വെറുമൊരു തുറമുഖമല്ല, വിഴിഞ്ഞം മള്‍ട്ടിമോഡല്‍ ഹബ്ബ്; എൻഎച്ച് 66 കണക്ടിവിറ്റി റോഡ് 80 ശതമാനം പൂർത്തിയായി; തുരങ്കപാതയിലൂടെ ട്രെയിനുമെത്തും

വെറുമൊരു തുറമുഖമല്ല, വിഴിഞ്ഞം മള്‍ട്ടിമോഡല്‍ ഹബ്ബ്; എൻഎച്ച് 66 കണക്ടിവിറ്റി റോഡ് 80 ശതമാനം പൂർത്തിയായി; തുരങ്കപാതയിലൂടെ ട്രെയിനുമെത്തും

May 1, 2025 - 09:29
വെറുമൊരു തുറമുഖമല്ല, വിഴിഞ്ഞം മള്‍ട്ടിമോഡല്‍ ഹബ്ബ്; എൻഎച്ച് 66 കണക്ടിവിറ്റി റോഡ് 80 ശതമാനം പൂർത്തിയായി; തുരങ്കപാതയിലൂടെ ട്രെയിനുമെത്തും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷന് തയ്യാറായി നിൽക്കുമ്പോൾ തുറമുഖത്തേക്കുള്ള റോഡ്, റെയിൽ കണക്ടിവിറ്റി എപ്പോൾ പൂർത്തിയാകുമെന്നാണ് പ്രദേശവാസികൾ ഉൾപ്പെടെ ചോദിക്കുന്നത്. രാജ്യത്തെ പ്രധാന തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറുമ്പോൾ ഇവിടേക്ക് മികച്ച റോഡും, റെയിൽ കണക്ടിവിറ്റിയും പൂർത്തിയാകേണ്ടതും അത്യാവശ്യമാണ്. ദേശീയപാത 66 ലേക്കുള്ള കണക്ടിവിറ്റിയെക്കുറിച്ചും റെയിൽപാതയെക്കുറിച്ചും വിശദമായി അറിയാം.

വിഴിഞ്ഞം മള്‍ട്ടിമോഡല്‍ ഹബ്ബായാണ് പൂർത്തിയാകുന്നത്. ദേശീയ പാത 66ലേക്ക് ചുരുങ്ങിയ സമയത്തില്‍ പ്രവേശനം സാധ്യമാക്കുന്ന റോഡ് കണക്ടിവിറ്റി, ഭാവിയിലെ വര്‍ദ്ധിച്ച ചരക്ക് ഗതാഗതം സുഗമമാക്കാന്‍ കേരളത്തിലെ ആദ്യത്തെ ക്ലോവര്‍ലീഫ് ഇന്‍റര്‍ചേഞ്ച് എന്നിവ ഈ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും. നിർമാണം ഉടന്‍ ആരംഭിക്കുന്ന റെയില്‍ പാത രാജ്യത്തിന്‍റെ റെയില്‍ ശൃംഖലയുമായി തുറമുഖത്തെ നേരിട്ട് ബന്ധിപ്പിക്കും. തുറമുഖത്തു നിന്നുംകേവലം 15 കീ.മി. ദൂരമുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തുറമുഖത്തിന്‍റെ സംയോജിത കണക്റ്റിവിറ്റി പൂര്‍ണ്ണമാക്കുകയും ചെയ്യും.

റെയില്‍ കണക്ടിവിറ്റി യാഥാര്‍ഥ്യമാക്കാന്‍ 2028 ഡിസംബര്‍ വരെ സര്‍ക്കാരിന് സമയം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൊങ്കണ്‍ റെയില്‍വേയെ ഇതിന്‍റെ ഡിപിആര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. 10.7 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉളള റെയില്‍ പാതയാണ് തുറമുഖത്തേക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനുളള പാരിസ്ഥിതികാനുമതി ലഭിച്ചു. തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട പാതയുടെ 9.2 കിലോമീറ്ററും ടണല്‍ വഴിയാണ് കടന്ന് പോകുന്നത്. ഭൂമി ഏറ്റെടുക്കുന്നതടക്കം 1482.92 കോടി ചിലവാകും. റെയില്‍പാത യാഥാർഥ്യമാകുന്നത് വരെ താല്‍കാലിക സംവിധാനം എന്ന നിലയില്‍ കണ്ടെയിനര്‍ റെയില്‍ ടെര്‍മിനല്‍ സ്ഥാപിക്കാനുളള ചര്‍ച്ചകള്‍ റെയില്‍വേയുമായി നടക്കുകയാണ്.

വിഴിഞ്ഞം തുറമുഖത്തെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിന്‍റെ 80 ശതമാനം നിർമാണം പൂര്‍ത്തിയായിട്ടുണ്ട്. 6,000 കോടി രൂപ ചിലവഴിച്ച് തയ്യാറാക്കുന്ന തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡുകൂടി വരുന്നതോടെ ഈ പദ്ധതി വലിയ നേട്ടം ഉണ്ടാക്കും.വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ചേര്‍ന്ന് ഔട്ടര്‍ റിങ് റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ഈ റോഡുകള്‍ക്ക് ഇരുവശങ്ങളിലുമായി 2.5 കിലോമീറ്റര്‍ പ്രദേശം വിവിധങ്ങളായ വ്യവസായവും വാണിജ്യശാലകളും സ്ഥാപിക്കപ്പെടുന്നതോടുകൂടി തിരുവനന്തപുരത്തിന്‍റെ മുഖഛായ തന്നെ മാറ്റുന്ന ബൃഹത് പദ്ധതിയാകും ഇത്. ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മുറയ്ക്ക് എറണാകുളം മുതല്‍ തെക്കോട്ടുള്ള ഇതര ജില്ലകളിലും നിരവധി ലോജിസ്റ്റിക് പാര്‍ക്കുകളും വ്യവസായശാലകളും വരുമെന്ന് പ്രതീക്ഷിക്കുന്നു.

തിരുവനന്തപുരം ജില്ലയില്‍ ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍, ഔട്ടര്‍ റിങ് റോഡ്, വിഴിഞ്ഞം - കൊല്ലം - പുനലൂര്‍ വളര്‍ച്ചാത്രികോണം മുതലായവ യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാർഥ്യമാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇതിനായുള്ള പ്രാഥമിക അനുമതികളും നല്‍കിക്കഴിഞ്ഞു.

തുറമുഖ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക്, വിഴിഞ്ഞത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടി പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്. നിലവിലെ മത്സ്യബന്ധന തുറമുഖം ആധുനികവല്‍ക്കരിച്ച്, ആവശ്യമായ അധിക സൗകര്യങ്ങളും ബര്‍ത്തുകളും സ്ഥാപിക്കുവാനുള്ള പദ്ധതി ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പു നടപ്പിലാക്കുന്നതാണ്. ഇതിനായി 48 കോടി രൂപയുടെയും 25 കോടി രൂപയുടെയും രണ്ട് പദ്ധതികള്‍ എച്ച്ഇഡി തയ്യാറാക്കി പിഎംഎംഎസ്വൈ സ്കീമില്‍ നടപ്പിലാക്കുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ 256 കോടി രൂപ മുതല്‍മുടക്കില്‍ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഒരു പുതിയ മത്സ്യ ബന്ധന തുറമുഖം വിസില്‍, എവിപിപിഎല്‍ ഇവയുടെ സഹായത്തോടെ നിർമിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0