ഈ മാസം മുതൽ എട്ട്‌ കിലോ കെ റൈസ്‌; സപ്ലൈകോയിൽനിന്ന്‌ രണ്ട്‌ തവണയായി വാങ്ങാം

Jul 2, 2025 - 10:02
ഈ മാസം മുതൽ എട്ട്‌ കിലോ കെ റൈസ്‌; സപ്ലൈകോയിൽനിന്ന്‌ രണ്ട്‌ തവണയായി വാങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മുതൽ സപ്ലൈകോയിൽനിന്ന്‌ എട്ട്‌ കിലോ കെ റൈസ്‌ വിതരണം ചെയ്യും. കാർഡുടമകൾക്ക്‌ രണ്ട്‌ തവണയായി അരി വാങ്ങാൻ കഴിയും. നിലവിൽ അഞ്ച്‌ കിലോയാണ്‌ നൽകുന്നത്‌. ഇതാണ് എട്ട് കിലോയാക്കി വർധിപ്പിച്ചിരിക്കുന്നത്. കെ റൈസും പച്ചരിയുമായി 10 കിലോ നൽകിയിരുന്നത്‌ തുടരും.

മട്ട, ജയ, കുറുവ ഇവയിൽ ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്‌. കിലോയ്‌ക്ക്‌ 42 - 47 നിരക്കിൽ പൊതുവിപണിയിൽനിന്ന്‌ വാങ്ങുന്ന അരി സംസ്ഥാന സർക്കാർ 33 രൂപയ്ക്കാണ്‌ വിതരണം ചെയ്യുന്നത്‌. കിലോയ്‌ക്ക്‌ 35 - 37 രൂപയ്‌ക്ക്‌ വാങ്ങുന്ന പച്ചരി 29 രൂപയ്‌ക്കാണ്‌ സപ്ലൈകോ വഴി നൽകുക.

അതേസമയം ജൂൺ മാസത്തെ റേഷൻ വിതരണം ഇന്നുവരെ നീട്ടിയിരുന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 3ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. നാല് മുതൽ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് 30 വരെ 75 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്.

ഇന്നലെ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയെ മന്ത്രി ജിആർ അനിൽ സന്ദർശിച്ചിരുന്നു. ഓണക്കാലത്ത് സംസ്ഥാനത്തിന് കൂടുതൽ അരിവിഹിതം ലഭ്യമാക്കുക എന്ന ആവശ്യം മന്ത്രി ഉന്നയിച്ചു. പി സന്തോഷ് കുമാർ എംപിയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0