ലോകത്തിലെ ഏറ്റവും ക്രൂരനായ പരമ്പര കൊലയാളി തഗ് ബഹ്റാം; ഉറുമാൽ ചുറ്റി കൊന്നു തീർത്തത് 931 പേരെ; ഇന്ത്യയിലെ 'തഗ് ലൈഫ്' സ്റ്റോറി

Jul 6, 2025 - 21:14
ലോകത്തിലെ ഏറ്റവും ക്രൂരനായ പരമ്പര കൊലയാളി തഗ് ബഹ്റാം; ഉറുമാൽ ചുറ്റി കൊന്നു തീർത്തത് 931 പേരെ; ഇന്ത്യയിലെ 'തഗ് ലൈഫ്' സ്റ്റോറി

'തഗ്' എന്ന ഇംഗ്ലീഷ് വാക്ക് കേൾക്കാത്തവർ ചുരുക്കമായിരിക്കും. 'തഗ് ലൈഫ്' എന്ന പ്രയോഗം ഇന്ന് സാധാരണമായി നാം ഉപയോഗിക്കാറുണ്ട്. എങ്ങനെയാണ് ഈ വാക്ക് ഇംഗ്ലീഷിന് ലഭിച്ചത്? അത് ഇന്ത്യയിൽ നിന്നാണ്! ഹിന്ദി വാക്കായ ഠഗ് (ठग) ആണ് ഇംഗ്ലീഷിലെ തഗ് ആയി മാറിയത്. വിദേശത്തുള്ള ഒരു ഭാഷയിലേക്ക് കയറിപ്പോകാൻ മാത്രം എന്ത് സ്വാധീനമാണ് ഈ വാക്ക് അക്കാലത്ത് ഉണ്ടാക്കിയത് എന്ന് ആര്‍ക്കും സംശയം തോന്നാം. അതിനു പിന്നിൽ ഒരു കഥയുണ്ട്. ഉത്തരേന്ത്യയില്‍ അക്കാലത്ത് ജീവിച്ചിരുന്ന ക്രൂരന്മാരായ 'ഠഗ്ഗു'കളുടെ കഥ.

ലോകത്തിലെ ഏറ്റവും ക്രൂരനായ പരമ്പ കൊലയാളി ആരെന്ന് ചോദിച്ചാൽ ഉത്തരമായി കിട്ടുക ഒരു ഇന്ത്യക്കാരന്റെ പേരാണ്. 'തഗ് ബഹ്റാം' എന്ന ബഹ്റാം ജമേദാർ. 1765നും 1840നും ഇടയില്‍ ഇന്നത്തെ ഉത്തർപ്രദേശിലെ അവധ് മേഖലയിൽ ജീവിച്ചിരുന്ന ഇയാൾ കൊലപ്പെടുത്തിയത് ബ്രിട്ടീഷ് റെക്കോർഡുകൾ പ്രകാരം 931 പേരെയാണ്. ഇതിൽ ഭൂരിഭാഗം കൊലപാതകങ്ങളും നടത്തിയത് കഴുത്ത് ഞെരിച്ചാണ്.

'കിങ് ഓഫ് ദി തഗ്സ്' എന്നാണ് അന്നത്തെ ബ്രിട്ടീഷുകാർ ഇയാളെ വിശേഷിപ്പിച്ചിരുന്നത്. ലോകത്തിൽ തന്നെ ഇത്രയധികം കൊലപാതകങ്ങൾ നടത്തിയിട്ടുള്ള ക്രിമിനലുകളില്ല.

18-19 നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ കൊള്ളയും കവർച്ചയും കൊലപാതകവുമെല്ലാം സാധാരണമെന്ന പോലെയാണ് നടന്നിരുന്നത്. ഈ പ്രശ്നത്തെ നേരിടാനായി ഈസ്റ്റ് ഇന്ത്യ കമ്പനി 'തഗ്ഗീ ആൻഡ് ഡികോയ്റ്റീ' എന്ന ഒരു വകുപ്പ് തന്നെ രൂപീകരിച്ചു. ഈ വകുപ്പിന്റെ തലവനായി 1830കളിൽ നിയമിതനായ ജേംസ് പാറ്റൺ ആണ് തഗ് ബഹ്റാമിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നത്. ഇയാളുമായി നടത്തിയ സംഭാഷണങ്ങളടക്കം വെച്ച് അദ്ദേഹം എഴുതിവെച്ച രേഖകളിൽ നിന്നാണ് തഗ് ബഹ്റാമിനെ ലോകം അറിയുന്നത്.

കവർച്ചയ്ക്ക് വേണ്ടിയായിരുന്നു തഗ് ബഹ്റാം നടത്തിയ ഭൂരിഭാഗം കൊലപാതകങ്ങളും. വളരെ അന്തസ്സുള്ള ജോലിയായാണ് തഗ് ബഹ്റാം കവർച്ചയെയും കൊലപാതകങ്ങളെയും കണ്ടിരുന്നത്. തന്നെ സാധാരണ കള്ളനായി കാണുന്നത് ബഹ്റാമിന് ഇഷ്ടമായിരുന്നില്ല. ഉയർന്ന ജാതിയിൽ പെട്ട താൻ ചെയ്യുന്ന മോഷണങ്ങളും കവർച്ചകളും സാധാരണക്കാരനായ ഒരാൾ ചെയ്യുന്നതു പോലെ കാണാൻ കഴിയില്ലെന്നാണ് തഗ് ബഹ്റാം ബ്രിട്ടീഷ് അധികാരികളോട് പറഞ്ഞത്. "ചോർ അല്ല ഠഗ്. ചോർ ബുദ്ധി കുറഞ്ഞവരും, തന്ത്രങ്ങൾ അറിയാത്തവരും അന്തസ്സില്ലാത്തവരുമാണ്. എന്നാൽ ഠഗ് കഠാര അണിഞ്ഞ് കുതിരപ്പുറത്ത് വരുന്ന നിർഭയനായ പോരാളിയാണ്. സാധാരണ കള്ളന്മാർ അവരെ വിശ്വസിച്ച് ഏൽപ്പിക്കുന്നവ മോഷ്ടിക്കും. എന്നാൽ ഠഗ്ഗുകൾ ഒരിക്കലും വിശ്വസിച്ച് ഏൽപ്പിക്കുന്നത് മോഷ്ടിക്കില്ല. ഹുണ്ടികക്കാരും മറ്റും സമ്പത്ത് സൂക്ഷിക്കാൻ ഏൽപ്പിച്ചാൽ അത് സംരക്ഷിക്കും. എന്നാൽ അതേ ഹുണ്ടികക്കാർ പണവുമായി യാത്ര ചെയ്യുകയാണെങ്കിൽ അവരെ കവർച്ച ചെയ്യാൻ ഠഗ്ഗുകൾക്ക് അവകാശമുണ്ട്," തഗ് ബഹ്റാമിന്റെ വാക്കുകളാണിവ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0