ന്യാപകം' പാടാൻ അനന്തു ഇനിയില്ല; കണ്ണീരണിഞ്ഞ് നാട്, പ്രിയപ്പെട്ടവൻ്റെ വേർപാട് താങ്ങാനാകാതെ ഉറ്റവരും ഉടയവരും

മലപ്പുറം: 'ന്യാപകം മോദിതെ മനം ഏങ്കുതെ, ന്യാപകം വരക്ക്തെ ഉൾ തവിക്കുതെ...', മലപ്പുറം വഴിക്കടവ് മണിമൂളി ക്രൈസ്റ്റ് കിങ് ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ്മുറിയിൽനിന്ന് അനന്തു പാട്ടുപാടുമ്പോൾ സഹപാഠികളും അധ്യാപകരും കാതോർത്തിരിക്കും. പാട്ടുപാടാൻ മാത്രമല്ല, പഠിക്കാനും മിടുക്കൻ. സഹപാഠികളുടെയും അധ്യാപകരുടെയും പ്രിയപ്പെട്ടവൻ. എപ്പോഴും സന്തോഷത്തോടെ വർത്തമാനം പറയുന്നവൻ. പാട്ടും പ്രിയപ്പെട്ടവരും ഇല്ലാത്ത ലോകത്തേക്ക് അനന്തുവിന് വിട നൽകാൻ എത്തിയ സഹപാഠികൾക്കും അധ്യാപകർക്കും താങ്ങാനാകുന്നില്ല ആ വിയോഗം. അധ്യാപകരും സഹപാഠികളും ഒരുപോലെ കണ്ണീരോടെ പറയുന്നു, 'ഞങ്ങൾക്കിത് തീരാനഷ്ടം...'
വഴിക്കടവിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് ജീവൻ നഷ്ടമായ പത്താം ക്ലാസുകാരനായ അനന്തുവിന് നാട് കണ്ണീരോടെയാണ് യാത്രാമൊഴിയേകിയത്. അകാലത്തിൽ പൊലിഞ്ഞ 15 വയസ്സുകാരനെ അവസാനമായി കാണാൻ വീട്ടിലേക്കും ശ്മശാനത്തിലേക്കും വൻ ജനാവലി ഒഴുകിയെത്തി. മണിമൂളി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷമാണ് വീട്ടിലേക്ക് എത്തിച്ചത്. പ്രിയപ്പെട്ടവൻ്റെ ചേതനയറ്റ ശരീരം കണ്ട സഹപാഠികളും അധ്യാപകരും പൊട്ടിക്കരഞ്ഞു.
ഒരിക്കലും നികത്താവാനാത്ത സങ്കടമാണിത്. നല്ല മോനായിരുന്നു. എട്ടാം ക്ലാസിലാണ് ഇവിടേക്ക് വന്നത്. എട്ടിലും ഒൻപതിലുമൊക്കെ നല്ല കുട്ടിയായിരുന്നു. നല്ല പാട്ടുകാരനായിരുന്നു. സ്കൂളിലെ പ്രവർത്തനങ്ങളിലൊക്കെ മിടുക്കനായിരുന്നു. വർഷങ്ങൾക്ക് മുൻപ് സ്കൂളിലെ ഒരു വിദ്യാർഥി അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്. അതിന് ശേഷം ഇതാദ്യമാണ്. ഇന്നലെ രാത്രി ഇതറിഞ്ഞതുമുതൽ എന്താ പറയേണ്ടതെന്ന അവസ്ഥയിലാണ്"- കണ്ണീരോടെ അധ്യാപിക പറഞ്ഞു.
What's Your Reaction?






