വീടിന് തൊട്ടടുത്ത് കാപ്പിത്തോട്ടത്തിൽവെച്ച് കാട്ടാന ആക്രമണം; മലയാളിക്ക് ദാരുണാന്ത്യം

Jun 9, 2025 - 07:11
വീടിന് തൊട്ടടുത്ത് കാപ്പിത്തോട്ടത്തിൽവെച്ച് കാട്ടാന ആക്രമണം; മലയാളിക്ക് ദാരുണാന്ത്യം

നീലഗിരി: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ചന്തക്കുന്ന് സ്വദേശി ജോയ് ആൻ്റണി (60) ആണ് മരിച്ചത്. വീടിന് 100 മീറ്റർ മാത്രം അകലെ കാപ്പിത്തോട്ടത്തിൽവെച്ചാണ് ആക്രമണമുണ്ടായത്. സംഭവസ്ഥലത്തുവെച്ച് തന്നെ ജോയിക്ക് ജീവൻ നഷ്ടമായി.

ആക്രമണത്തിന് ശേഷം പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനയെ വനം വകുപ്പ് സംഘമെത്തിയാണ് തുരത്തിയത്. മൃതദേഹം പന്തല്ലൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ശോശാമ്മ ആണ് ജോയിയുടെ ഭാര്യ. 17 ഉം 18 ഉം വയസ്സുള്ള രണ്ട് മക്കളുണ്ട്.

കേരള അതിർത്തിയോട് ചേർന്ന പന്തല്ലൂരിൽ വന്യജീവി ആക്രമണം പതിവാണ്. വന്യജീവി ആക്രമണങ്ങളെ നേരിടാൻ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം നാട്ടുകാർ നിരന്തരം ഉയർത്തിയിട്ടുണ്ട്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല.

മൂന്നു വയസ്സുകാരിയെ പുലി ആക്രമിച്ചു കൊന്ന സംഭവം അടക്കം പന്തല്ലൂരിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലാണ് അങ്കണവാടിയിൽനിന്ന് അമ്മയ്ക്കൊപ്പം നടന്നുപോകുയായിരുന്ന കുട്ടിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവം മേഖലയിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കാർ യാത്രികന് പരക്കേറ്റിരുന്നു. ഡിസംബറിൽ പ്രദേശവാസിയുടെ വീട് കാട്ടാന ആക്രമണത്തിൽ തകർന്നിരുന്നു. വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം ആക്രമണത്തിൽ തകർന്നു. ഭക്ഷ്യവസ്തുക്കൾ അകത്താക്കിയ ശേഷമായിരുന്നു ആന മടക്കം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0