നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി; പാലക്കാടും മലപ്പുറത്തും അതീവ ജാഗ്രത, കണ്ടെയ്‌മെൻ്റ് സോണുകളിലെ നിയന്ത്രണം ഇങ്ങനെ

കൊച്ചി: പാലക്കാട്, മലപ്പുറം ജില്ലകളിൽ നിപ സ്ഥിരീകരിച്ച രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി. ആകെ 345 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 211 , പാലക്കാട് 91, കോഴിക്കോട് 43 എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളവർ. പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവര്‍ക്കാണ് നിപ സംശയിച്ചത്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതോടെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിന് അയക്കുകയായിരുന്നു. ഇതിൽ പാലക്കാട് ചികിത്സയിലുള്ളയാള്‍ പോസിറ്റീവായി. രണ്ടുപേരുടെയും റൂട്ട് മാപ്പ് പുറത്തിറക്കിയിട്ടുണ്ട്.
മലപ്പുറം നിപ കേസ് റൂട്ട് മാപ്പ്
മലപ്പുറത്തെ 18കാരിയ്ക്ക് പനി ആരരംഭിച്ച ജൂൺ 23 മുതൽ ജൂലൈ രണ്ടിന് സംസ്കാര ചടങ്ങുകൾ നടന്ന ദിവസം വരെയുള്ള റൂട്ട് മാപ്പാണ് പുറത്തിറക്കിയത്. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കോണ്ടാക്ട് ട്രെയ്‌സിങ് ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാലക്കാട് നിപ രോഗബാധിതയുടെ റൂട്ട് മാപ്പ്
പാലക്കാട്ടെ നിപ രോഗിയ്ക്ക് പനി ആരംഭിച്ച ജൂൺ 25 മുതൽ ജൂലൈ ഒന്നിന് പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വരെയുള്ള റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമ്പര്‍ക്കപ്പട്ടികയില്‍ പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കണമെന്നും. സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം അവസാനമാണ് നിപ ബാധിച്ച രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ നിന്ന് 3 ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇവിടങ്ങളില്‍ നിശ്ചിത കാലയളവില്‍ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
What's Your Reaction?






