പ്ലസ് വൺ ആദ്യ അലോട്മെൻ്റ് ഇന്ന്; ആദ്യ ഓപ്ഷനിലെങ്കിൽ സ്ഥിരം പ്രവേശനം; പരിശോധിക്കേണ്ട് എങ്ങനെയെന്ന് അറിയാം
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെൻ്റ് ഇന്ന്. വൈകീട്ട് അഞ്ച് മണി മുതൽ ഓൺലൈനിൽ പട്ടിക പരിശോധിക്കാൻ കഴിയും

തിരുവനന്തപുരം: കേരള പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെൻ്റ് ഇന്ന് പ്രസിദ്ധീകരിക്കും. വൈകീട്ട് അഞ്ച് മണിയ്ക്കാണ് ആദ്യ അലോട്മെൻ്റ് വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കുക. ജൂൺ 3 ചൊവ്വാഴ്ച 10 മണി മുതൽ ജൂൺ 5 വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി വരെ വിദ്യാർഥികൾക്ക് സ്കൂളിൽ ചേരാൻ കഴിയും. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ പരിശോധിച്ചാണ് അലോട്‌മെൻ്റ് വിവരങ്ങൾ അറിയേണ്ടത്.
പ്ലസ് വൺ പ്രവേശനത്തിന് മൂന്ന് അലോട്‌മെൻ്റുകളാണുള്ളത്. ആദ്യ അലോട്‌മെൻ്റ് പ്രവേശനം പൂർത്തിയായശേഷം ജൂൺ 10ന് രണ്ടാം അലോട്‌മെൻ്റ് പട്ടിക പ്രസിദ്ധീകരിക്കും. ജൂൺ 16നാണ് മൂന്നാം അലോട്‌മെൻ്റ്. ജൂൺ 18 ബുധനാഴ്ച പ്ലസ് വൺ ക്ലാസ് ആരംഭിക്കും. മൂന്ന് അലോട്മെൻ്റ് പൂർത്തിയായിട്ടും അഡ്മിഷൻ ലഭിക്കാത്തവർക്ക് സപ്ലിമെൻ്ററി അലോട്‌മെൻ്റിനായി പുതിയ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കാൻ അവസരം ലഭിക്കും. ജൂൺ 28 മുതൽ ജൂലായ് 23 വരെയാണ് സപ്ലിമെൻ്ററി അലോട്‌മെൻ്റ്.
അലോട്‌മെൻ്റിൽ ആദ്യ ഓപ്ഷനിലെങ്കിൽ സ്ഥിരം പ്രവേശനം
നിങ്ങളുടെ അപേക്ഷയിലെ ആദ്യ ഓപ്ഷനിലാണ് അലോട്മെൻ്റ് ലഭിക്കുന്നതെങ്കിൽ പ്രവേശന ഫീസ് അടച്ച് സ്ഥിരം പ്രവേശനം നേടണം. അല്ലാത്ത വിദ്യാർഥികൾക്ക് ഉയർന്ന ഓപ്ഷനുകൾ ഒഴിവാക്കിയും സ്ഥിരം പ്രവേശനം നേടാം. മറ്റുള്ളവർക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി താത്കാലിക പ്രവേശനത്തിന് അവസരമുണ്ട്. ഇതിന് ഫീസ് അടയ്‌ക്കേണ്ടതില്ല
താത്കാലിക പ്രവേശനം നേടുന്നവർക്ക് അടുത്ത അലോട്മെൻ്റുകളിൽ ആദ്യ ഓപ്ഷൻ ലഭിച്ചില്ലെങ്കിൽ താത്കാലിക പ്രവേശനം നേടാനാകും. ഇതിന് ആദ്യംചേർന്ന സ്‌കൂളിൽനിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങണം. മൂന്നാമത്തെ അലോട്‌മെൻ്റിൽ സ്ഥിരം പ്രവേശനം നിർബന്ധമാണ്.
സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം
പ്ലസ് വൺ പ്രവേശനത്തിന് ബന്ധപ്പെട്ട ബോര്‍ഡില്‍ നിന്നു യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെങ്കില്‍ ഡിജിലോക്കര്‍ അല്ലെങ്കില്‍ ഔദ്യോഗിക വെബ് സൈറ്റില്‍നിന്നുള്ള സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉപയോഗിക്കാനാകും. പിന്നീട് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പ്രവേശന സമയത്ത് വിടുതല്‍, സ്വഭാവസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്
.സാമുദായിക സംവരണം പരിശോധിക്കാൻ എസ്എസ്എൽസി ബുക്കിലെ സമുദായവിവരങ്ങൾ മതിയാകും. എസ്എസ്എൽസി ബുക്കിൽനിന്നു വ്യത്യസ്തമായ സമുദായമാണ് സംവരണ വിഭാഗക്കാർ അപേക്ഷയിൽ നൽകിയിട്ടുള്ളതെങ്കിൽ റവന്യൂ വകുപ്പിൽനിന്ന് ജാതി സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
സ്ഥിര മേൽവിലാസം ഉൾപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും താലൂക്കിൻ്റെയും ബോണസ് പോയിൻ്റ് ലഭിക്കാൻ എസ്എസ്എൽസി ബുക്കിൽ ഈ വിവരങ്ങളുണ്ടെങ്കിൽ മറ്റു സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. അല്ലാത്തവർ റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കണം.
4,42,012 പ്ലസ് വൺ സീറ്റുകൾ
2025-26 അധ്യയന വര്‍ഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഓണ്‍ലൈനായി 4,62,768 അപേക്ഷകളാണ് ലഭിച്ചത്. സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,000 സീറ്റുകളിലേക്കാണ് അലോട്മെൻ്റ് നടക്കുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെൻ്റ് ക്വാട്ട, അണ്‍-എയ്ഡഡ് ക്വാട്ട ഉള്‍പ്പടെ സംസ്ഥാനത്ത് ആകെ 4,42,012 ഹയര്‍സെക്കണ്ടറി സീറ്റുകളാണുള്ളത്.
What's Your Reaction?






