'സഭ പറഞ്ഞതല്ല, ഞങ്ങൾ സോഷ്യൽ ബാലൻസ് കൊടുക്കുന്നതാണ്': സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റായതിൽ വിഡി സതീശൻ
സഭ പറഞ്ഞതു കൊണ്ട് കെപിസിസി പ്രസിഡണ്ടായ ആളല്ല സണ്ണി ജോസഫ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സോഷ്യൽ ബാലൻസിങ് കൊടുക്കുന്നതാണ്. സഭ തന്നോടോ കോൺഗ്രസ്സിനോടും ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈലൈറ്റ്:
- അടൂർ പ്രകാശും കെ മുരളീധരനുമടക്കം പല പേരുകൾ ചർച്ചയിലുണ്ടായിരുന്നു
- ആന്റോ ആന്റണിയുടെ പേര് സഭ നിർദ്ദേശിച്ചെന്ന ആരോപണം വന്നു
- സഭകളുടെ സ്വാധീനമില്ലെന്ന് വിഡി സതീശൻ
കൊച്ചി: സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിയമിതനായത് സഭ പറഞ്ഞ വഴിക്ക് കോൺഗ്രസ് വന്നതാണെന്ന ആരോപണത്തെ നിഷേധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"അതൊക്കെ തെറ്റായ ധാരണകളാണ്. ഒരു സഭയും കോൺഗ്രസ് നേതൃത്വത്തോട് സംസാരിച്ചിട്ടില്ല. എന്നോട് സംസാരിച്ചിട്ടില്ല. ഒരാളുടെ പേരും അവരാരും പറഞ്ഞിട്ടില്ല. കോൺഗ്രസ് ആലോചിച്ചെടുത്ത തീരുമാനമാണിത്. ഞങ്ങൾ നല്ല സോഷ്യല്‍ ബാലൻസ് കൊടുക്കുന്നതാണ്. എല്ലാ സമൂഹങ്ങളിലും കോൺഗ്രസ്സുമായി ബന്ധമുള്ള ആളുകളുണ്ടാകും. നല്ലൊരു സോഷ്യൽ ബാലൻസ് കോൺഗ്രസ് എപ്പോഴും ചെയ്യും. അതിന്റെ ഭാഗമായി ഇതിനകത്തും ഒരു സോഷ്യൽ ബാലൻസ് ഉണ്ടായിട്ടുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടികളെ പോലെയല്ല. കോൺഗ്രസ്സിൽ എല്ലാ മതജാതി വിഭാഗങ്ങളും അതിനകത്തുണ്ട്. എല്ലാവർക്കും ഒരു റെപ്രസെന്റേഷൻ സാധാരണ വരും. ആരും അരികുവൽക്കരിക്കപ്പെടില്ല," അദ്ദേഹം വ്യക്തമാക്കി.
അടൂർ പ്രകാശും കെ മുരളീധരനുമടക്കം പല പേരുകൾ ചർച്ചയിലുണ്ടായിരുന്നെങ്കിലും സണ്ണി ജോസഫ് കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള സജീവ ചർച്ചകളിൽ വന്നിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽക്ക് കോൺഗ്രസ്സിനകത്ത് ക്രിസ്ത്യൻ സഭകളുടെ ഇടച്ചിൽ വളരെ ഗൗരവകരമായ തലത്തിലേക്ക് പോയിരുന്നു. ക്രിസ്ത്യൻ സഭകളുടെ ഇടപെടലിലൂടെ ബിജെപിക്ക് ആദ്യമായി ഒരു പാർലമെന്റംഗത്തെ ലഭിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. കത്തോലിക്ക വോട്ടില്‍ വിള്ളല്‍ ഉണ്ടായി എന്ന് കെ മുരളീധരൻ തൃശ്ശൂരിലെ പരാജയത്തിനു ശേഷം പ്രസ്താവിക്കുകയും ചെയ്തു.
ആന്റോ ആന്റണിയുടെ പേര് ക്രിസ്ത്യൻ സഭകൾ മുമ്പോട്ടു വെച്ചെന്ന റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ എൻഐഎ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തുവെന്ന വെളിപ്പെടുത്തലിലൂടെ ആന്റോ ആന്റണി മുസ്ലിങ്ങൾക്കിടയിൽ അനഭിമതനായിരുന്നു.
1970കളിലാണ് സണ്ണി ജോസഫിന്റെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കെഎസ്‌യുവിലൂടെയാണ് സണ്ണി ജോസഫ് രംഗത്തെത്തുന്നത്. 2011 മുതൽ കണ്ണൂരിലെ പേരാവൂരിൽ നിന്നുള്ള എംഎൽഎയാണ് സണ്ണി ജോസഫ്. കോൺഗ്രസ് നേതൃനിരയിലെ സീനിയർ നേതാക്കളിലൊരാൾ കൂടിയാണ് ഇദ്ദേഹം.
കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്ന പേരുകാരിലൊരാളായ അടൂർ പ്രകാശ് എംപിയെ യുഡിഎഫ് കൺവീനറായി നിയമിച്ചിട്ടുണ്ട്. എംഎം ഹസന് പകരമായാണിത്. അതെസമയം സ്ഥാനമൊഴിയുന്ന കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ ക്ഷണിതാവാകും.പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരാണ് കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാർ.
സണ്ണി ജോസഫ് സുധാകരന്റെ അടുത്ത അനുയായിയാണ് അറിയപ്പെടുന്നത്. ഇതാണ് അദ്ദേഹത്തിലേക്ക് കോൺഗ്രസ് എത്താൻ കാരണമെന്നും ശ്രുതിയുണ്ട്. നിലവിൽ സണ്ണി ജോസഫ് യുഡിഎഫിന്റെ കണ്ണൂർ ജില്ലാ ചെയർമാനാണ്. കൊടിക്കുന്നിൽ സുരേഷ്, ടി.എൻ പ്രതാപൻ, ടി.സിദ്ദിഖ് എന്നിവരായിരുന്നു നിലവിൽ വർക്കിങ് പ്രസിഡന്റുമാർ.
What's Your Reaction?






