകലാശാലയ്ക്ക് അയച്ചു. സർവകലാശാലയുടെ സ്റ്റുഡൻ്റ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം സർട്ടിഫിക്കേഷൻ സർക്കാർ റദ്ദാക്കി. ഇതോടെ യുഎസ് വിസയ്ക്കും എൻറോൾമെൻ്റിനുമായി സർവകലാശാലയ്ക്ക് വിദേശ വിദ്യാർഥികളെ സ്പോൺസർ ചെയ്യാനുള്ള അവസരം നഷ്ടമായി. നിലവിൽ സർവകലാശാലയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളുടെ നിയമപരമായ പദവി നഷ്ടപ്പെടുന്നതിന് വഴിവെച്ചേക്കാവുന്നതാണ് സർക്കാർ നീക്കമെന്നാണ് റിപ്പോർട്ട്.

സർവകലാശാലയ്ക്കെതിരെ നടക്കുന്ന അന്വേഷണത്തിൻ്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ് ഹാർവാഡിനെ അറിയിച്ചു. ഹാർവാർഡ് സർവകലാശാലയുടെ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം സർട്ടിഫിക്കേഷൻ റദ്ദാക്കിയെന്നും നടപടി ഉടൻ പ്രാബല്യത്തിൽ വരുമെന്നും ക്രിസ്റ്റി നോം കത്തിൽ അറിയിച്ചു. അക്രമം, ജൂതവിരുദ്ധത എന്നിവ വളർത്തിയതിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി കാമ്പസിൽ ഏകോപനം നടത്തിയതിനും സർവകലാശാലയ്ക്ക് പങ്കുണ്ടെന്നും കത്തിൽ പറയുന്നു.

വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതും അവരുടെ ഉയർന്ന ട്യൂഷൻ ഫീസ് പ്രയോജനപ്പെടുത്തുന്നതും കോടിക്കണക്കിന് ഡോളറിന്റെ എൻഡോവ്‌മെന്റുകൾ നേടാൻ സഹായിക്കുന്നതും സർവകലാശാലകൾക്കുള്ള ആനുകൂല്യമാണെന്നും അവകാശമല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം സർക്കാർ നീക്കം നിയമവിരുദ്ധമാണെന്ന് ഹാർവാഡ് സർവകലാശാല പ്രതികരിച്ചു. 140ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ സ്വാഗതം ചെയ്യാനുള്ള സർവകലാശാലയുടെ അംഗീകാരം സംരക്ഷിക്കുമെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെ, ഹാർവാഡ് സർവകലാശാലയ്ക്ക് സർക്കാരുമായുള്ള ഗവേഷണ കരാറുകൾ നഷ്ടപ്പെടുമെന്ന് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയിരുന്നു. ഹാർവാഡ് സർവകലാശാല ഒരു തമാശയാണെന്നും ട്രംപിൻ്റെ പ്രതികരണമുണ്ടായിരുന്നു. ഹാർവാർഡിനെ ഇനി ഒരു മാന്യമായ പഠന സ്ഥലമായി പോലും കണക്കാക്കാൻ കഴിയില്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളുടെയോ കോളേജുകളുടെയോ പട്ടികയിലും ഇതിനെ പരിഗണിക്കരുതെന്നും ട്രംപ് ആഹ്വാനം ചെയ്തിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0